27
February, 2026

A News 365Times Venture

27
Friday
February, 2026

A News 365Times Venture

പ്രകോപനപരമായ മുദ്രാവാക്യം; ചിന്ത ജെറോമിനെതിരെ കേസ്

Date:



Kerala


പ്രകോപനപരമായ മുദ്രാവാക്യം; ചിന്ത ജെറോമിനെതിരെ കേസ്

കൊല്ലം: പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയെന്ന പരാതിയില്‍ സി.പി.ഐ.എം നേതാവ് ചിന്ത ജെറോമിനെതിരെ കേസ്. ഇരവിപുരം പൊലീസാണ് കേസെടുത്തത്. ചിന്ത ഉള്‍പ്പെടെ 56 പേര്‍ക്കെതിരെയാണ് കേസ്.

സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘം ചേര്‍ന്ന് പ്രകടനം നടത്തിയെന്നാണ് എഫ്.ഐ.ആര്‍. കോണ്‍ഗ്രസ് കൊല്ലൂര്‍വിള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസുദ്ദീന്‍ റാവുത്തറുടെ പരാതിയിലാണ് നടപടി.

കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്കേറ്റതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനത്തിനിടെയാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചത്.

പ്രകടനത്തിനിടെ ചിന്ത ജെറോം അസഭ്യവും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യം വിളിച്ചെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് സംഭവം.

പ്രകടനം വിവാദമായതിനെ തുടര്‍ന്ന് ചിന്ത ജെറോം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

‘പ്രകടനത്തില്‍ വൈകാരികമായ മുദ്രാവാക്യങ്ങള്‍ ഉണ്ടായിരുന്നു. പ്രകടനത്തിനൊപ്പം നല്‍ക്കുമ്പോള്‍ ഇത്തരം വൈകാരികമായ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചു പോകും. പക്ഷെ, സി.പി.ഐ.എമ്മിനെയും പുരോഗമന സംഘടനങ്ങളെയും സംബന്ധിച്ച് ഒരു രാഷ്ട്രീയമുണ്ട്. അത് സ്ത്രീകള്‍ക്കൊപ്പവും അരികുവത്കരിക്കപ്പെട്ട മനുഷ്യര്‍ക്കൊപ്പവും നില്‍ക്കുന്ന പുരോഗമന രാഷ്ട്രീയമാണ്,’ എന്നായിരുന്നു ചിന്തയുടെ പ്രതികരണം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ കട്ട് ചെയ്തതാണെന്നും മുഴുവനായിട്ടുള്ള വീഡിയോ ലഭ്യമാണെന്നും ചിന്ത പറഞ്ഞിരുന്നു.

എല്ലാ കാലത്തും സ്ത്രീപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് താനെന്നും പ്രചാരങ്ങള്‍ നടത്തുന്നവര്‍ വസ്തുതകള്‍ മനസിലാക്കണമെന്നും ചിന്ത ജെറോം വിശദീകരിച്ചിരുന്നു.

അതേസമയം ഇന്നലെ (ബുധന്‍) കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന കെ.എസ്.യു പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. മന്ത്രിയുടെ കൈക്കും കഴുത്തിനുമാണ് പരിക്കേറ്റത്. നിലവില്‍ മന്ത്രി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

സംഭവത്തില്‍ അഞ്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതുവരെ അറസ്റ്റിലായ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അതുല്‍ എം.സി, ജില്ലാ ട്രഷറര്‍ അക്ഷയ് മാട്ടൂല്‍, ബിതുല്‍ ബാലന്‍, അഹമ്മദ് യാസീന്‍, സി.എച്ച്. മുബാസ് എന്നിവരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

Content Highlight: Case filed against Chintha Jerome for provocative slogan




രാഗേന്ദു. പി.ആര്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related