സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമം; തുടരന്വേഷണം സുരേഷ് ഗോപി തടഞ്ഞുവെച്ചതായി ആരോപണം



national news


സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമം; തുടരന്വേഷണം സുരേഷ് ഗോപി തടഞ്ഞുവെച്ചതായി ആരോപണം

കൊല്‍ക്കത്ത: കേന്ദ്ര മന്ത്രി സുരേഷ് ഗോപി ചെയര്‍മാനായ കൊല്‍ക്കത്തയിലെ സത്യജിത്ത് റേ ഫിലിം ആന്റ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപികയുടെ ലൈംഗികാതിക്രമ പരാതിയില്‍ കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അതിജീവിതയും സംഘടനകളും.

അധ്യാപിക പരാതി നല്‍കിയിട്ടും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായ മന്ത്രി തുടരന്വേഷണത്തിന് അനുമതി നല്‍കാത്തതിനാലാണ് അന്വേഷണം മുമ്പോട്ട് പോകാത്തതെന്നാരോപിച്ച് അതിജീവിതയും വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹറാസ്‌മെന്റ് (വാഷ്) കൂട്ടായ്മയും രംഗത്തെത്തി.

അതിജീവിതയുടെ പരാതിയില്‍ പോഷ് നിയമപ്രകാരം ക്യാമ്പസിലെ മുന്‍ അധ്യാപകനെതിരെ ഇന്റേണല്‍ കംപ്ലയിന്‍സ് കമ്മിറ്റി (ഐ.സി.സി) അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രാഥമികാന്വേഷണം കഴിഞ്ഞ് രണ്ടര മാസമായിട്ടും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാലതാമസം വരുത്തിയതായി പരാതിക്കാരി ആരോപിച്ചു. ഇതിനെത്തുടര്‍ന്ന് ലൈംഗികാതിക്രമങ്ങളിലെ അതിജീവിതകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയായ വാഷിനെ പരാതിക്കാരി സമീപിക്കുകയായിരുന്നു.

പോഷ് നിയമപ്രകാരം പരാതി ലഭിച്ച് 90 ദിവസത്തിനകം ഐ.സി.സി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ചട്ടം. മെയ് ഒമ്പതിനാണ് അതിജീവിത പരാതി നല്‍കുന്നത്. തുടര്‍ന്ന് ഐ.സി.സി അന്വേഷണം നടത്തി അതിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഒക്ടോബര്‍ 30 ന് സമര്‍പ്പിച്ചു. സുരേഷ് ഗോപിയുടെ നേതൃത്വത്തിലുള്ള ഗവേണിംഗ് കൗണ്‍സിലിന് മുമ്പാകെയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

രണ്ടാം ഘട്ട അന്വേഷണം ആരംഭിക്കുന്നതിനായി എസ്.ആര്‍.എഫ്.ടി.ഐ അച്ചടക്ക സമിതി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സുരേഷ് ഗോപി ഒപ്പിടേണ്ടതുണ്ട്. എന്നാല്‍ അദ്ദേഹം ഇതുവരെ അതിന് അംഗീകാരം നല്‍കിയിട്ടില്ല.

‘ഐ.സി.സി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രത്തില്‍ ഒപ്പിടേണ്ടതിന് ഇത്രയും കാലതാമസം കാണിക്കുന്നത് എന്തുകൊണ്ടാണ്? ലൈംഗിക പീഡനക്കേസുകളില്‍ പോഷ് നിയമവും സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും അനുസരിച്ചുള്ള നിര്‍ബന്ധിത നടപടിയാണ് അന്വേഷണം പൂര്‍ത്തിയാക്കുക എന്നത്. കുറ്റപത്രം നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നത് ആരോപണങ്ങള്‍ തേച്ച്മായ്ച്ച് കളയാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് പരാതിക്കാരി ഭയപ്പെടുന്നുണ്ട്,’ വാഷ് പിറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

എസ്.ആര്‍.എഫ്ടി.ഐയിലെ ഉന്നത ഉദ്യോഗസ്ഥന്‍ ക്യാമ്പസിലെ മുന്‍ വിദ്യാര്‍ത്ഥിയും അസി. പ്രൊഫസറുമായ യുവതിയെ ശാരീരികമായി ആക്രമിച്ചു, ലൈംഗികമായി പീഡിപ്പിച്ചു, ജാതീയമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി.

ഐ.സി.സിയുടെ കണ്ടെത്തലുകള്‍ക്കെതിരെ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഐ.സി.സി നല്‍കിയ റിപ്പോര്‍ട്ടില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. കൂടാതെ ആറ് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും കേസില്‍ പാലിക്കപ്പെട്ടിട്ടില്ല.

പ്രാഥമിക അന്വേഷണം നടത്തുമ്പോള്‍ കുറ്റാരോപിതനായ ഉദ്യോഗസ്ഥന്‍ ക്യാമ്പസില്‍ ഉണ്ടാവാന്‍ പാടില്ലെന്ന് ഐ.സി.സി ശുപാര്‍ശ ചെയ്തിരുന്നു, തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ദേഹത്തെ സ്ഥലം മാറ്റി. എന്നാല്‍ ഇയാള്‍ ഹൈക്കോടതിയെ സമീപിച്ച് ഈ ഉത്തരവ് റദ്ദാക്കി.

എന്നാല്‍ കോടതിയുടെ ഈ വിധിക്കെതിരെ അപ്പീല്‍ പോകാന്‍ പരാതിക്കാരി നിരവധി അഭിഭാഷകരെ സമീപിച്ചെങ്കിലും അവരെല്ലാം പ്രതിയുടെ രാഷ്ട്രീയ സ്വാധീനം കാരണം കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ചെന്നും പരാതിക്കാരി പറഞ്ഞു.

കൂടാതെ വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനും മന്ത്രി അശ്വിനി വൈഷ്ണവിനും ഒന്നിലധികം മെയിലുകള്‍ അയച്ചിട്ടും തുടര്‍ നടപടികളൊന്നും ഉണ്ടായില്ലെന്നും വാഷിന്റെ പ്രസ്താവനയില്‍ പറയുന്നു.

Content Highlight: Sexual assault at Satyajit Ray Film Institute; It is alleged that Suresh Gopi has stalling the further investigation




Source link