World News
‘അപകടകരമായ കളി, നിയമവാഴ്ച അട്ടിമറിക്കപ്പെടുന്നു’; വെളിപ്പെടുത്തലുകളുമായി ഐ.സി.സി ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാന്‍
ഹേഗ്: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെയും അതിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെയും അട്ടിമറിക്കാന്‍ ലോക രാജ്യങ്ങളുടെ നേതൃത്വത്തില്‍ ‘അപകടകരമായ’ നീക്കങ്ങള്‍ നടക്കുന്നതായി ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാന്‍.
തന്നെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ചില നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്രഈലിന്റെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടെ തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം മിഡില്‍ ഈസ്റ്റ് ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വെളിപ്പെടുത്തി.
ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്ന ഘട്ടത്തില്‍ താന്‍ നേരിട്ട അസാധാരണമായ വെല്ലുവിളികളെക്കുറിച്ച് ഖാന്‍ അഭിമുഖത്തില്‍ വിവരിച്ചു.
മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണ്‍, യു.എസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം എന്നിവരില്‍ നിന്ന് തനിക്ക് നേരിട്ട് ഭീഷണികളുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
അറസ്റ്റ് വാറണ്ടുമായി മുന്നോട്ട് പോയാല്‍ യു.കെ ഐ.സി.സിയില്‍ നിന്ന് പിന്മാറുമെന്നും ഫണ്ട് നിര്‍ത്തലാക്കുമെന്നും കാമറൂണ്‍ ഭീഷണിപ്പെടുത്തിയതായി ഖാന്‍ വെളിപ്പെടുത്തി.
‘തീരുമാനവുമായി മുന്നോട്ടുപോയാല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും’ എന്നായിരുന്നു സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമിന്റെ മുന്നറിയിപ്പ്,’ അദ്ദേഹം പറഞ്ഞു.
ലൈംഗിക ആരോപണങ്ങളെത്തുടര്‍ന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസ് ഓഫ് ഇന്റേണല്‍ ഓവര്‍സൈറ്റ് സര്‍വീസസ് നടത്തിയ അന്വേഷണത്തില്‍ ഖാന്റെ ഭാഗത്ത് തെറ്റായ പെരുമാറ്റമുണ്ടായതിന് തെളിവില്ലെന്ന് ജഡ്ജിമാരുടെ പാനല്‍ നിഗമനത്തിലെത്തിയിരുന്നു.
എന്നാല്‍, ഈ റിപ്പോര്‍ട്ട് അവഗണിച്ച് കേസ് പുനരന്വേഷിക്കാന്‍ കോടതിയുടെ ഭരണസമിതിയായ അസംബ്ലി ഓഫ് സ്റ്റേറ്റ് പാര്‍ട്ടീസ് വോട്ട് ചെയ്തത് പക്ഷപാതപരമാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ പരാതി നല്‍കിയ വ്യക്തിയുമായി എ.എസ്.പി വൈസ് പ്രസിഡന്റ് രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും, അന്വേഷണം നേരിടുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന രഹസ്യാത്മകത തനിക്ക് നിഷേധിക്കപ്പെട്ടെന്നും ഖാന്‍ പറഞ്ഞു. തന്റെ പേര് മാധ്യമങ്ങള്‍ക്ക് നല്‍കിയത് നടപടിക്രമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ സമ്മര്‍ദം കാരണം തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരെ നീക്കം ചെയ്യുന്നത് അപകടകരമായ ഒരു കീഴ്വഴക്കം സൃഷ്ടിക്കുന്നതിന് കാരണമാകുമെന്നും കരീം ഖാന്‍ മുന്നറിയിപ്പ് നല്‍കി.
‘ഒരു പ്രക്രിയയെ രാഷ്ട്രീയ കാരണങ്ങളാല്‍ അട്ടിമറിക്കാന്‍ കഴിയുമെങ്കില്‍, ഭാവിയില്‍ ഏതൊരു ഉദ്യോഗസ്ഥനെയും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പുറത്താക്കാന്‍ സാധിക്കും. ഇത് കോടതിയുടെ സ്വതന്ത്ര രീതികളെ ബാധിക്കും,’ കരീം ഖാന്‍ പറഞ്ഞു.
ബെല്‍ജിയം, ഇറ്റലി, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് ജഡ്ജിമാരുടെ പാനലിനെ അവഗണിച്ച് പുനരന്വേഷണത്തിന് വോട്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. തന്നെ പുറത്താക്കാനാണ് തീരുമാനമെങ്കില്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ അപ്പീല്‍ ട്രൈബ്യൂണലിനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യന്‍, ഇസ്രഈല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെയോ ഓഫീസിനെയോ നിരീക്ഷിക്കുന്നുണ്ടാകാമെന്നും, ഹേഗിലെ മൊസാദ് സംഘത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ഭയമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തുമ്പോള്‍ ഐ.സി.സിക്ക് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകം ഇപ്പോള്‍ ഒരു വലിയ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണെന്ന് ഖാന്‍ ഓര്‍മ്മിപ്പിച്ചു. ‘നമ്മുടെ കുട്ടികള്‍ ക്രൂരമായ അധികാരത്താല്‍ ഭരിക്കപ്പെടുന്ന ലോകത്തിലാണോ അതോ നിയമത്താല്‍ നിയന്ത്രിക്കപ്പെടുന്ന ലോകത്തിലാണോ ജീവിക്കേണ്ടത്?
ഐ.സി.സി, ഐ.സി.ജെ തുടങ്ങിയ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ ശ്രമം നടക്കുന്നത് അവ അധികാരത്തിന് തടസ്സമായതുകൊണ്ടാണെന്നും നീതി നടപ്പിലാക്കാന്‍ ഈ ഘടനകള്‍ അനിവാര്യമാണെന്നും കരിം ഖാന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: ICC prosecutor Karim Khan details ‘dangerous’ attempt by states to remove him




