കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ മരണം; സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച ഹരജി നാളെ പരിഗണിക്കും
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച ഹരജി നാളെ പരിഗണിക്കും. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് വനിതാ ഡോക്ടരുടെ കുടുംബം നേരത്തെ നല്‍കിയ ഹരജിയും സുപ്രീം കോടതി നാളെ പരിഗണിക്കും.
ഇന്നലെ (തിങ്കളാഴ്ച)വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സജ്ഞയ് റോയിക്ക് മരണം വരെ തടവും50000 രൂപ പിഴയും കൊല്‍ക്കത്ത കോടതി ശിക്ഷ വിധിച്ചിരുന്നു. പിന്നാലെ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം കുടുംബവും സംസ്ഥാന സര്‍ക്കാരുമുള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തില്‍ കാര്യക്ഷമതയില്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ രക്ഷിതാക്കള്‍ നല്‍കിയ അപേക്ഷയും സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് സി.ബി.ഐ പറഞ്ഞിരുന്നു. എന്നാല്‍ സി.ബി.ഐയുടെ വാദം കോടതി തള്ളി.ജഡ്ജി അനിര്‍ബന്‍ ദാസാണ് വിധിതള്ളിയത്.
സംസ്ഥാന സര്‍ക്കാര്‍ മരണപ്പെട്ട യുവഡോക്ടറുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രതികരിച്ചിരുന്നു. എന്നാല്‍ പ്രതി സഞ്ജയ് റോയ്ക്ക് മരണം വരെ തടവാണ് കോടതി വിധിച്ചത്.
ശനിയാഴ്ച കേസിലെ ഏക പ്രതിയായ സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. പ്രതി യുവഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും അത് മരണത്തിന് കാരണമായെന്ന് തെളിഞ്ഞുവെന്നും കോടതി വിധിയില്‍ പറഞ്ഞിരുന്നു. ഫോറന്‍സിക് തെളിവുകള്‍ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
2024 ഓഗസ്റ്റ് ഒമ്പതിനാണ് കൊല്‍ക്കത്ത ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. യുവതിയുടെ ആന്തരിക അവയങ്ങള്‍ക്ക് ഉള്‍പ്പെടെ സാരമായി പരിക്കേറ്റിരുന്നു. മരിച്ചതിന്റെ പിറ്റേ ദിവസമാണ് ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ യുവഡോക്ടറെ കണ്ടെത്തിയത്.
തുടര്‍ന്ന് യുവഡോക്ടറുടെ മരണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 24 മണിക്കൂര്‍ സമയമെടുത്ത ബംഗാള്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുണ്ടായത്. പിന്നാലെ സഞ്ജയ് റോയ് അറസ്റ്റിലാകുകയും ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. ഓഗസ്റ്റ് 18ന് തന്നെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു.
Content Highlight: Death of young doctor in Kolkata; The Supreme Court will hear the plea tomorrow