palestine
റമദാനില്‍ അല്‍ അഖ്‌സ പള്ളിയില്‍ പ്രവേശിക്കാന്‍ ഫലസ്തീനികള്‍ക്ക് കടുത്ത നിയന്ത്രണം; ഇമാമിനെ കസ്റ്റഡിയിലെടുത്ത് ഇസ്രഈലി സൈന്യം
ജെറുസലേം: റമദാന്‍ മാസത്തില്‍ അല്‍ അഖ്‌സ പള്ളിയില്‍ പ്രവേശിക്കുന്നതിന് ഫലസ്തീനികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇസ്രഈല്‍ സൈന്യം. റമദാന്‍ മാസം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായാണ് ഇസ്രഈലിന്റെ തീരുമാനം.
തിങ്കളാഴ്ച ഇസ്രഈല്‍ സൈന്യം അല്‍ അഖ്‌സ പള്ളി ഇമാമായ ഷെയ്ഖ് മുഹമ്മദ് അല്‍ അബ്ബാസിയെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. കാരണമൊന്നുമില്ലാതെയാണ് നടപടിയെന്ന് വഫ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പള്ളിക്ക് ചുറ്റും സൈന്യത്തെ വിന്യസിക്കുമെന്ന് ഇസ്രഈല്‍ പൊലീസ് അറിയിച്ചു. മുസ്‌ലിം മതവിശ്വാസികളുടെ മൂന്നാമത്തെ പുണ്യസ്ഥലമായി കണക്കാക്കുന്ന അല്‍ അഖ്‌സയില്‍ റമദാനില്‍ ലക്ഷക്കണക്കിന് ഫലസ്തീനികള്‍ പ്രാര്‍ത്ഥനകള്‍ക്കെത്താറുണ്ട്. ബുധനാഴ്ചയാണ് ഫലസ്തീനില്‍ റമദാന്‍ ആരംഭിച്ചത്.
അതേസമയം, ഇസ്രഈലികളായ സന്ദര്‍ശകര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനുള്ള സമയം സൈന്യം വര്‍ധിപ്പിച്ചതായി ജറുസലേം ജില്ലാ കമാന്‍ഡര്‍ അവ്ഷലോം പെലെദ് അറിയിച്ചു.
അല്‍ അഖ്‌സ പള്ളി സന്ദര്‍ശിക്കുന്ന ബോര്‍ഡര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ Photo: Flash90/web.com
ഇസ്രഈലികള്‍ക്ക് റമദാനില്‍ നാല് മണിക്കൂറിന് പകരം അഞ്ച് മണിക്കൂര്‍ നേരം പള്ളിയില്‍ പ്രവേശിക്കാനാകും.
പള്ളിയില്‍ വിശ്വാസികള്‍ക്കുള്ള സന്ദര്‍ശന സമയം രാവിലെ 6.30 മുതല്‍ രാത്രി 11.30 ആക്കിയും മാറ്റം വരുത്തി. മുമ്പ് ഏഴ് മണിക്ക് ആരംഭിച്ച് 11നായിരുന്നു അവസാനിച്ചിരുന്നത്.
പള്ളിക്കരികിലുള്ള ജൂതന്‍മാര്‍ ടെമ്പിള്‍ മൗണ്ട് എന്നുവിളിക്കുന്ന പരിസര പ്രദേശങ്ങളില്‍ 24 മണിക്കൂറും സൈന്യത്തെ വിന്യസിക്കുമെന്നും ഇസ്രഈല്‍ അറിയിച്ചു.
വെസ്റ്റ് ബാങ്കില്‍ നിന്നുള്ള 10,000 പേര്‍ക്ക് മാത്രമാണ് അല്‍ അഖ്‌സയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുക. പ്രായ പരിധിയിലും കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. 50 വയസിന് മുകളിലുള്ളവര്‍ക്കും 12 വയസിന് താഴെയുള്ളവര്‍ക്കും വെള്ളിയാഴ്ചകളില്‍ മാത്രമായിരിക്കും പ്രവേശനത്തിന് അനുമതി.
55 വയസിന് മുകളിലുള്ള പുരുഷന്മാര്‍ക്കും 50 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കും പ്രവേശനത്തിനുള്ള പെര്‍മിറ്റ് നല്‍കുന്നത് നിയന്ത്രിക്കുമെന്ന് ജറുസലേം ഗവര്‍ണറേറ്റ് അറിയിച്ചു.
അതേസമയം, ഏകപക്ഷീയമായ നടപടികളിലൂടെ മുസ്‌ലിങ്ങളുടെ റമദാന്‍ കാലത്തെ തടസപ്പെടുത്താന്‍ ഇസ്രഈല്‍ ശ്രമിക്കുകയാണെന്ന് ജറുസലേം ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് ഇക്രിമ സബ്രി പറഞ്ഞു. സബ്രിയെ അല്‍ അഖ്‌സ പള്ളിയില്‍ പ്രവേശിക്കുന്നതിന് ഇസ്രഈല്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlight: Palestinians face strict restrictions on entry to Al-Aqsa Mosque during Ramadan; Imam detained




