നേപ്പാള്‍ തെരഞ്ഞെടുപ്പ്; ആര്‍.എസ്.പി ചെയര്‍മാനും ബാലേന്ദ്ര ഷായുമായും സംസാരിച്ച് പ്രധാനമന്ത്രി
ന്യൂദല്‍ഹി: നേപ്പാള്‍ പൊതുതെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് പിന്നാലെ ആര്‍.എസ്.പി (രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി) ചെയര്‍മാന്‍ റാബി ലാമിച്ചാനെയും ബാലേന്ദ്ര ഷായുമായും ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയം കൈവരിച്ച നേതാക്കളെ അഭിനന്ദിച്ചതായി പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചു. വരാനിരിക്കുന്ന നേപ്പാള്‍ സര്‍ക്കാരിന് എല്ലാവിധ പിന്തുണ അറിയിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെയും നേപ്പാളിന്റെയും ക്ഷേമം, പുരോഗതി എന്നിവയ്ക്കായി ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും വര്‍ഷങ്ങളില്‍ സംയുക്തമായ ശ്രമങ്ങളിലൂടെ ഇരുരാജ്യങ്ങളും പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നും മോദി പറഞ്ഞു.
Had warm telephone conversations with Mr. Rabi Lamichhane, Chairman of the Rastriya Swatantra Party (RSP) and Mr. Balendra Shah, Senior Leader of the RSP.
Congratulated both leaders on their electoral victories and RSP’s resounding success in the Nepal elections. Conveyed my…
— Narendra Modi (@narendramodi) March 9, 2026
നേപ്പാളിലെ ജനപ്രതിനിധി സഭയില്‍ ആകെ 275 സെറ്റുകളാണുള്ളത്. ഇതില്‍ 165 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബാക്കി 110 പേരെ ആനുപാതിക പ്രാതിനിധ്യത്തിലൂടെയാണ് തെരഞ്ഞെടുക്കുക.
നിലവില്‍ 165ല്‍ 127 സീറ്റുകളിലാണ് ആര്‍.എസ്.പി വിജയം കണ്ടത്. 17 സീറ്റുകളില്‍ മാത്രമാണ് നേപ്പാളി കോണ്‍ഗ്രസിന് വിജയിക്കാനായത്. മുന്‍ പ്രധാനമന്ത്രിയും സി.പി.എന്‍-യു.എം.എല്‍ അധ്യക്ഷനുമായ കെ.പി. ശര്‍മ ഒലിയെ അരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് ബാലേന്ദ്ര ഷാ പരാജയപ്പെടുത്തിയത്.
യുവാക്കളുടെ പിന്തുണയുടെ പേരില്‍ പ്രശസ്തനായ മുന്‍ റാപ്പറും രാഷ്ട്രീയനേതാവുമാണ് ബാലെന്‍ എന്നറിയപ്പെടുന്ന ബാലേന്ദ്ര ഷാ. ബാലെന്‍ അടുത്ത പ്രധാനമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
35കാരനായ ബാലേന്ദ്ര ഷാ ഇന്ത്യയില്‍ നിന്നാണ് എഞ്ചിനീയറിങ് പഠനം പൂര്‍ത്തീകരിച്ചത്. പിന്നീട് നേപ്പാള്‍ രാഷ്ട്രീയത്തില്‍ സജീവമാവുകയും കാഠ്മണ്ഡുവിലെ മേയറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
ജെന്‍സി പ്രക്ഷോഭത്തില്‍ നേപ്പാളിലെ ഒലി സര്‍ക്കാര്‍ താഴെ വീണതോടെ ബാലേന്ദ്ര ഷായെ ഇടക്കാല പ്രധാനമന്ത്രിയാക്കണമെന്ന് പ്രക്ഷോഭര്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlight: Nepal elections; PM Modi speaks to RSP Chairman and Balendra Shah




