ഒരു മതവും മറ്റൊന്നിനെക്കാൾ ശ്രേഷ്ഠമല്ല; ശബരിമല കേസിൽ ബി.ജെ.പി നേതാവിനെ ശാസിച്ച് സുപ്രീംകോടതി
ന്യൂദൽഹി: ശബരിമല കേസിൽ വാദം കേൾക്കവേ അപ്രസക്ത വാദങ്ങൾ അവതരിപ്പിച്ചതിന് ബി.ജെ.പി നേതാവിനെ ശാസിച്ച് സുപ്രീംകോടതി. ബി.ജെ.പി നേതാവും കോടതിയിൽ സംഘപരിവാറിനുവേണ്ടി സ്ഥിരമായി വാദിക്കാറുമുള്ള അഡ്വ. അശ്വനി കുമാർ ഉപാധ്യായയെയാണ് കോടതി ശാസിച്ചത്.
കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ വാദം പരിമിതപ്പെടുത്താൻ ഒമ്പതംഗ ബെഞ്ച് ആവശ്യപ്പെടുകയായിരുന്നു. രാമായണം, വിഷ്ണു പുരാണം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങളെ കോടതിയിൽ ഉയർത്തിക്കാണിച്ചും, ഹിന്ദു ധർമം മറ്റു മതങ്ങളെക്കാൾ വലുതാണെന്ന് പറഞ്ഞുമാണ് അശ്വനി കുമാർ കേസിൽ വാദങ്ങൾ ഉയർത്തിയത്. ഇതോടെ കോടതി ഇടപെടുകയായിരുന്നു.
മതങ്ങളാണ് സംഘർഷങ്ങളുടെ ഉറവിടമെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് 2000 വർഷംകൊണ്ട് ഭാരതം 25 കഷണങ്ങളായി മുറിക്കപ്പെട്ടുവെന്നും 200 വർഷത്തിനിടയിൽ ഭാരതം ഏഴ് രാജ്യങ്ങളായി വിഭജിക്കപ്പെട്ടുവെന്നും വാദിച്ചു.
എല്ലാ പ്രവർത്തിക്കും പ്രതികരണമുണ്ടാകുമെന്നും ശബരിമല വിധിയുടെ പ്രത്യാഘാതങ്ങൾ കാണേണ്ടിവരുമെന്നും അശ്വനി കുമാർ ഉപാധ്യായ കോടതിയെ ഓർമിപ്പിച്ചു. പുരാണ ഗ്രന്ഥങ്ങളുടെ പകർപ്പുകൾ കോടതിൽ ഉയർത്തികാണിച്ച് ഇവയിലൊന്നും ഇതിനെ പിന്തുടരാത്തവർ നരകത്തിൽ പോകുമെന്ന് പ്രസ്താവിക്കുന്നില്ലെന്ന് ബി.ജെ.പി നേതാവ് വാദിച്ചതോടെ ചർച്ചകൾ വിഷയത്തിന് പുറത്തേക്ക് പോകുന്നുവെന്ന് പറഞ്ഞ് ജസ്റ്റിസ് മഹാദേവൻ ഇടപെട്ടു.
എല്ലാ മതങ്ങളും തുല്യരാണെന്നും കോടതിയിൽ വന്ന് ഒന്ന് മറ്റൊന്നിന് മുകളിലാണെന്ന് പറയരുതെന്നും ജസ്റ്റിസ് നാഗരത്ന പ്രതികരിച്ചു. തുടർന്നും അഡ്വ. അശ്വനി കുമാർ ഉപാധ്യായ ഹിന്ദു ധർമത്തെ പുകഴ്ത്തിയുള്ള വാദങ്ങൾ തുടർന്നതോടെ ജസ്റ്റിസ് അമാനുല്ലയും ഇടപെട്ട് വാദങ്ങൾ തടയുകയായിരുന്നു.
Content Highlight: No religion is superior to another; Supreme Court reprimands BJP leader in Sabarimala case




