ബി.ജെ.പി കെജ്‌രിവാളിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു: അതിഷി
ന്യൂദല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെ ഇല്ലാതാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ദല്‍ഹി മുഖ്യമന്ത്രി അതിഷി. ന്യൂദല്‍ഹി മണ്ഡലത്തില്‍ പ്രചരണത്തിനിറങ്ങിയ കെജ്‌രിവാളിന് ഇന്നലെ (ശനിയാഴ്ച) ആക്രമണം നേരിട്ടതിനെ തുടര്‍ന്നാണ് അതിഷി വിമര്‍ശനവുമായി രംഗത്തെത്തിയത്.
അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്താനായി ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്നും കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചരണചത്തിനിടെയുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നെന്നും അതിഷി പറഞ്ഞു.
ആക്രമണം നടത്തിയ വ്യക്തിയെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മയ്‌ക്കൊപ്പം പതിവായി കാണാറുണ്ടെന്നും ആക്രമണം നടത്തിയത് ബി.ജെ.പിയാണെന്നതിനെ ഇത് ശരിവെക്കുന്നുണ്ടെന്നും അതിഷി പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ്ങിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് അതിഷി ഇക്കാര്യങ്ങള്‍ പറഞ്ഞത്. കെജ്‌രിവാളിനെ ആക്രമിക്കാന്‍ ശ്രമിച്ചവര്‍ കവര്‍ച്ച, കൊലപാതകശ്രമം തുടങ്ങിയ കേസിലെ പ്രതികളാണെന്നും അതിഷി കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളെ പരാജയപ്പെടുത്താന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നും അതുകൊണ്ട് അവരുടെ വഴിയില്‍ നിന്നും കെജ്‌രിവാളിനെ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തുന്നതെന്നും സഞ്ജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രചാരണത്തിനിടെ കെജ്‌രിവാളിന്റെ കാറിന് നേരെ കല്ലേറുണ്ടായതായും പ്രചരണം തടസപ്പെടുത്താനുള്ള ബി.ജെ.പിയുടെ ശ്രമമാണെന്നും നേരത്തെ ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു.
കെജ്‌രിവാളിന്റെ വാഹനത്തിന് നേരെ കല്ല് പതിക്കുന്നതും കരിങ്കൊടി വിശുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ എ.എ.പി പുറത്തുവിട്ടിരുന്നു. പിന്നാലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മയുടെ ഗുണ്ടകള്‍ അരവിന്ദ് കെജ്‌രിവാളിന്റെ കാറിന് നേരെ കല്ലെറിഞ്ഞുവെന്നും തെരഞ്ഞെടുപ്പ് പ്രചാരണം നടത്താതിരിക്കാനുള്ള ശ്രമമാണെന്നും എ.എ.പി എക്സില്‍ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
അതേസമയം കെജ്‌രിവാളിന്റെ കാറ് ബി.ജെ.പി പ്രവര്‍ത്തകനെ ഇടിച്ചിട്ടുവെന്നും പ്രവര്‍ത്തകന്‍ പരിക്കുകളോടെ ആശുപത്രിയിലാണെന്നുമാണ് മറുഭാഗത്തിന്റെ വാദം. കെജ്‌രിവാളിന്റെ നിര്‍ദേശപ്രകാരമാണ് ഡ്രൈവര്‍ ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ചതെന്നും ആരോപണമുണ്ട്.
ഫെബ്രുവരി അഞ്ചിനാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിനും നടക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. 70 നിയോജകമണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. 70 സീറ്റുകളിലേക്കും എ.എ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബി.ജെ.പി 59 സീറ്റുകളിലേക്ക് മാത്രമേ ഇതിനകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളൂ. ജനുവരി 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.
Content Highlight: BJP is trying to eliminate Kejriwal: Atishi