India
ജനസംഖ്യാ നിയന്ത്രണം പാലിച്ചതിനുള്ള ശിക്ഷ; മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സ്റ്റാലിന്
ചെന്നൈ: ജനസംഖ്യാടിസ്ഥാനത്തില്‍ ലോക്സഭാ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുന്നതില്‍ സംസ്ഥാനമാകെ കരിങ്കൊടി പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിന്.
നിര്‍ദ്ദിഷ്ട ഭേദഗതി ദക്ഷിണേന്ത്യയ്ക്കെതിരായ വലിയ ചരിത്രപരമായ അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഡി.എം.കെയുടെ മുഴുവന്‍ എം.പിമാരുടെയും അടിയന്തര യോഗം വിളിച്ച് ചേര്‍ക്കുകയും സംസ്ഥാനത്തുടനീളം കരിങ്കൊടി പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തതായും അദ്ദേഹം പറഞ്ഞു.
എം.പിമാര്‍ നാളെ പാര്‍ലമെന്റില്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചായിരിക്കും എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘ഒരു ആത്മാഭിമാനമുള്ള തമിഴന്’ എന്ന നിലയില്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയ സ്വാധീനം ഇല്ലാതാക്കുന്ന നീക്കങ്ങളെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യ വിജയകരമായി നിയന്ത്രിച്ച തമിഴ്നാട് പോലുളള സംസ്ഥാനങ്ങള്‍ക്ക് മണ്ഡലപുനര്‍നിര്‍ണയം നടപ്പിലാക്കുമ്പോള്‍ പാര്‍ലമെന്റിലെ സീറ്റുകളുടെ എണ്ണം കുറയാന്‍ സാധ്യതയുണ്ട് ഇത് രാഷ്ട്രീയമായ അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി തീകൊണ്ട് കളിക്കുകയാണെന്നും ബി.ജെ.പിയെ അനുകൂലിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായാണ് മണ്ഡലപുനര്നിര്ണയമെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യാ നിയന്ത്രണത്തില്‍ പരാജയപ്പെട്ട വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുകയും, ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുകയും ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് സ്റ്റാലിന് ചൂണ്ടിക്കാട്ടി.
ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ ശബ്ദം ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു.
തമിഴ്നാടുള്പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയാണ് ബില്ല് ബാധിക്കുകയെന്നും എല്ലാ സംസ്ഥാനങ്ങളും ഇതിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ രാജ്യം വലിയൊരു പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുമെന്ന് എക്സില്‍ പങ്കുവെച്ച വീഡിയോയില്‍ കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.
ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക്, ഇത് തമിഴ്നാടിന്റെ അന്ത്യശാസനം എന്ന് കുറിച്ച് കൊണ്ടായിരുന്നു വീഡിയോ പങ്കുവെച്ചത്.
ലോക്സഭാ സീറ്റുകള്‍ നിലവിലുള്ള 543ല്‍ നിന്ന് 816 ആയി ഉയര്‍ത്താനാണ് പുതിയ നിര്‍ദേശം. ഇത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അനാവശ്യമായ മുന്‍തൂക്കം നല്‍കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുനര്‍നിര്‍ണയത്തിന് ശേഷം സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമ്പോള്‍ വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 200ലധികം സീറ്റുകള്‍ അധികമായി ലഭിക്കുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഏകദേശം 65 സീറ്റുകള്‍ മാത്രമാണ് ലഭിക്കുക.
Content Highlight: Punishment for following population control; Stalin calls for black flag protest against constituency re-delimitation
നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.




