കുംഭമേള പോസ്റ്ററിൽ മൂത്രമൊഴിക്കുന്ന മുസ്‌ലിം യുവാവ്; വ്യാജ പ്രചാരണവുമായി തീവ്രഹിന്ദുത്വ വാദികൾ
റായ്ബറേലി: കുംഭമേളയുടെ പോസ്റ്ററുകളിൽ മുസ്‌ലിം യുവാവ് മൂത്രമൊഴിച്ചെന്ന വ്യാജേനെ വീഡിയോ പ്രചരിപ്പിച്ച് തീവ്രഹിന്ദുത്വ വാദികൾ. കഴിഞ്ഞ ദിവസമാണ് മുസ്‌ലിം യുവാവ് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളിൽ മൂത്രമൊഴിച്ചെന്ന അവകാശവാദവുമായി വീഡിയോ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചത്.
‘മഹാകുംഭമേളയുടെയും ഹിന്ദു ദേവതകളുടെയും ഫോട്ടോകളിൽ അബ്ദുൾ മൂത്രമൊഴിക്കുന്നു, നാട്ടുകാർ പിടികൂടി’ എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പ്രചരിച്ചത്.
റായ്ബറേലിയിലെ ബച്രവാൻ പൊലീസ് സ്റ്റേഷൻ പരിധിയിയിലാണ് സംഭവം നടന്നത്. എന്നാൽ വൈറലായ വീഡിയോയിലെ ആളുടെ പേര് വിനോദ് എന്നാണെന്നും അയാൾ മുസ്‌ലിം സമുദായത്തിൽ പെട്ടവനല്ലെന്നും റായ് ബറേലി പൊലീസ് തങ്ങളുടെ എക്‌സ് പേജിൽ വ്യക്തമാക്കി.
സംഭവത്തിന് വർഗീയ മാനം നൽകാനുള്ള ശ്രമമായിരുന്നെന്ന് ബച്രവാനിലെ സ്റ്റേഷൻ ഹൗസ് മാസ്റ്ററായ ഒ.പി തിവാരിയെ പറഞ്ഞു.
‘വീഡിയോയിൽ കാണുന്ന ആൾ മുസ്‌ലിം സമുദായത്തിൽപ്പെട്ട വ്യക്തിയല്ല. അയാളുടെ പേര് വിനോദ് എന്നാണ്. അയാളൊരു ഹിന്ദു സമുദായത്തിൽ പെട്ട വ്യക്തിയാണ്. സംഭവം നടക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു. പോസ്റ്ററുകൾ പതിച്ച ചുമരിന്റെ മൂന്നോ നാലോ അടി അകലെയാണ് ഇയാൾ മൂത്രമൊഴിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ഈ വിഷയത്തിന് ഒരു വർഗീയ മാനം നൽകാനുള്ള ശ്രമമായിരുന്നു നടന്നത്,’ തിവാരിയെ പറഞ്ഞു.
Content Highlight: False Claim About Muslim Man Caught Urinating on Kumbh Poster in Raebareli Viral