ഷാജന്‍ സ്‌കറിയയ്ക്ക് തിരിച്ചടി; മാനനഷ്ടക്കേസില്‍ കുറ്റവിമുക്തനാക്കിയ വിധി സ്‌റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ മാനനഷ്ടക്കേസില്‍ കുറ്റവിമുക്തനാക്കിയ തിരുവല്ല കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തിരുവല്ല കോടതി ഷാജന്‍ സ്‌കറിയയെ കുറ്റവിമുക്തനാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. തിരുവല്ല സ്വദേശിയായ വീട്ടമ്മയുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവല്ല സ്വദേശിയായ വീട്ടമ്മയാണ് ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ അപകീര്‍ത്തി കേസ് തിരുവല്ല കോടതിയില്‍ നല്‍കുന്നത്.
തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്‌തെന്നും തന്റെ ചിത്രം ഉപയോഗിച്ച് ഷാജന്‍ സ്‌കറിയയുടെ യൂട്യൂബ് ചാനലില്‍ വാര്‍ത്ത നല്‍കിയെന്നും അത് തനിക്ക് വലിയ രീതിയില്‍ മാനനഷ്ടവും അപകീര്‍ത്തിയുമുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ഹരജി നല്‍കിയിരുന്നത്. ഹരജി പരിഗണിച്ച കോടതി സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിനോട് നിര്‍ദേശിക്കുകയായിരുന്നു.
മാനനഷ്ടക്കേസ് ഫയല്‍ ചെയ്താല്‍ ബന്ധപ്പെട്ട കോടതി സാക്ഷി വിസ്താരം നടത്തുകയും സമന്‍സ് അയക്കുകയും ചെയ്യുന്ന നടപടിയില്‍ നിന്ന് വ്യത്യസ്തമായി അന്വേഷണം നടത്താന്‍ കോടതി പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ഈ നടപടി ക്രമത്തില്‍ തന്നെ തെറ്റുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
തിരുവല്ല കോടതി ഉത്തരവിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കേസെടുക്കാമെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ തിരുവല്ല കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് ഷാജന്‍ സ്‌കറിയയെ കുറ്റവിമുക്തനാക്കുകയുമായിരുന്നു.
തിരുവല്ല കോടതിയുടെ രണ്ട് നടപടിക്രമങ്ങളും തെറ്റാണെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഷാജന്‍ സ്‌കറിയയെ കുറ്റവിമുക്തനാക്കിയതെന്ന് കാണിച്ച് തിരുവല്ല കോടതിക്ക് തന്നെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
Content Highlight: The High Court quashed the Tiruvalla court’s order acquitting Shajan Skaria in the defamation case