യു.എസില്‍ ഇനി ടിക് ടോക്കില്ല; നിരോധന നിയമം പ്രാബല്യത്തില്‍



World News


യു.എസില്‍ ഇനി ടിക് ടോക്കില്ല; നിരോധന നിയമം പ്രാബല്യത്തില്‍

വാഷിങ്ടണ്‍: യു.എസില്‍ ടിക് ടോക് നിരോധനം പ്രാബല്യത്തില്‍ വന്നതായി റിപ്പോര്‍ട്ട്. ഇന്ന് (ജനുവരി 19) ടിക് ടോക് നിരോധന നിയമം നടപ്പിലാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നുമെല്ലാം ആപ്പ് നീക്കം ചെയ്തതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

യു.എസില്‍ ടിക് ടോക് നിരോധനം നിയമം പ്രാബല്യത്തില്‍ വന്നുവെന്ന് കാണിച്ച് ടിക് ടോക് ലഭ്യമല്ല എന്ന സന്ദേശത്തോടുകൂടിയ സ്‌ക്രീന്‍ ഷോട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഡോണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നാല്‍ നിരോധനം പിന്‍വലിക്കുമെന്നും അദ്ദേഹം പ്രശ്‌നം പരിഹരിക്കുമെന്നും കരുതുന്നതായും ടിക് ടോക് സ്‌ക്രീന്‍ഷോട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

അതേസമയം യു.എസിലെ ഉപയോക്താക്കള്‍ക്ക് ടിക് ടോക്ക് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് മൊബൈല്‍ ആപ്പ് സ്റ്റോറുകളും ഇന്റര്‍നെറ്റ് ഹോസ്റ്റിങ് സേവനങ്ങളും വിലക്കിക്കൊണ്ടുള്ള നിയമം ഞായറാഴ്ചയോടെ പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വില്‍ക്കുന്നില്ലെങ്കില്‍ ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തി ടിക് ടോക് യു.എസില്‍ നിരോധിക്കുമെന്ന നിയമം ഇന്നലെയാണ് (ശനിയാഴ്ച) യു.എസ് കോടതി ശരിവെച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ ടിക് ടോക് പ്രവര്‍ത്തനക്ഷമമല്ലാതാകുമെന്നും കോടതി പറഞ്ഞു.

കോടതി വിധി വന്നതിന് പിന്നാലെ 90 ദിവസം കൂടി ടിക് ടോക്കുമായി കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ടിക് ടോക്കിന്റെ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിനോട് യു.എസ് സെനറ്റ് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജനുവരിയില്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് ട്രംപ് പുതിയ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

നിയമമനുസരിച്ച് ജനുവരി 19 വരെയാണ് ടിക് ടോകിന് യു.എസില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയുള്ളത്. നിയമം കൊണ്ടുവന്നതിന് പിന്നാലെ ടിക് ടോക് ഉടമകള്‍ നിയമം റദ്ദാക്കാന്‍ യു.എസ് കോടതിയെ സമീപിക്കുകയും കോടതി കേസ് പരിഗണിക്കുകയും ചെയ്തിരുന്നു.

അതേസമയം ടിക് ടോക്ക് റദ്ദാക്കുന്നതിനായുള്ള ഉത്തരവ് സെനറ്റില്‍ വലിയ തോതിലുള്ള ഭൂരിപക്ഷത്തില്‍ പാസാവുകയും ചെയ്തിരുന്നു.

എന്നാല്‍ ചൈനയുടെ നിയന്ത്രണത്തിലുള്ള ടിക് ടോക്ക്, ദേശീയ സുരക്ഷയെ ബാധിക്കുമെന്നും സുരക്ഷയ്ക്ക് ഭീഷണിയാണെന്നുമായിരുന്നു യു.എസ് നീതി ന്യായ വകുപ്പ് കോടതിയില്‍ വാദിച്ചത്. ഈ നിലപാടിനെ യു.എസിലെ ഭൂരിപക്ഷം നിയമനിര്‍മാതാക്കളും പിന്തുണക്കുകയും ചെയ്തിരുന്നു.

Content Highlight: No more TikTok in the US; Prohibition Act in effect




Source link