Top News
വെനസ്വേലയില്‍ രാഷ്ട്രീയ തടവുകാര്‍ക്ക് പൊതുമാപ്പ്; ചരിത്രപരമായ ആംനസ്റ്റി ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
കാരക്കാസ്: രാഷ്ട്രീയ കാരണങ്ങളാല്‍ തടവിലാക്കപ്പെട്ട നൂറുകണക്കിന് ആളുകളെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ചരിത്രപരമായ ‘ആംനസ്റ്റി ബില്‍’ വെനസ്വേലന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. രാജ്യത്ത് രാഷ്ട്രീയ തടവുകാരുണ്ടെന്ന കാര്യം വര്‍ഷങ്ങളായി നിഷേധിച്ചിരുന്ന ഭരണകൂടത്തിന്റെ വലിയൊരു നയമാറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പ്രതിപക്ഷ നേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി രാഷ്ട്രീയ കാരണങ്ങളാല്‍ ജയിലിലായ നൂറുകണക്കിന് ആളുകള്‍ക്ക് ഇതിലൂടെ മോചനം ലഭിക്കും. ഫെബ്രുവരി 19 വ്യാഴാഴ്ചയാണ് ബില്ല് പാര്‍ലമെന്റ് അംഗീകരിച്ചത്.
കഴിഞ്ഞ മാസം അമേരിക്കന്‍ സൈന്യം നടത്തിയ നിയമവിരുദ്ധമായ നീക്കത്തിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവിലാക്കിയതിന് പിന്നാലെയാണ് രാജ്യത്ത് ഇത്തരത്തിലൊരു നിയമം വരുന്നത്. നിലവിലെ ആക്ടിങ് പ്രസിഡന്റായ ഡെല്‍സി റോഡ്രിഗസ് ആണ് ഈ നിയമം നിര്‍ദ്ദേശിച്ചത്. 1999 മുതല്‍ രാജ്യത്തുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി ജയിലിലായവര്‍ക്ക് പൊതുമാപ്പ് നല്‍കാനാണ് തീരുമാനം.
‘ഇതൊരു പൂര്‍ണ്ണമായ നിയമമാണെന്ന് പറയാനാവില്ലെങ്കിലും, വെനിസ്വേലയിലെ ജനങ്ങളുടെ ദുരിതം കുറയ്ക്കാന്‍ സഹായിക്കുന്ന വലിയൊരു ചുവടുവെപ്പാണിത്,’ പ്രതിപക്ഷ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഇതിനോടകം തന്നെ ചില തടവുകാരെ സര്‍ക്കാര്‍ മോചിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഡെല്‍സി കൂട്ടിച്ചേര്‍ത്തു.
ഇത് ഒരു പൂര്‍ണ്ണമായ നിയമമല്ലെന്നും എന്നാല്‍ ഈ നിയമം വെനസ്വേലക്കാരുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കുമെന്നും ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ അംഗമായ നോറ ബ്രച്ചോ പറഞ്ഞു. കഴിഞ്ഞ 27 വര്‍ഷമായി രാഷ്ട്രീയ ആക്രമണത്തിന് ഇരയായ ആക്ടിവിസ്റ്റുകള്‍, മനുഷ്യാവകാശ സംരക്ഷകര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ക്ക് ഈ നടപടി ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കൊലപാതകം, മയക്കുമരുന്ന് കടത്ത്, അഴിമതി, ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. വെനിസ്വേല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറോ പീനലിന്റെ കണക്ക് പ്രകാരം രാജ്യത്ത് 600-ല്‍ അധികം രാഷ്ട്രീയ തടവുകാരുണ്ട്.
രാഷ്ട്രീയ തടവുകാരുടെ മോചനം മന്ദഗതിയിലാണെന്ന് ആരോപിച്ച് ബന്ധുക്കളും കുടുംബാംഗങ്ങളും നിരാഹാര സമരവുമായി മുന്നോട്ട് വന്നിട്ടുണ്ട്.
Content Highlight: Venezuela Parliament Unanimously Approves Amnesty Law
യെലന കെ.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.




