Daily News
ഞങ്ങളുടെ തലമുറയിലെ എഡിറ്റർ സിദ്ധാർത്ഥൻ പരുത്തുക്കാടിനെതിരായ ആക്ഷേപങ്ങൾ അപലപനീയം; ദേശാഭിമാനിയിലെ സഹപ്രവർത്തകർ
തിരുവനന്തപുരം: മാധ്യമപ്രവർത്തക സ്‌മൃതി പരുത്തിക്കാടിനെതിരെയുള്ള ഇടത് സൈബർ ഹാൻഡിലുകളുടെ കടന്നാക്രമണം പിതാവ് സിദ്ധാർത്ഥൻ പരുത്തിക്കാടിലേക്കും പടർന്നിരിക്കുകയാണ്.
മുൻ മാധ്യപ്രവർത്തകനായ സിദ്ധാർത്ഥൻ പരുത്തിക്കാടിനെ സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനിയിൽ നിന്നും പുറത്താക്കിയത് സാമ്പത്തിക ക്രമക്കേട് കാണിച്ചതിലാണെന്നാണ് ആരോപണ ശരങ്ങൾ.
ഈ വിഷയത്തിൽ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സിദ്ധാർത്ഥൻ പരുത്തികാടിന്റെ സഹ പ്രവർത്തകർ.
സിദ്ധാർത്ഥൻ സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ലെന്നും, 60 വയസുകഴിഞ്ഞ് പെൻഷനായി പിരിഞ്ഞാണ് അദ്ദേഹം ദേശാഭിമാനി വിട്ടതെന്നുമാണ് സഹ പ്രവർത്തകരുടെ വിശദീകരണം.
സിനിമാ നിരൂപകനും, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക് പ്രസിഡന്റുമായ വി.കെ ജോസഫ്, കവിയും മാധ്യമ പ്രവർത്തകനുമായ ഓ.പി സുരേഷ് എന്നിവരാണ് സിദ്ധാർത്ഥൻ പരുത്തുക്കാടിനെതിരായ ആക്ഷേപങ്ങളിൽ അപലപിച്ച് രംഗത്തെത്തിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണങ്ങൾ.
‘സിദ്ധാർത്ഥൻ പരുത്തിക്കാടിനെ ദേശാഭിമാനി പുറത്താക്കിയിട്ടില്ല എന്നാണ് എൻ്റെ അറിവിലുള്ള കാര്യം. 60 വയസ് കഴിഞ്ഞപ്പോൾ പെൻഷനായി പിരിഞ്ഞതാണ്. ശ്രദ്ധേയനായ കഥാകൃത്തും നല്ല പത്രാധിപരും ആയിരുന്നു സിദ്ധാർത്ഥൻ, പാർട്ടി വിഭാഗീയതയുടെ കാലത്ത് പാർട്ടിയുടെ ഔദ്യോഗിക വിഭാഗത്തിന് സ്വീകാര്യമല്ലാത്ത നിലപാടുകൾ സൂക്ഷിച്ചിട്ടുണ്ടാവും
അതിനൊക്കെയുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്,’ വി.കെ ജോസഫ് പറഞ്ഞു.
സ്‌മൃതി പരുത്തിക്കാടിന്റെ നിലപാടുകളിൽ വിയോജിപ്പും ദേഷ്യവുമൊക്കെയാകാമെന്നും സ്‌മൃതിയുടെ പല നിലപാടുകളും വളരെ അപഹാസ്യവും ബോധപൂർവ്വമായ സി.പി.ഐ.എം വിരുദ്ധത നിറഞ്ഞതുമാണെന്നും പറഞ്ഞ അദ്ദേഹം സ്‌മൃതിയെ വിമർശിക്കുമ്പോൾ അശ്ലീലകരവും സ്ത്രീവിരുദ്ധവുമായ ഭാഷ ഉപയോഗിക്കരുതെന്നും പറഞ്ഞു.
സിദ്ധാർത്ഥൻ പരുത്തിക്കാടിനെ അതിൻ്റെ പേരിൽ ഇല്ലാക്കഥ പറഞ്ഞ് ആക്ഷേപിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.കെ ജോസഫിനോട് ചേർന്നുനിൽകുന്നതുതന്നെയായിരുന്നു ഓ.പി സുരേഷിന്റെയും പ്രതികരണങ്ങൾ.
‘2004ൽ 60 വയസ്സായപ്പോൾ ദേശാഭിമാനിയിൽ നിന്ന് അസിസ്റ്റന്റ് എഡിറ്റർ ആയി വിരമിക്കും വരെ തന്റെ പത്രപ്രവർത്തന ജീവിതം അദ്ദേഹം ഒരു സാഹിത്യ സാധനയാക്കി.
സാമ്പത്തിക ക്രമക്കേടിന് ഒരു സാധ്യതയുമില്ലാത്ത തൊഴിൽ ചെയ്ത്, അത്തരം ഒരാരോപണം പോലും തൊഴിൽ കാലയളവിലോ പിന്നീടോ കേൾപ്പിച്ചിട്ടില്ലാത്ത ഒരാളെക്കുറിച്ച് സാമ്പത്തിക ക്രമക്കേട് കാണിച്ചതിന് പുറത്താക്കി എന്നൊക്കെ സൈബറിടത്തു വ്യാജ പ്രചരണം നടത്തുന്നത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. ഓ.പി സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.
നിയമപരമായി ലഭിക്കാനുള്ള മുഴുവൻ ആനുകൂല്യവും പറ്റി മാന്യമായി വിരമിച്ച ശേഷം അദ്ദേഹം രാഷ്ട്രീയ നിലപാടുകളിൽ മാറ്റം വരുത്തിയിട്ടുണ്ടാവാമെന്നും അതിനുള്ള ജനാധിപത്യ അവകാശം അദ്ദേഹത്തിനുണ്ടെന്നും ഓ.പി സുരേഷ് കൂട്ടിച്ചേർത്തു.
വയനാട് ദുരന്ത ബാധിതർക്കെതിരായ പരാമർശമായിരുന്നു സ്‌മൃതി പരുത്തിക്കാടിനെതിരായുള്ള സൈബർ ആക്രമണങ്ങൾക്ക് കാരണമായത്.
Content Highlight: The allegations against our generation’s editor Siddharth Paruthukkad are condemnable; colleagues at Deshabhimani




