അഞ്ചില്‍ അധികം തവണ ഇസ്രഈല്‍ തുറങ്കലില്‍ അടയ്ക്കപ്പെട്ട കമ്മ്യൂണിസ്റ്റുകാരി, ഒടുവില്‍ മോചനം, ആരാണ് ഖാലിദ ജറാര്‍?



World News


അഞ്ചില്‍ അധികം തവണ ഇസ്രഈല്‍ തുറങ്കലില്‍ അടയ്ക്കപ്പെട്ട കമ്മ്യൂണിസ്റ്റുകാരി, ഒടുവില്‍ മോചനം, ആരാണ് ഖാലിദ ജറാര്‍?

കഴിഞ്ഞ ദിവസം ഇസ്രഈലിന്റെ തടവറകളില്‍ നിന്ന് സ്വതന്ത്രരാക്കപ്പെട്ട 90 ഫലസ്തീനികളില്‍ ഖാലിദ ജറാറും ഉള്‍പ്പെട്ടിരുന്നു. നിരവധി തവണ ഇസ്രഈലിന്റെ തുറങ്കലിലടക്കപ്പെട്ട, അടുത്തിടെ ഏകാന്ത തടവിലേക്ക് ഇസ്രഈല്‍ തള്ളി വിട്ട ഫലസ്തീന്‍ പൗരയായ ഖാലിദ ജറാര്‍ ആരാണ്?

ഫലസ്തീനിലെ ഇടതുപക്ഷ പ്രസ്ഥാനമായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്റെ (പി.എഫ്.എല്‍.പി) പ്രമുഖ നേതാക്കളിലൊരാളായ ഖാലിദ ജറാര്‍ 2006 മുതല്‍ ഫലസ്തീന്‍ പാര്‍ലമെന്റ് അംഗമാണ്. ഫലസ്തീനിലെ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്, ദേശീയ പ്രസ്ഥാനമായ പി.എഫ്.എല്‍.പി, ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനിലെ പ്രധാന സഖ്യകക്ഷിയാണ്. ഫലസ്തീനിലെ ഇസ്രഈല്‍ അധിനിവേശത്തെ രാഷ്ട്രീയമായും സായുധമായും ചെറുക്കുക എന്നതാണ് പി.എഫ്.എല്‍.പിയുടെ പ്രവര്‍ത്തന ലക്ഷ്യം.

പി.എഫ്.എല്‍.പിയുടെ പ്രമുഖ നേതാവായ ഖാലിദ ജറാര്‍ രാഷ്ട്രീയ പ്രവര്‍ത്തക, മനുഷ്യാവകാശപ്രവര്‍ത്തക, അഭിഭാഷക, ഫെമിനിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയാണ്‌.  2023 ഡിസംബര്‍ മുതല്‍ അവര്‍ ഇസ്രഈലി തടങ്കലില്‍ കഴിയുകയായിരുന്നു.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയ്ക്കെതിരെ നിരവധി തവണ അന്താരാഷ്ട്ര സമൂഹത്തില്‍ ഗസയുടെ ശബ്ദമായി പ്രവര്‍ത്തിച്ച ഖാലിദ കൗണ്‍സില്‍ ഓഫ് യൂറോപ്പിലെ ഫലസ്തീന്റെ പ്രതിനിധി കൂടിയാണ്. ഇസ്രഈലിനെതിരായ വംശഹത്യാക്കുറ്റം അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ എത്തിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച അവര്‍ ഫലസ്തീനി സ്ത്രീകളുടെ പോരാട്ടത്തിന്റെ മുഖമായാണ് അറിയപ്പെടുന്നത്‌.

ഇസ്രഈലിനെതിരെ സ്വീകരിച്ച ശക്തമായ നിലപാടുകളുടെ പേരില്‍ നിരവധി തവണ അവരെ നെതന്യാഹു ഭരണകൂടം അറസ്റ്റ് ചെയ്തിട്ടുണ്ട്. 1989ലാണ് ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. അന്ന് അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് റാലിയില്‍ പങ്കെടുത്തു എന്ന പേരിലായിരുന്നു അറസ്റ്റ്. തുടര്‍ന്നങ്ങോട്ട് പല കേസുകളിലും ഒരു കുറ്റവും ചുമത്താതെ അവരെ വിചാരണയുടെ പേരില്‍ തടങ്കലില്‍ വെക്കുകയായിരുന്നു.

2012ല്‍ വെസ്റ്റ്ബാങ്കിലെ ഇസ്രഈല്‍ അധിനിവേശത്തെ വിമര്‍ശിച്ച് പരസ്യ പ്രസ്താവനകള്‍ നടത്തിയതിന് ഭീകരതയ്ക്കുള്ള പ്രേരണാക്കുറ്റം ചുമത്തിയാണ് ഇസ്രഈല്‍ കോടതി അവരെ ശിക്ഷിച്ചത്. അന്ന് 15 മാസത്തെ തടവിന് വിധിച്ചെങ്കിലും ആറ് മാസത്തെ തടവിന് ശേഷം അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലിനൊടുവില്‍ അവരെ ഇസ്രഈല്‍ വെറുതെവിട്ടു.

2019 മുതല്‍ 2021 വരെ യാതൊരുവിധ കുറ്റങ്ങളും ചുമത്താതെ അവരെ തടവിലാക്കിയ ശേഷം ഇസ്രഈല്‍ സൈനിക കോടതി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. അന്ന് ഇസ്രഈലും അമേരിക്കയും ഭീകരസംഘടനയായി കണക്കാക്കുന്ന പി.എഫ്.എല്‍.പിയില്‍ അംഗത്വം ചൂണ്ടിക്കാട്ടിയാണ് അവരെ ശിക്ഷിച്ചത്. എന്നാല്‍ 2021 സെപ്റ്റംബര്‍ 26ന് അവര വിട്ടയച്ചു. തുടര്‍ന്ന് 2023ല്‍ ഗസയിലെ ഇസ്രഈല്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ ഖാലിദയെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി മതിയായ ശൗചാലയസൗകര്യങ്ങല്‍ പോലുമില്ലാത്ത ഒരു ഇരുട്ട് തടവറയിലായിരുന്നു ഖാലിദ ജറാറിന്റെ ജീവിതം. ജനല്‍ പോലുമില്ലാത്ത തടവറയില്‍ കോണ്‍ഗ്രീറ്റ് കട്ടില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ശൗചാലയത്തില്‍ പലപ്പോഴും വെള്ളം പോലും ഇല്ലാതിരുന്നതിനാല്‍ ഖാലിദ വെള്ളവും ഭക്ഷണവും കുറച്ചാണ് കഴിച്ചിരുന്നതെന്ന് അവരുടെ അഭിഭാഷക വെളിപ്പെടുത്തിയിരുന്നു.

ബിര്‍ സെയ്ന്റില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോഴാണ് ഖാലിദ, ഗസന്‍ ജറാറിനെ വിവാഹം കഴിക്കുന്നത്. ഖാലിദയെപ്പോലെ ഫലസ്തീന്റെ അവകാശങ്ങള്‍ക്കായി നിരന്തരം സംസാരിച്ചിരുന്ന ഗസന്‍ ജറാരും ഇസ്രഈലിന്റെ കണ്ണിലെ നോട്ടപ്പുള്ളിയായിരുന്നു. 14 തവണ ഇസ്രഈല്‍ അറസ്റ്റ് ചെയ്ത അദ്ദേഹത്തിനെ പതിനൊന്ന് വര്‍ഷത്തിലധികമാണ് വിചാരണയൊന്നും കൂടാതെ ഇസ്രഈല്‍ തടങ്കലില്‍ വെച്ചത്. Israel frees 90 Palestinian prisoners

ഇസ്രഈലിന്റെ തടവറകളില്‍ കഴിയുമ്പോഴാണ് ഖാലിദ ജറാറിന്റെ മാതാപിതാക്കള്‍ മരിക്കുന്നത്. എന്നാല്‍ അവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഖാലിദയെ ഇസ്രഈല്‍ അനുവദിച്ചില്ല. ഇക്കാലയളവില്‍ ഖാലിദയുടെ രണ്ട് മക്കള്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു. എന്നാല്‍ ഇവരുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനും അവര്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടു.

ഖാലിദ ജറാരിനൊപ്പൊലെ സ്വന്തം മണ്ണിന് വേണ്ടി പോരാടിയ നിരവധി വനിതകള്‍ അടിസ്ഥാന അവകാശങ്ങള്‍പോലും നിഷേധിക്കപ്പെട്ട് ഇപ്പോഴും ഇസ്രഈലിന്റെ തടവറയിലാണ്. അവരില്‍ ചിലരെങ്കിലും കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിലൂടെ മോചിപ്പിക്കപ്പെടുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Content Highlight: Who is Khalida Jarrar? the Communist who was imprisoned in Israeli prison more than five times 

 




അമയ. കെ.പി.



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ.



Source link