അധ്യാപകര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ വീഡിയോ പ്രചരിപ്പിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി



Kerala News


അധ്യാപകര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ വീഡിയോ പ്രചരിപ്പിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

ഇന്നലെ (ചൊവ്വ)യാണ് തൃത്താലയില്‍ വിദ്യാര്‍ത്ഥിയുടെ പക്കല്‍ നിന്ന് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് വിദ്യാര്‍ത്ഥി ഹെഡ് മാസ്റ്ററോട് പ്രകോപിതനാകുന്നതിന്റെ ദൃശ്യങ്ങള്‍ അധ്യാപകര്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.

വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ തൃത്താല പൊലീസ് വിദ്യാര്‍ത്ഥിയെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. തുടര്‍ന്ന് തന്റെ പിഴവ് തുറന്ന് പറഞ്ഞ വിദ്യാര്‍ത്ഥി മാപ്പ് പറയാന്‍ തയ്യാറാണെന്ന് പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വിദ്യാര്‍ത്ഥിയെ അധികൃതര്‍ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഇതിനുപിന്നാലെയാണ് വിദ്യാഭ്യാസമന്ത്രി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുടെ വീഡിയോ പ്രചരിപ്പിച്ചതിനെ പ്രതികൂലിച്ചും അനുകൂലിച്ചും സമൂഹ മാധ്യമങ്ങളില്‍ പ്രതികരണം ഉയരുന്നുണ്ട്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ വീഡിയോ എടുത്ത് പ്രചരിപ്പിച്ച അധ്യാപകരുടെ പ്രവൃത്തി ശുദ്ധ തെമ്മാടിത്തരമാണെന്ന് മാധ്യമപ്രവര്‍ത്തകനും പ്രഭാഷകനുമായ ഡോ. പ്രേം കുമാര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

വിദ്യാര്‍ത്ഥികള്‍ തെറ്റ് ചെയ്താല്‍ അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയല്ല ഒരു അധ്യാപകന്‍ ചെയ്യേണ്ടതെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്താന്‍ ഇവിടെ സംവിധാനങ്ങളുണ്ടെന്നും പ്രേം കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങളെ വിമര്‍ശിച്ച് എഴുത്തുകാരിയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്തും രംഗത്തെത്തിയിരുന്നു.

ഈ നാട്ടിലെ കുറ്റവാളികളൊക്കെ ശാസനകള്‍ കിട്ടാതെ ലാളിച്ച് വഷളാക്കപ്പെട്ടവരാണെന്ന് നിങ്ങള്‍ ശരിക്കും വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് കൂടിയായിരുന്നു അശ്വതി ശ്രീകാന്തിന്റെ പ്രതികരണം.

നാല്‍പത് വയസുകാരെ പോലെ നാല് വയസുകാരി പെരുമാറണമെന്ന് പ്രതീക്ഷിക്കുന്നതാണ് ലോകമെന്നും അതിനുള്ള ഒരേയൊരു മാര്‍ഗമാണ് അടിയെന്നുമാണ് അശ്വതി പ്രതികരിച്ചത്.

Content Highlight: The incident where teachers circulated a video of a Plus One student; The Education Minister ordered an investigation




Source link