സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് ഇസ്‌ലാമിനെതിരല്ല; അവരെ പഠിപ്പിക്കണം- മുതിര്‍ന്ന താലിബാന്‍ നേതാവ്

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് ഇസ്‌ലാമിനെതിരല്ല; അവരെ പഠിപ്പിക്കണം: മുതിര്‍ന്ന താലിബാന്‍ നേതാവ്

കാബൂള്‍: അഫ്ഗാന്‍ പെണ്‍കുട്ടികളെ വിദ്യാഭ്യാസം നല്‍കുന്നതില്‍ നിന്ന് വിലക്കുന്ന താലിബാന്‍ നയത്തിനെതിരെ മുതിര്‍ന്ന നേതാവും വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയവിഭാഗം പ്രതിനിധിയുമായ ഷേര്‍ അബ്ബാസ് സ്റ്റാനിക്‌സായി. രാജ്യത്തെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം വിലക്കുന്ന താലിബാന്റെ നിലപാട് തെറ്റാണെന്നും അത് പിന്‍വലിക്കണമെന്നും ഷേര്‍ അബ്ബാസ് പറഞ്ഞു. അഫ്ഗാനിലെ ഖോസ്ത് പ്രവിശ്യയിലെ ഒരു മതവിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പതിറ്റാണ്ടുകളായി നീണ്ട് നിന്ന അധിനിവേശത്തിന്‌ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ അധികാരം ഏറ്റെടുത്ത താലിബാന്‍ രാജ്യത്തെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നതില്‍ കര്‍ശന നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തിയുരുന്നു. അടുത്തിടെ പെണ്‍കുട്ടികള്‍ നഴ്‌സിങ് പോലുള്ള മെഡിക്കല്‍ വിദ്യാഭ്യാസം നേടുന്നതില്‍ നിന്നും താലിബാന്‍ വിലക്കിയിരുന്നു.

ഇതാദ്യമായല്ല ഷേര്‍ അബ്ബാസ് അഫ്ഗാന്‍ സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. താലിബാന്‍ അധികാരത്തിലേറി സ്ത്രീകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ചപ്പോഴും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നെങ്കിലും പരസ്യമായി നിലപാട് വ്യക്തമാക്കുന്നത് ഇപ്പോഴാണ്.

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം വിലക്കപ്പെടുന്നതിന് അടിസ്ഥാനപരമായി കാരണങ്ങള്‍ ഒന്നുമില്ലെന്ന് പറഞ്ഞ ഷേര്‍ അബ്ബാസ് വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ ഇനിയും അവര്‍ക്കായി തുറക്കണമെന്ന് ആവശ്യപ്പെട്ടു. ഇപ്പോഴും അഫ്ഗാനിലെ നാല് കോടി ജനങ്ങളില്‍ പകുതിപ്പേരും അവരുടെ ഈ അവകാശത്തിനായി പോരാടുകയാണെന്നും അത് അനീതിയാണെന്നും ഷേര്‍ അബ്ബാസ് പറഞ്ഞു. എന്നാല്‍ ഈ വിലക്ക് ഒരിക്കലും ഇസ്‌ലാം മതം അനുശാസിക്കുന്ന നിയമം അല്ലെന്നും മറിച്ച് സ്വയം തെരഞ്ഞെടുപ്പുകളോ സ്വഭാവമോ മാത്രമാണെന്നാണന്നും അദ്ദേഹം വിമര്‍ശിച്ചു.

അഫ്ഗാനിസ്ഥാനിലെ വിദേശസൈനികരെ പിന്‍വലിക്കാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്ത ആള്‍ കൂടിയാണ് ഷേര്‍ അബ്ബാസ്. അതേസമയം അടുത്തിടെ പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദില്‍വെച്ച് സംഘടിപ്പിച്ച ‘മുസ്‌ലിം രാഷ്ട്രങ്ങളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം’ എന്ന വിഷയത്തില്‍ നടന്ന ആഗോള ഉച്ചകോടിയില്‍വെച്ച് നൊബേല്‍ സമ്മാന ജേതാവ് മലാലയും താലിബാന്റെ വിദ്യാഭ്യാസ നയങ്ങളെ വിമര്‍ശിച്ചിരുന്നു.

ഉച്ചകോടിയുടെ പ്രതിനിധികള്‍ താലിബാനേയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അവര്‍ പങ്കെടുത്തിരുന്നില്ല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയുന്ന താലിബാന്റെ നടപടികള്‍ അസ്‌ലാമികമാണെന്ന് മലാലയും അഭിപ്രായപ്പെട്ടിരുന്നു.

അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ താലിബാന്‍ മനുഷ്യരായി കാണുന്നില്ലെന്ന് പറഞ്ഞ മലാല പെണ്‍കുട്ടികളെയും സ്ത്രീകളെയും വിദ്യാഭ്യാസത്തില്‍ നിന്നും ജോലിയില്‍ നിന്നും തടയുന്ന താലിബാന്റെ നയങ്ങള്‍ ഇസ്‌ലാം മതാചാരത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും വ്യക്തമാക്കി.

‘അവ്യക്തമായ നിയമങ്ങള്‍ ലംഘിക്കാന്‍ ധൈര്യപ്പെടുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും തല്ലിയും തടങ്കലില്‍ വെച്ചും ഉപദ്രവിച്ചും താലിബാന്‍ ശിക്ഷിക്കുകയാണ്. സാംസ്‌കാരികവും മതപരവുമായ ന്യായീകരണങ്ങള്‍ പറഞ്ഞ് അവരുടെ കുറ്റകൃത്യങ്ങളെ മറയ്ക്കാനാണവര്‍ ശ്രമിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ വിശ്വാസം നിലകൊള്ളുന്ന എല്ലാത്തിനും എതിരാണ് അവര്‍ ചെയ്യുന്ന കാര്യങ്ങള്‍,’ മലാല പറഞ്ഞു.

ആറാം ക്ലാസിന് ശേഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം പൂര്‍ണമായും നിരോധിച്ചിക്കുന്ന ലോകത്തിലെ ഏക രാജ്യമാണ് അഫ്ഗാനിസ്ഥാനെന്നും മലാല പറയുകയുണ്ടായി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് നിരന്തരം സംസാരിച്ചിരുന്ന മലാലയെ 15ാം വയസില്‍ പാകിസ്ഥാനില്‍ വെച്ച് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

അതേസമയം പാഠ്യപദ്ധതി ‘ഇസ്‌ലാമികം’ ആണെന്ന് ഉറപ്പാക്കിയ ശേഷം പെണ്‍കുട്ടികളെ വീണ്ടും സ്‌കൂളില്‍ പ്രവേശിപ്പിക്കുമെന്നാണ് താലിബാന്‍ ആവര്‍ത്തിച്ച് പറയുന്നത്. എന്നാല് അതും ഇതുവരെ നടപ്പിലായിട്ടില്ല.

Content Highlight: Educating women is not against Islam; They must be taught: Senior Taliban leader




Source link