കാലിഫോര്‍ണിയ: മഹാദുരന്തമായി മാറിയ ലോസ് അഞ്ചല്‍സിലെ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. അഞ്ചുപേരുടെ മൃതദേഹം പാലിസേഡ്‌സ് ഫയര്‍ സോണില്‍ നിന്നും പതിനൊന്നുപേരെ ഈറ്റണ്‍ ഫയര്‍ സോണില്‍ നിന്നുമാണ് കണ്ടെത്തിയത്.
പാലിസേഡില്‍ 22,600 എക്കറിലാണ് തീ പടര്‍ന്നു പിടിച്ചത്. ഇതില്‍ 11 ശതമാനം മാത്രമാണ് നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുള്ളത്. എന്നാല്‍ ഈറ്റണ്‍ മേഖലയില്‍ തീ 15 ശതമാനത്തോളം അണയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആകാശമാര്‍ഗവും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ശക്തമായ കാറ്റുവീശിയതാണ് തീ വേഗത്തില്‍ പടരുന്നതിനും വലിയ ദുരന്തമായി മാറുന്നതിനും കാരണമായത്. വരും ദിവസങ്ങളില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്ന് അറിയിപ്പുകള്‍. പ്രദേശത്ത് ഇപ്പോഴും തീ പടര്‍ന്നുകൊണ്ടിരിക്കുകയാണ്.