Trending
ജര്‍മനി സാമ്പത്തികമായി ഇത്രമോശം അവസ്ഥയിലെത്തിയതില്‍ അത്ഭുതമില്ല;ട്രംപ് അമേരിക്കയെ നാണം കെടുത്തിയെന്ന ജര്‍മന്‍ ചാന്‍സലറുടെ വിമര്‍ശനത്തില്‍ മറുപടി
വാഷിങ്ടണ്‍: ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡിക് മെര്‍സിന്റെ അമേരിക്കയ്‌ക്കെതിരായ പരാമര്‍ശത്തിന് പിന്നാലെ പരിഹാസവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
മെര്‍സ് എന്താണ് പറയുന്നതെന്ന് അയാള്‍ക്ക് തന്നെ അറിയില്ലെന്നും മറ്റു രാജ്യങ്ങളോ മുന്‍ പ്രസിഡന്റുമാരോ ചെയ്യാന്‍ മടിച്ച കാര്യമാണ് താനിപ്പോള്‍ ഇറാനോട് ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു.
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക നാണം കെടുകയാണെന്നും ഈ പ്രതിസന്ധിയില്‍ നിന്ന് പുറത്ത് കടക്കാന്‍ യു.എസിന് കൃത്യമായ പദ്ധതിയില്ലെന്നുമുള്ള മെര്‍സിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ട്രംപിന്റെ മറുപടി.
‘ജര്‍മനി സാമ്പത്തികമായും അല്ലാതെയും ഇത്ര മോശമായ അവസ്ഥയില്‍ ആയിരിക്കുന്നതില്‍ അത്ഭുതമില്ല,’ ട്രംപ് പരിഹസിച്ചു.
ഇറാനെതിരായ ആക്രമണത്തില്‍ പങ്കുചേരാന്‍ വിസമ്മതിച്ച നാറ്റോ നേതാക്കള്‍ക്കെതിരെയും ട്രംപ് രോഷം പ്രകടിപ്പിച്ചു.
‘ചില സഖ്യ കക്ഷികള്‍ ഇറാനെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനെതിരെ തങ്ങളുടെ വ്യോമപാത പോലും അടച്ചിരുന്നു. ഇതില്‍ ഞാന്‍ പൂര്‍ണമായും നിരാശനാണ്,’ അദ്ദേഹം പറഞ്ഞു.
നേരത്തെ അഫ്ഗാനിസ്ഥാനിലും ഇറാഖിലും സംഭവിച്ചത് പോലെ അമേരിക്ക മറ്റൊരു ചതിക്കുഴിയില്‍ വീഴാന്‍ സാധ്യതയുണ്ടെന്നും മെര്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
‘ഇറാനികള്‍ വ്യക്തമായി തന്നെ ചര്‍ച്ചകളില്‍ വളരെ പ്രാവീണ്യമുള്ളവരാണ് അല്ലെങ്കില്‍
കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ചര്‍ച്ച നടത്താതിരിക്കാന്‍ തന്നെ അതിവിശേഷ കഴിവുള്ളവര്‍. അമേരിക്കക്കാരെ ഇസ്‌ലാമാബാദിലേക്ക് യാത്ര ചെയ്യിപ്പിപ്പ് യാതൊരു ഫലവും കൂടാതെയാണ് മടങ്ങിപ്പോകാന്‍ അനുവദിച്ചിരിക്കുന്നത്.
ഇറാനിയന്‍ നേതൃത്വത്താല്‍, പ്രത്യേകിച്ച് റെവല്യൂഷണറി ഗാര്‍ഡ് എന്ന് വിളിക്കപ്പെടുന്നവരാല്‍, ഒരു രാഷ്ട്രം അപമാനിക്കപ്പെടുന്നു. അതിനാല്‍ ഇത് വേഗം അവസാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ മെര്‍സ് പറഞ്ഞു.
മെര്‍സ് നേരത്തെ വൈറ്റ് ഹൗസ് സന്ദര്‍ശിച്ചപ്പോള്‍ ജര്‍മിനിയെ ബഹുമാനിക്കപ്പെടുന്ന രാജ്യം എന്നും മെര്‍സിനെ നല്ലൊരു നേതാവ് എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചിരുന്നത്.
Content Highlight: Trump says he has no information about Mers; German Chancellor criticizes him for embarrassing America
നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.




