ഗാന്ധിയെക്കുറിച്ചുള്ള സവര്‍ക്കറുടെ അവകാശവാദങ്ങളെല്ലാം തെറ്റ്; പുസ്തകവുമായി മുന്‍ ബി.ജെ.പി കേന്ദ്രമന്ത്രി അരുണ്‍ ഷൂരി



national news


ഗാന്ധിയെക്കുറിച്ചുള്ള സവര്‍ക്കറുടെ അവകാശവാദങ്ങളെല്ലാം തെറ്റ്; പുസ്തകവുമായി മുന്‍ ബി.ജെ.പി കേന്ദ്രമന്ത്രി അരുണ്‍ ഷൂരി

ന്യൂദല്‍ഹി: ഹിന്ദു മഹാസഭ നേതാവായ വി.ഡി. സവര്‍ക്കറെക്കുറിച്ചുള്ള തന്റെ പുതിയ പുസ്തകത്തില്‍ സവര്‍ക്കറുടെ അവകാശവാദങ്ങള്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് മുന്‍ ബി.ജെ.പി കേന്ദ്രമന്ത്രിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരി. ‘ദി ന്യൂ ഐക്കണ്‍ സവര്‍ക്കര്‍ ആന്റ് ദി ന്യൂ ഫാക്ക്ട്‌സ്‌’ എന്ന അരുണ്‍ ഷൂരിയുടെ പുസ്തകം അടുത്തിടെ പ്രകാശനം ചെയ്തിരുന്നു. പെന്‍ഗ്വിന്‍ ബുക്ക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

സമകാലിക രേഖകള്‍, രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍, ഓര്‍മ്മക്കുറിപ്പുകള്‍, ആര്‍ക്കൈവുകള്‍ എന്നിവയുള്‍പ്പെടെ 550ലധികം രേഖകളുടെ അടിസ്ഥാനമാക്കിയാണ് ഷൂരി ഈ പുസ്തകം എഴുതിയിരിക്കുന്നത്. ഇന്ത്യന്‍ ചരിത്രം, ഹിന്ദു എന്നിവയെക്കുറിച്ചുള്ള സവര്‍ക്കറുടെ മിഥ്യധാരണകളെയെല്ലാം പുസ്തകത്തില്‍ ഷൂരി വസ്തുതകള്‍വെച്ച് ഖണ്ഡിക്കുന്നുണ്ട്. അതില്‍ ഒന്നാണ് ഗാന്ധിയും സവര്‍ക്കറും തമ്മിലുള്ള ലണ്ടനിലെ സൗഹൃദം എന്ന സവര്‍ക്കറുടെ അവകാശവാദം.

താനും ഗാന്ധിയും സുഹൃത്തുക്കള്‍ ആയിരുന്നെന്നും 1908ല്‍ തങ്ങളിരുവരും ലണ്ടനിലെ ഇന്ത്യാ ഹൗസില്‍ താമസിച്ചിരുന്നു എന്നും ഗാന്ധി വധത്തിന്റെ സമയത്ത് സവര്‍ക്കര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ 1908ല്‍ ഗാന്ധി ലണ്ടനില്‍ ഉണ്ടായിരുന്നില്ല എന്നാണ് അരുണ്‍ ഷൂരി പറയുന്നത്. മാത്രമല്ല 1891ല്‍ ഗാന്ധി ഇംഗ്ലണ്ടില്‍ നിന്ന് പോയിരുന്നെന്നും ഷൂരി പുസ്തകത്തില്‍ പറയുന്നു.

ഇതിന് പുറമെ ആന്തമാന്‍ നിക്കോബാറിലെ തടവറയിലെ അനുഭവങ്ങളാണോ സവര്‍ക്കറെ മുസ്‌ലിം വിരോധി ആക്കിയത്, ഫ്രാന്‍സിലെ മാഴ്‌സെയില്‍വെച്ച് രക്ഷപ്പെടാനായി സവര്‍ക്കര്‍ കടലിനോട് മല്ലിട്ടോ, ബ്രിട്ടീഷ് സര്‍ക്കാരിനോടുള്ള സവര്‍ക്കരുടെ ദയാഹരജിക്ക് പിന്നിലെ കാരണം, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മാര്‍ഗദര്‍ശി ആയിരുന്നോ സവര്‍ക്കര്‍ തുടങ്ങിയ വിവിധ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും പുസ്തകത്തിലൂടെ അരണ്‍ ഷൂരി നല്‍കുന്നുണ്ട്.

പത്രപ്രവര്‍ത്തകനായ അരുണ്‍ ഷൂരിയെ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. 1982ല്‍ അദ്ദേഹത്തിന് മഗ്സാസെ അവാര്‍ഡും ലഭിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസ്, ദ ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളുടെ ഏഡിറ്ററായും അരുണ്‍ ഷൂരി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998-2004 കാലയളവില്‍ വാജ്‌പേയി മന്ത്രിസഭയില്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രിയായിരുന്നു.

Content Highlight: Gandhi and Savarkar did not live in London as friends; Arun Shourie refutes Savarkar’s arguments in his new book ‘The New Icon: Savarkar and the Facts’




Source link