India
ജുഡീഷ്യറിയിലെ അഴിമതിയെന്ന അധ്യായം; എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകം നിരോധിച്ചു;കോപ്പികള്‍ പിടിച്ചെടുക്കണമെന്നും സുപ്രീം കോടതി
ന്യൂദല്‍ഹി: ജുഡീഷ്യറിയിലെ അഴിമതിയെന്ന അധ്യായം ഉള്‍പ്പെടുത്തിയ എന്‍.സി.ഇ.ആര്‍.ടി എട്ടാം ക്ലാസിലെ പാഠപുസ്തകം നിരോധിച്ച് സുപ്രീം കോടതി. പുസ്തകത്തിന്റെ പ്രിന്റ് ചെയ്ത എല്ലാ പതിപ്പുകളും പിടിച്ചെടുക്കാനും ഡിജിറ്റല്‍ പതിപ്പുകള്‍ പിന്‍വലിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
കോടതി ഉത്തരവ് വൈകാതെ തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കണമെന്നും ഏതെങ്കിലും തരത്തില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.
വിവാദമായ അധ്യായം ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കേണ്ടെങ്കില്‍ വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. വിഷയത്തില്‍ എന്‍.സി.ആര്‍.ടി ഡയറക്ടര്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറിക്കും സുപ്രീം കോടതി ബെഞ്ച് കാരണം കാണിക്കല്‍ നോട്ടീസയച്ചു.
അധ്യായം ഉള്‍പ്പെടുത്തിയത് ആരാണെന്ന് കണ്ടെത്തേണ്ടത് തന്റെ കടമയാണ്. അധ്യായത്തില്‍ പറയുന്ന കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ നീതിന്യായ വ്യവസ്ഥയെ പൊതുജനങ്ങള്‍ എങ്ങനെ കാണുമെന്നതിനെ സംബന്ധിച്ച് ഗുരുതരമായ ആശങ്കയുണ്ടെന്നും വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനും അധികാരത്തെ ദുര്‍ബലപ്പെടുത്താനുമുള്ള ആസൂത്രിതമായ ഗൂഢാലോചനയാണിതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഈ നീക്കത്തെ തടയാതിരുന്നാല്‍ പൊതുജനങ്ങളുടെ മനസില്‍ ജുഡീഷ്യറിയുടെ പവിത്രതയ്ക്ക് കോട്ടം തട്ടും. അന്തസിനെ താഴ്ത്തിക്കെട്ടാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമായിട്ടാണ് ഇതിനെ ബാര്‍ ആന്‍ഡ് ബെഞ്ച് കാണുന്നതെന്നും കോടതി പറഞ്ഞു.
കേസിലുള്‍പ്പെട്ടിരിക്കുന്ന ആരേയും കുറ്റവിമുക്തരാക്കില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിരുപാധികം മാപ്പ് പറഞ്ഞു. എന്നാല്‍ എന്‍.സി.ഇ.ആര്‍.ടിയുടെ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമായ ക്ഷമാപണമില്ലെന്നും തെറ്റിനെ ന്യായീകരിക്കുന്നതായി തോന്നുന്നുവെന്നും സുപ്രീം കോടതി തിരിച്ചടിച്ചു.
ചൊവ്വാഴ്ച മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് എട്ടാം ക്ലാസിലെ പാഠഭാഗത്തെ കുറിച്ച് സുപ്രീം കോടതിയെ അറിയിച്ചത്. വിഷയത്തില്‍ ഗുരുതരമായ ആശങ്കയുണ്ടെന്നും അന്വേഷണ ഏജന്‍സികളും രാഷ്ട്രീയക്കാരും നടത്തുന്ന അഴിമതിയെ കുറിച്ച് പാഠപുസ്തത്തില്‍ മൗനമാണെന്നും കപില്‍ സിബല്‍ പ്രതികരിച്ചിരുന്നു.
Content Highlight: Chapter on corruption in judiciary, NCERT textbook banned; Supreme Court orders seizure of copies
അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.




