Kerala
ഇത് ആരുടെ ക്വോട്ടേഷന്‍ ആണെന്നറിയാം; കെ.സി വേണുഗോപാലിനെതിരായ മീഡിയാവണ്‍ നിലപാടില്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം: കെ.സി വേണുഗോപാലിനെതിരായ മീഡിയവണ്‍ ചാനലിലെ ഔട്ട് ഓഫ് ഫോക്കസ് പരിപാടിയില്‍ നിഷാദ് റാവുത്തര്‍ എടുത്ത നിലപാടിനെതിരെ പ്രതികരണവുമായി രാജീവ് ഗാന്ധി സ്റ്റഡീസ് സര്‍ക്കിള്‍ സ്റ്റേറ്റ് വക്താവും കെ.പി.സി.സി വക്താവുമായ വി.ആര്‍ അനൂപ്.
കെ.സി വേണുഗോപാല്‍ എന്ത് പണിയെടുത്തുവെന്നതിനെ കുറിച്ച് നിഷാദ് റാവുത്തര്‍ ചോദിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഔട്ട് ഓഫ് ഫോക്കസില്‍ വരുന്ന ചര്‍ച്ചകള്‍ ചിലയാളുകളുടെ പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്നും ഇത് ചിലയാളുകളെ ബോധപൂര്‍വ്വം തമസ്‌ക്കരിക്കുന്നതിനും ചിലയാളുകളെ ചില സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്നതിനും മറ്റുചിലരെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താനും ഒക്കെ വേണ്ടിയുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായുള്ള അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു നിഷാദ് റാവുത്തര്‍ തീര്‍ത്താല്‍ തീരാവുന്ന നേതാവല്ല കെ.സി വേണുഗോപാലെന്നും അദ്ദേഹം പറഞ്ഞു. കെ.സി വേണുഗോപാല്‍ എന്ത് പണിയെടുത്തുവെന്നുള്ളത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും പ്രവര്‍ത്തകരും ഓഡിറ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിഷാദ് റാവുത്തര്‍ ഇപ്പോള്‍ ചെയ്യുന്നത് മാധ്യമപ്രവര്‍ത്തകന്റെ പണിയല്ലെന്നും ആര്‍ക്കുവേണ്ടിയാണ് പണിയെടുക്കുന്നതെന്നത് താനിപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഔട്ട് ഓഫ് ഫോക്കസില്‍ ദളിത് പിന്നോക്ക വ്യക്തികളും വിഷയങ്ങളും ധാരാളാമായി വരുമെങ്കിലും
ഫാസിസ്റ്റ് വിരുദ്ധ പ്രമേയങ്ങളുടെ ക്ലൈമാക്‌സില്‍ ആഘോഷിക്കപ്പെടേണ്ട ഐക്കണുകള്‍ ആത്യന്തികമായി് മേനോനും നായരും വാര്യരും പിഷാരടിയുമൊക്കെതന്നെയാണ്. ബാക്കിയുള്ളവരൊക്കെ അവരുടെ സദ്യയില്‍ വിളമ്പാനുള്ള ഉപദംശങ്ങള്‍ മാത്രം ആണ്. വി.ആര്‍ അനൂപ് മറ്റൊരു പോസ്റ്റില്‍ കുറ്റപ്പെടുത്തി.
അങ്ങനെ ആരുടേയും സദ്യയിലെ അച്ചാര്‍ ആവാന്‍ ഇല്ലാ എന്ന് അവരോട് തന്നെ ആത്മാഭിമാനത്തോടെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജയിച്ചുവന്നാല്‍ മുഖ്യമന്ത്രിയാവാന്‍ കെ.സി വേണുഗോപാല്‍ അര്‍ഹനാണോ എന്ന് ചോദിച്ചാല്‍ അല്ലായെന്നാണ് അതിന്റെ ഒറ്റ ഉത്തരം എന്ന് നിഷാദ് റാവൂത്തര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കേരളത്തിനകത്ത് നിന്നുകൊണ്ട് പണിയെടുത്തവര്‍ ആരാണോ അവര്‍ മാത്രമാണ് മുഖ്യമന്ത്രിയാവാന്‍ അര്‍ഹനെന്നും അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയപ്പോള്‍ മാത്രമാണ് കെ.സി വേണുഗോപാല്‍ കേരളത്തില്‍ ആക്ടീവായി തുടങ്ങിയത്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ ഏറ്റവും വലിയ സ്ട്രഗ്‌ളിങ് പിരീഡില്‍ ആയിരിക്കുമ്പോഴും വിവാദത്തിന്റെ ചൂളയില്‍ ആയിരിക്കുന്ന ഘട്ടത്തില്‍ പോരാട്ടത്തിലൂടെ അധിക്ഷേപങ്ങളെ മറികടന്ന് വരാന്‍ പണിയെടുത്തവരാണ് മുഖ്യമന്ത്രിയാവാന്‍ അര്‍ഹര്‍.
ജനം കാണുന്നതും അവരെയാണ്. എത്ര നിരാകരിച്ചാലും വി.ഡി സതീശന്റെ പെഫോമന്‍സിന് കിട്ടുന്നൊരു വോട്ടുണ്ട്. യുവാക്കളുടെ തീരുമാനത്തിന് പുറത്താണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയത്. കേരളത്തിലെ കോണ്‍ഗ്രസിന് ശക്തമായ നേതൃത്വമില്ല. സി.പി.ഐ.എമ്മിന് വിധേയപ്പെടുകയാണ്, സി.പി.ഐ.എമ്മിന്റെ അഗ്രസീവ് നിലപാടുകള്‍ക്കെതിരെ സംസാരിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ല എന്ന് കരുതിയ യുവാക്കളുടെ രോഷമാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു വി.ആര്‍ അനൂപിന്റെ പ്രതികരണം.
Content Highlight: We know whose quotation this is; Congress on Media One’s stance against K.C. Venugopal
നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.




