national news
ഇതാണ് ഉത്തരവാദിത്തമുള്ള ഭരണം; എല്ലായിടത്തും കൂടി, എന്നാല്‍ ഇവിടെ അത്രയ്‌ക്കൊന്നുമില്ലല്ലോ; ഇന്ധനവിലവര്‍ധനവിനെ ന്യായീകരിച്ച് റിജിജു
ന്യൂദല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയര്‍ന്ന സാഹചര്യത്തിലും, മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയില്‍ വളരെ കുറഞ്ഞ വര്‍ധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് ശേഷം പല രാജ്യങ്ങളിലും ഇന്ധനവില 20 ശതമാനം മുതല്‍ 100 ശതമാനം വരെ വര്‍ധിച്ചപ്പോള്‍ ഇന്ത്യയില്‍ പെട്രോളിന് 3.2 ശതമാനവും ഡീസലിന് 3.4 ശതമാനവും മാത്രമാണ് വര്‍ധനവുണ്ടായതെന്ന് റിജിജു ചൂണ്ടിക്കാട്ടി.
‘പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ലോകം വര്‍ധിച്ചുവരുന്ന ഇന്ധനച്ചെലവിനെ നേരിടുമ്പോള്‍ ഇന്ത്യ വേറിട്ടു നിന്നു. പല രാജ്യങ്ങളിലും പെട്രോള്‍, ഡീസല്‍ വിലയില്‍ 20 ശതമാനം മുതല്‍ ഏകദേശം 100 ശതമാനം വരെ വര്‍ധനവുണ്ടായപ്പോള്‍ ഇന്ത്യ പെട്രോളിന് 3.2 ശതമാനവും ഡീസലിന് 3.4 ശതമാനവും മാത്രമായി വര്‍ധനവ് പരിമിതപ്പെടുത്തി’
ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ കടക്കുകയും ആഗോള വിപണി അസ്ഥിരമാവുകയും ചെയ്തപ്പോഴും, പണപ്പെരുപ്പത്തില്‍ നിന്നും സാമ്പത്തിക സമ്മര്‍ദത്തില്‍ നിന്നും പൗരന്മാരെ സംരക്ഷിക്കുന്നതിനായി ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ആഴ്ചകളോളം വന്‍ നഷ്ടം സഹിച്ചു.
ഇതാണ് ഉത്തരവാദിത്തമുള്ള ഭരണം. ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന നേതൃത്വമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യ സാമ്പത്തിക സ്ഥിരതയും പൊതുജനക്ഷേമവും ഒരുപോലെ നിലനിര്‍ത്തുന്നത് തുടരുന്നു,’ റിജിജു ന്യായീകരിച്ചു.
ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതമാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഇതോടെ ദല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 94.77 രൂപയില്‍ നിന്ന് 97.77 രൂപയായും, ഡീസല്‍ വില 87.67 രൂപയില്‍ നിന്ന് 90.67 രൂപയായും ഉയര്‍ന്നു.
മറ്റ് രാജ്യങ്ങളിലെ വില വര്‍ധനയുമായി ബന്ധപ്പെട്ട കണക്കുകളും മന്ത്രി പങ്കുവെച്ചു. റിജിജു നല്‍കിയ കണക്കുകള്‍ പ്രകാരം: മലേഷ്യയില്‍ പെട്രോളിന് 89.7% ഡീസലിന് – 112.7%, അമേരിക്കയില്‍ പെട്രോളിന് 44%, ഡീസലിന് 48.1%, ചൈനയില്‍ പെട്രോളിന് 21.7%, ഡീസല്‍ – 23.7% എന്നിങ്ങനെ വര്‍ധനവുണ്ടായിട്ടുണ്ട്.
ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ കടന്ന സാഹചര്യത്തിലും പൗരന്മാരെ പണപ്പെരുപ്പത്തില്‍ നിന്ന് സംരക്ഷിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ആഴ്ചകളോളം വലിയ നഷ്ടം സഹിച്ചുവെന്ന് മന്ത്രി പറഞ്ഞു.
Content Highlight: Union Minister Kiren Rijiju justifies the fuel price hike.
ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.




