സ്ത്രീകളില്‍ കാന്‍സര്‍ സാധ്യത കൂടുന്നു: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്


ന്യൂയോര്‍ക്ക്: യുഎസില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് കാന്‍സര്‍ സാധ്യത കൂടുതലെന്ന് പഠനം. 50 നും 64 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലെ കാന്‍സര്‍ കേസുകള്‍ പുരുഷന്മാരെ മറികടക്കുന്നതായി അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി (ACS) നടത്തിയ പുതിയ പഠനത്തില്‍ കണ്ടെത്തി. എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്ത്രീ- പുരുഷാനുപാതം പരിശോധിക്കുകയാണെങ്കില്‍ സ്ത്രീകളിലാണ് പുരുഷന്മാരേക്കാള്‍ കാന്‍സര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. അമ്പതുവയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിക്കുന്നത് പുരുഷന്മാരേക്കാള്‍ 82 ശതമാനം അധികമാണെന്നാണ് ACS പുറത്തുവിട്ട ‘A Cancer Journal for Clinicians’ എന്ന ജേണലില്‍ പറഞ്ഞിരിക്കുന്നത്.

സ്ത്രീകളില്‍ കാന്‍സര്‍ വര്‍ധിക്കാനുള്ള കാരണങ്ങളെക്കുറിച്ച് കൃത്യമായ അവലോകനങ്ങള്‍ വന്നിട്ടില്ലെങ്കിലും പൊണ്ണത്തടി, ജനിതക കാരണങ്ങള്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ കാന്‍സര്‍രോഗത്തിന് കാരണമാവുന്നുവെന്നാണ് കണ്ടെത്തല്‍. 13 വ്യത്യസ്ത കേസുകളിലായി അമിതവണ്ണവും എഴു കേസുകളിലായി മദ്യപാനവും കാന്‍സറിനുള്ള കാരണങ്ങളായി കണ്ടെത്തിയിട്ടുണ്ടെന്ന് ACS ചീഫ് പേഷ്യന്റ് ഓഫീസറായ ഡോ. ആരിഫ് കമാല്‍ പറയുന്നു.

അമ്പതുവയസ്സില്‍ താഴെയുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദം വളരെയധികം വേഗത്തില്‍ വ്യാപിക്കുന്നതായി പഠനത്തില്‍ പറയുന്നു. രണ്ടായിരാമാണ്ടുമുതല്‍ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 1.4% വര്‍ധനവാണ് അമ്പതുവയസ്സില്‍ താഴെയുള്ള സ്ത്രീകളായ കാന്‍സര്‍ രോഗികളില്‍ ഉണ്ടായിരിക്കുന്നത്.