national news
മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ വീണ്ടും തിരിച്ചടി; 153ാം സ്ഥാനത്തുള്ള പാകിസ്ഥാനും പിന്നില്‍ ഇന്ത്യ
ന്യൂദല്‍ഹി: ലോക മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പുറത്തുവിട്ട 2026ലെ കണക്കനുസരിച്ച് ലോകത്തിലെ 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 157-ാം സ്ഥാനത്തേക്ക് താഴ്ന്നു.
2025ല്‍ 151-ാം സ്ഥാനത്തായിരുന്ന ഇന്ത്യയ്ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ആറ് സ്ഥാനങ്ങളാണ് നഷ്ടപ്പെട്ടത്. ഇത് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ റാങ്കിങ്ങാണ് എന്നതും ശ്രദ്ധേയമാണ്.
മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളെല്ലാം തന്നെ മെച്ചപ്പെട്ട നിലയിലാണ്. ബംഗ്ലാദേശ് 152ാം സ്ഥാനത്തും പാകിസ്ഥാന്‍ 153ാം സ്ഥാനത്തുമാണ്. ഭൂട്ടാന്‍ – 150, ശ്രീലങ്ക – 134, നേപ്പാള്‍ – 87 എന്നിങ്ങനെയാണ് ഇന്ത്യയുടെ മറ്റ് അയല്‍രാജ്യങ്ങളുടെ റാങ്കിങ്.
വംശഹത്യ ഭീഷണി നേരിടുന്ന ഫലസ്തീന്‍ (156) പോലും ഇന്ത്യയേക്കാള്‍ ഒരു സ്ഥാനം മുന്നിലാണെന്നത് ശ്രദ്ധേയമാണ്
ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ചൈന (178) മാത്രമാണ് റാങ്കിങ്ങില്‍ പിന്നിലുള്ളത്.
അമേരിക്കയും റാങ്കിങ്ങില്‍ തിരിച്ചടി നേരിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആറ് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട ട്രംപ് ഭരണകൂടം നിലവില്‍ 64ാം സ്ഥാനത്താണ്.
2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ഇന്ത്യന്‍ മാധ്യമരംഗം ഒരു ‘അനൗദ്യോഗിക അടിയന്തരാവസ്ഥ’യിലാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് 70-ലധികം മാധ്യമ സ്ഥാപനങ്ങളുള്ളതും ഗൗതം അദാനി എന്‍.ഡി.ടി.വി ഏറ്റെടുത്തതും മുഖ്യധാരാ മാധ്യമങ്ങളിലെ ബഹുസ്വരത ഇല്ലാതാക്കിയെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് നിരീക്ഷിക്കുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നും പ്രതിവര്‍ഷം ശരാശരി രണ്ടോ മൂന്നോ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
രാജ്യദ്രോഹം, അപകീര്‍ത്തിപ്പെടുത്തല്‍, യു.എ.പി.എ തുടങ്ങിയ കരിനിയമങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അടിച്ചമര്‍ത്താന്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഇന്ത്യന്‍ ന്യൂസ് റൂമുകളില്‍ സവര്‍ണ ഹിന്ദു പുരുഷ മേധാവിത്തമാണെന്നും ചര്‍ച്ചകളില്‍ സ്ത്രീകളുടെ പങ്കാളിത്തം 15 ശതമാനത്തില്‍ താഴെയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
തുടര്‍ച്ചയായ പത്താം തവണയും നോര്‍വേയാണ് മാധ്യമസ്വാതന്ത്രത്തില്‍ ഒന്നാമത്. നെതര്‍ലന്‍ഡ്സ്, എസ്റ്റോണിയ, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങള്‍.
എറിത്രിയയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍ (180).
Content Highlight: India suffers another setback in the World Press Freedom Index
ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.




