ഇസ്രഈലിന് തിരിച്ചടി; പ്രതിരോധ കരാറുകളില്‍ നിന്ന് പിന്മാറി ഇറ്റലി
ടെഹ്റാന്: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ കൂടുതല്‍ ഒറ്റപ്പെട്ട് ഇസ്രഈല്‍.
ഇസ്രഈലുമായുള്ള എല്ലാ പ്രതിരോധ കരാറുകളില്‍ നിന്നും പിന്മാറുന്നതായി ഇറ്റലി അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ ഇസ്രഈലുമായുള്ള പ്രതിരോധ കരാര്‍ പുതുക്കുന്നത് നിര്‍ത്തിവെക്കുകയാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് ഇറ്റലിയുടെ നടപടി.
നേരത്തെ ഇറാനെതിരായ യു.എസ് സൈനിക നീക്കത്തില്‍ പങ്കാളിയാകില്ലെന്ന് ഇറ്റലി വ്യക്തമാക്കിയിരുന്നു. യുദ്ധ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമ മേഖലയില്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.
ഇസ്രഈലുമായ സൈനിക പരിശീലന സഹകരണം അവസാനിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങളും അറിയിച്ചു.
2006 ലാണ് ഇസ്രയേല്‍ ഇറ്റലിയുമായുള്ള കരാര്‍ അംഗീകരിക്കുന്നത്. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും കരാര്‍ പുതുക്കും. പ്രതിരോധ വ്യവസായങ്ങള്‍, സൈനികര്‍ക്കുള്ള വിദ്യാഭ്യാസം പരിശീലനം, ഗവേഷണം വികസനം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ മേഖലകളിലെ സഹകരണമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. യൂറോപ്പില്‍ ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊന്നായിരുന്നു ഇറ്റലി.
ലെബനനില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളെ ജോര്‍ജിയ മെലോനി ശക്തമായി വിമര്‍ശിച്ചിരുന്നു. ലിയോ മാര്‍പാപ്പയ്ക്ക് എതിരെ ട്രംപ് നടത്തിയ വിമര്‍ശനങ്ങളെയും മെലോനി എതിര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് കരാറില്‍ നിന്നുള്ള പിന്മാറ്റം. കരാര്‍ പുതുക്കുന്നില്ലെന്ന ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് ഇസ്രഈല്‍ പ്രതികരിച്ചിട്ടില്ല.
Content Highlight: Setback for Israel; Italy withdraws from defense contracts




