പരന്തൂർ പദ്ധതി പ്രദേശത്തേക്കുള്ള വിജയ്‌യുടെ സന്ദർശനം; പൊലീസും ടി.വി.കെ നേതൃത്വവും തമ്മിൽ തർക്കം
ചെന്നൈ: പരന്തൂർ പദ്ധതി പ്രദേശത്തേക്കുള്ള വിജയ്‌യുടെ സന്ദർശനത്തെ ചൊല്ലി പൊലീസും ടി.വി.കെ നേതൃത്വവും തമ്മിൽ തർക്കം. വിജയ് സമരക്കാരെ കാണുന്ന വേദിയെ ചൊല്ലിയാണ് തർക്കം ഉണ്ടായിരിക്കുന്നത്. കൂടിക്കാഴ്ച കല്യാണ മണ്ഡപത്തിൽ വെച്ച് മതിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ടി.വി.കെ അംഗങ്ങൾ. നാളെയാണ് വിജയ്‌യുടെ സന്ദർശനം.
പാർട്ടി ആരംഭിച്ച് ഒരു വർഷമായിട്ടും പൊതുജനങ്ങളെ കാണുന്നില്ലെന്ന വിമർശനം നേരിടാനാണ് നിലവിൽ പാർട്ടിയുടെ ശ്രമം. അതിനായി ഏതാണ്ട് 900 ദിവസങ്ങളായി പരന്തൂരിൽ ചെന്നൈയുടെ രണ്ടാമത്തെ വിമാനത്താവള പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ഗ്രാമീണരെ കാണാനാണ് വിജയ് ഒരുങ്ങുന്നത്.
ടി.വി.കെ നേതാവിന് ഗ്രാമങ്ങളിൽ ചുറ്റിനടന്ന് ആളുകളെ കാണാൻ കഴിയില്ലെന്നും ഗ്രാമവാസികളെ ഇൻഡോർ കല്യാണമണ്ഡപത്തിൽ മാത്രമേ കാണാവൂ എന്നും കാഞ്ചീപുരം ജില്ലാ പൊലീസ് പറഞ്ഞു.
എന്നാൽ ഇത് അനുവദിക്കാനാവില്ലെന്നാണ് പാർട്ടിയുടെ നിലപാട്.
വിജയ്‌യുടെ പാർട്ടി ഒരു വർക്ക് ഫ്രം ഹോം പാർട്ടി ആണെന്നും വിജയ് ഒരു വർക്ക് ഫ്രം ഹോം നേതാവാണെന്നും വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.
ചെന്നൈയിൽ രണ്ടാമത്തെ വിമാനത്താവളം സ്ഥാപിക്കാനുള്ള നിർദേശം 2022 ഓഗസ്റ്റിൽ അംഗീകരിച്ചത് മുതൽ 13 ഗ്രാമങ്ങളിലെ താമസക്കാർ പാരിസ്ഥിതികവും തൊഴിൽപരവുമായ ആശങ്കകൾ പ്രകടിപ്പിച്ച് പ്രക്ഷോഭം നടത്തിവരികയാണ്. വിമാനത്താവളത്തിനായി 5,100 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ആയിരം ദിവസത്തോളമായി തുടരുകയാണ്.
Content Highlight: Vijay to meet villagers protesting against Chennai’s second airport at Parandur