ട്രംപില്ലായിരുന്നെങ്കില്‍ വെടിനിര്‍ത്തല്‍ സാധ്യമാകില്ലായിരുന്നു: പ്രശംസയുമായി ഹമാസ്



 

ലെബനന്‍: അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിനും ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനും പിന്നാലെ അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച് ഹമാസ്. ഇതാദ്യമായാണ് ഹമാസ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ഹമാസ് നേതാവായ മൂസ അബു മര്‍സൂക്കാണ് വൈറ്റ് ഹൗസുമായി സംസാരിക്കാമെന്ന് അറിയിച്ചിരിക്കുന്നത്. ട്രംപ് അയയ്ക്കുന്ന പ്രതിനിധിയെ ഗാസയില്‍ സ്വീകരിക്കാന്‍ ഹമാസ് തയ്യാറാണെന്നും ഈ പ്രതിനിധി സംഘത്തിന്റെ പൂര്‍ണസുരക്ഷ തങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read Also: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക്: ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്താന്‍ ട്രംപിന്റെ ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് ഉടന്‍ ഗാസ സന്ദര്‍ശിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവില്‍ ഏറ്റവുമധികം സമ്മര്‍ദം ചെലുത്തിയത് സ്റ്റീവ് വിറ്റ്കോഫ് ആണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കിയത് ട്രംപിന്റെ ഇടപെടലാണെന്ന് ഉള്‍പ്പെടെ ഹമാസ് നേതാവ് പ്രശംസിച്ചു. എല്ലാത്തിനേയും ഗൗരവത്തോടെ സമീപിക്കുന്ന പ്രസിഡന്റാണ് ട്രംപെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ഇടപെടലുകളാണ് വെടിനിര്‍ത്തല്‍ സംബന്ധിച്ച് നിര്‍ണായകമായത്. ചര്‍ച്ചകള്‍ക്കായി ട്രംപ് ഒരു പ്രതിനിധിയെ നിയോഗിച്ചില്ലായിരുന്നുവെങ്കില്‍ വെടിനിര്‍ത്തല്‍ സാധ്യമാകുമായിരുന്നില്ലെന്നും മൂസ അബു മര്‍സൂക്ക് കൂട്ടിച്ചേര്‍ത്തു.