ബീഫ് കഴിക്കാമെങ്കില്‍ എന്തുകൊണ്ട് ഗോമൂത്രം കുടിക്കാന്‍ പാടില്ല; വിചിത്ര വാദവുമായി ബി.ജെ.പി നേതാവ്



national news


ബീഫ് കഴിക്കാമെങ്കില്‍ എന്തുകൊണ്ട് ഗോമൂത്രം കുടിക്കാന്‍ പാടില്ല; വിചിത്ര വാദവുമായി ബി.ജെ.പി നേതാവ്

ചെന്നൈ: ഗോമൂത്രം കുടിച്ചാല്‍ അസുഖം മാറുമെന്ന ഐ.ഐ.ടി ഡയറക്ടറുടെ പരാമര്‍ശത്തെ ന്യായീകരിച്ച് തമിഴ്‌നാട് മുന്‍ ബി.ജെ.പി അധ്യക്ഷന്‍. ബീഫ് കഴിക്കുന്നത് ശരിയാണെങ്കില്‍ എന്തുകൊണ്ട് ഗോമൂത്രം കുടിക്കാന്‍ പാടില്ലെന്ന് ചോദിച്ചാണ് മുന്‍ ബി.ജെ.പി അധ്യക്ഷയുടെ പ്രതികരണം.

ഗോമൂത്രത്തിന്റെ ഔഷധഗുണത്തെ വിമര്‍ശിക്കുന്നതിനെ ചോദ്യം ചെയ്ത ബി.ജെ.പി നേതാവ് തമിഴിസൈ സൗന്ദരരാജന്‍ ഐ.ഐ.ടി ഡയറക്ടര്‍ കാമകോടിയെ വിമര്‍ശിക്കുന്നത് അനാവാശ്യമാണെന്നും പറഞ്ഞു.

ഒരു വിഭാഗം പറയുന്നത് ബീഫ് കഴിക്കുന്നത് തങ്ങളുടെ അവകാശമാണെന്നും അത് കഴിക്കുമെന്നുമാണ്. അതേസമയം മറ്റൊരു വിഭാഗം രോഗങ്ങള്‍ ഭേദമാക്കാന്‍ ഗോമൂത്രം ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവര് എന്തിനാണ് അഭിപ്രായം പറയുന്നതെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

ഗോമൂത്രത്തിന്റെ ഔഷധഗുണത്തെ പുകഴ്ത്തിക്കൊണ്ടുള്ള കാമകോടിയുടെ വീഡിയോ നേരത്തെ വൈറലായിരുന്നു. ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ക്ക് ശമനമുണ്ടാകുമെന്നും തന്റെ അച്ഛന് അസുഖം ബാധിച്ചപ്പോള്‍ ഗോമൂത്രം കുടിച്ചുവെന്നും 15 മിനിട്ടിനുള്ളില്‍ പനി പമ്പ കടന്നുവെന്നും വി. കാമകോടി പറഞ്ഞിരുന്നു.

ഒരു സന്ന്യാസിയുടെ പക്കല്‍ നിന്നാണ് ഗോമൂത്രം ലഭിച്ചതെന്നും അദ്ദേഹത്തിന്റെ പേര് ഓര്‍മയില്ലെന്നും വി. കാമകോടി പറഞ്ഞിരുന്നു. ചെന്നൈയില്‍ നടന്ന ഗോപൂജ ചടങ്ങിലായിരുന്നു ഐ.ഐ.ടി ഡയറക്ടറുടെ വിചിത്ര പരാമര്‍ശം.

ഇതിന് പിന്നാലെ തന്റെ വാദത്തെ ന്യായീകരിച്ചും കോമകോടി രംഗത്തെത്തിയിരുന്നു. ഗോമൂത്രത്തിന് ഔഷധ ഗുണമുണ്ടെന്നും ശാസ്ത്രീയ സംവാദത്തിന് തയ്യാറാണെന്നുമായിരുന്നു ന്യായീകരണം.

ഗോമൂത്രം ഔഷധമാണെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്നും തെളിവ് ഹാജരാക്കാമെന്നും ഐ.ഐ.ടി ഡയറക്ടര്‍ വി. കാമകോടി പറയുകയായിരുന്നു.

അമേരിക്കയില്‍ നടത്തിയ അഞ്ച് ഗവേഷണ പ്രബന്ധങ്ങള്‍ കൈമാറാമെന്നും അവിടെ ഗോമൂത്രത്തില്‍ ഗുണം ചെയ്യുന്ന ഘടകങ്ങള്‍ ഉണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കാമകോടി പറഞ്ഞിരുന്നു.

ശരീരത്തെ ബാധിക്കുന്ന ചില ബാക്ടീരിയകളെയും ഫംഗസുകളെയും നശിപ്പിക്കാനുള്ള കഴിവ് ഗോമൂത്രത്തിനുണ്ടെന്നും ഗോമൂത്രം കുടിക്കുന്നത് ദഹനക്കേടിന് നല്ലതാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

വിചിത്ര പരാമര്‍ശത്തെ തുടര്‍ന്ന് വി. കാമകോടിക്കെതിരെ ഐ.ഐ.ടി സ്റ്റുഡന്റ് യൂണിയന്‍ പ്രസ്തവാനയിറക്കുകയും ചെയ്തിരുന്നു. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കേണ്ട ഐ.ഐ.ടിയുടെ ഡയറക്ടര്‍ നടത്തിയ പ്രസ്താവനയെ അപലപിക്കുന്നുവെന്നും അവകാശവാദങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ വി. കാമകോടി പ്രസിദ്ധീകരിക്കണമെന്നും വാദങ്ങള്‍ ശാസ്ത്രീയമായി തെറ്റായതിനാല്‍ മാപ്പ് പറയണമെന്നും സ്റ്റുഡന്റ് യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlight: If you can eat beef, why not drink cow urine; BJP leader with strange argument




Source link