ഭരണഘടന നിര്‍മിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത് ബ്രാഹ്‌മണര്‍; വിവാദ പ്രസ്താവനയുമായി കര്‍ണാടക ഹൈക്കോടതി ജഡ്ജി

ഭരണഘടന നിര്‍മിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത് ബ്രാഹ്‌മണര്‍; വിവാദ പ്രസ്താവനയുമായി കര്‍ണാടക ഹൈക്കോടതി ജഡ്ജി

ബെംഗളൂരു: ഭരണഘടനാ നിര്‍മാണത്തില്‍ ബ്രാഹ്‌മണര്‍ സുപ്രധാന പങ്ക് വഹിച്ചെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടക ഹൈക്കോടതി ജഡ്ജി കൃഷ്ണ.എസ്. ദീക്ഷിത്. ബെംഗളൂരുവില്‍വെച്ച് നടന്ന അഖില കര്‍ണാടക ബ്രാഹ്‌മണ സഭയുടെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ ബ്രാഹ്‌മണ കണ്‍വെന്‍ഷനായ ‘വിശ്വാമിത്ര’യില്‍ സംസാരിക്കുമ്പോഴാണ് ജഡ്ജി ഇക്കാര്യം പറഞ്ഞത്.

ബി.എന്‍ റാവു തയ്യാറാക്കിയിരുന്നില്ലെങ്കില്‍ ഭരണഘടനയുടെ കരട് രൂപീകരിക്കാന്‍ ഇനിയും 25 വര്‍ഷമെടുക്കുമായിരുന്നു എന്ന് ബി.ആര്‍ അംബേദ്ക്കര്‍ പറഞ്ഞതായും ജഡ്ജി കൃഷ്ണ.എസ്. ദീക്ഷിത് അവകാശപ്പെട്ടു. ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതിനുള്ള കമ്മറ്റിയില്‍ ഏഴ് അംഗങ്ങളില്‍ മൂന്ന് ബ്രാഹ്‌മണര്‍ ആയിരുന്നു ഉണ്ടായിരുന്നത്. അള്ളാടി കൃഷ്ണസ്വാമി അയ്യര്‍, എന്‍. ഗോപാലസ്വാമി അയ്യങ്കാര്‍, ബി.എന്‍. റാവു എന്നിവരായിരുന്നു അത്.

ഇതിന് പുറമെ വേദങ്ങളെ തരംതിരിച്ച വേദവ്യാസന്‍ ഒരു മത്സ്യത്തൊഴിലാളിയുടെ മകനാണെന്നും രാമായണത്തിന്റെ രചയിതാവായ വാല്‍മീകി പട്ടികജാതിയിലോ പട്ടികവര്‍ഗത്തിലോ ഉള്ളവരായിരുന്നെന്നും ജഡ്ജി പറയുകയുണ്ടായി. ‘ഞങ്ങള്‍ (ബ്രാഹ്‌മണര്‍) അവരെ അവജ്ഞയോടെ കണ്ടിട്ടുണ്ടോ? നൂറ്റാണ്ടുകളായി ഞങ്ങള്‍ ശ്രീരാമനെ ആരാധിക്കുന്നു, അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

ബ്രാഹ്‌മണേതര ദേശീയ പ്രസ്ഥാനങ്ങളുമായുള്ള തന്റെ മുന്‍കാല ബന്ധവും ജസ്റ്റിസ് ദീക്ഷിത് വേദിയില്‍വെച്ച് പരാമര്‍ശിച്ചിരുന്നു. ജഡ്ജിയായ ശേഷം, മറ്റെല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും താന്‍ അകന്നുവെന്നും തന്റെ ജുഡീഷ്യല്‍ സ്ഥാനത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് സംസാരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായല്ല ജസ്റ്റിസ് ദീക്ഷിത് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. 2020ല്‍ ബലാത്സംഗക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനിടെ അദ്ദേഹം അതിജീവിതയെക്കുറിച്ച് നടത്തിയ പ്രസ്താവന വിവാദമായതോടെ പിന്നീട് പിന്‍വലിച്ചിരുന്നു. ആക്രമണം നടന്നതിന്‌ശേഷം ഉറങ്ങിപ്പോയെന്ന അതിജീവിതയുടെ മൊഴി ഒരു ഇന്ത്യന്‍ സ്ത്രീക്ക് ചേരാത്തതാണെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.

ബ്രാഹ്‌മണ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത മറ്റൊരു ഹൈക്കോടതി ജഡ്ജിയായ വി. ശ്രീശാനന്ദ ഇത്തരം കണ്‍വെന്‍ഷനുകള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടു.

‘ആളുകള്‍ ഭക്ഷണത്തിനോ വിദ്യാഭ്യാസത്തിനോ വേണ്ടി പാടുപെടുമ്പോള്‍ എന്തിനാണ് ഇത്രയും വലിയ പരിപാടികള്‍ ആവശ്യമെന്ന് പലരും ചോദിക്കുന്നു. എന്നാല്‍ സമൂഹത്തെ ഒരുമിച്ചു നിര്‍ത്താനും അതിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഈ ഒത്തുചേരലുകള്‍ അനിവാര്യമാണ്. എന്തുകൊണ്ട് ഇത്തരം പരിപാടികള്‍ നടത്തിക്കൂടാ? ജസ്റ്റിസ് ശ്രീശാനന്ദ ചോദിച്ചു.

കഴിഞ്ഞ വര്‍ഷം മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്ഥാനെന്ന് വിശേഷിപ്പിച്ചതിന്റെ പേരില്‍ വിവാദത്തില്‍ അകപ്പെട്ട ആളാണ് ജസ്റ്റിസ് ശ്രീശാനന്ദ. എന്നാല്‍ പിന്നീട് ഈ വിഷയത്തില്‍ സുപ്രീം കോടതി സ്വമേധയാ നടപടിയെടുത്തതോടെ മാപ്പ് പറഞ്ഞ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

Content Highlight: Brahmins played an important role in making the constitution says Karnataka High Court judge 

 




Source link