Kerala
സമൂഹത്തിൽ ധ്രുവീകരണമുണ്ടാക്കാൻ അനുവദിക്കരുത്, രാഷ്ട്രീയ പാർട്ടികൾ ഉത്തരവാദിത്തത്തോടെ പെരുമാറണം: സി.പി.ഐ.എം
തിരുവനന്തപുരം: കേരള സമൂഹത്തിലെ ധ്രുവീകരണ ശ്രമങ്ങളെ മുളയിലേ നുള്ളിക്കളയണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പ്രസ്താവന.
കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും സഹവർത്തിത്വവും തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്നും സമീപ ദിവസങ്ങളിൽ ഒരു രാഷ്ട്രീയ പാർട്ടിയും സമുദായ സംഘടനയും നടത്തിയ പ്രസ്താവനകളും പ്രതികരണങ്ങളും അത്യന്തം ആപൽകരമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്ത് അരങ്ങേറുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുകൊണ്ട് സമൂഹത്തിൽ ധ്രുവീകരണം സൃഷ്ടിക്കുകയും അതിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയും ചെയ്യുന്ന ആപൽകരമായ അവസ്ഥയിലേക്ക് കേരളത്തെ കൊണ്ടുപോകാൻ അനുവദിക്കരുതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇടുക്കിയിലും തുടർന്ന് അതിന് പ്രതികരണമെന്ന നിലയിൽ മറ്റിടങ്ങളിലും ഉയർന്നുവന്ന പ്രതികരണങ്ങൾക്കെതിരെ കേരള സമൂഹം ഒറ്റക്കെട്ടായിനിന്ന് പ്രതിഷേധിക്കണമെന്നും പ്രസ്താവയിൽ ആവശ്യപ്പെട്ടു.
രാജ്യത്തെമ്പാടും ന്യൂനപക്ഷത്തിനെതിരായി ആക്രമണങ്ങളും ധ്രുവീകരണങ്ങളും
നടന്നുകൊണ്ടിരുന്നപ്പോഴും അതിൽ നിന്നും വിട്ടുനിന്ന സംസ്ഥാനമാണ് കേരളമെന്നും രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും സി.പി.ഐ.എം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ പത്ത് വർഷമായി വർഗ്ഗീയ സംഘർഷങ്ങളില്ലാത്ത നാടായി കേരളത്തെ നയിക്കാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞിരുന്നു എന്നും മതനിരപേക്ഷതയെ ദുർബ്ബലപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയണമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകർക്കാനുള്ള എല്ലാ ശ്രമങ്ങൾക്കുമെതിരെ സാംസ്കാരിക കേരളം ഒന്നിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇടുക്കിയിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് വിജയ ആഘോഷത്തിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുദ്രാവാക്യം വിളിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി മുഖമാസികയിൽ ലേഖനമെഴുതുകയും ലീഗ് കേരളത്തിൽ ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കുകയാണെന്നും പറഞ്ഞിരുന്നു.
പ്രസ്താവനയുടെ പൂർണരൂപം:
കേരളത്തിന്റെ ഉജ്ജ്വലമായ മതനിരപേക്ഷ പാരമ്പര്യവും സഹവർത്തിത്വവും തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ അതീവ ജാഗ്രത പാലിക്കണം. സമീപ ദിവസങ്ങളിൽ ചില രാഷ്ട്രീയ പാർടിയും സമുദായ സംഘടനയും നടത്തിയ പ്രസ്താവനകളും പ്രതികരണങ്ങളും അത്യന്തം ആപൽകരമാണ്. പരസ്പരം വിദ്വേഷം പകർത്തുന്നവിധമുള്ള പ്രസ്താവനകൾ ജനങ്ങൾക്കിടയിൽ വലിയ ഭിന്നിപ്പ് സൃഷ്ടിക്കുന്നതിന് ഇടയാക്കുന്നതാണ്.
ഇത്തരം പ്രവണതകളെ മുളയിലെ നുള്ളികളഞ്ഞില്ലെങ്കിൽ അത് സമൂഹത്തിൽ സംഘർഷങ്ങൾ സൃഷ്ടിക്കപ്പെടുന്ന സ്ഥിതിയുണ്ടാവും. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുക്കൊണ്ട് സമൂഹത്തിൽ ധ്രുവീകരണം സൃഷ്ടിക്കുകയും അതിന് രാഷ്ട്രീയം ആയുധമാക്കി മാറ്റുകയും ചെയ്യുന്ന രാജ്യത്ത് അരങ്ങേറുന്ന ആപൽകരമായ അവസ്ഥയിലേക്ക് കേരളത്തെ കൊണ്ടുപോകാൻ അനുവദിക്കരുത്. അടുത്ത ദിവസങ്ങളിൽ ഇടുക്കിയിലും തുടർന്ന് അതിന് പ്രതികരണമെന്ന നിലയിൽ മറ്റിടങ്ങളിലും ഉയർന്നുവന്ന പ്രതികരണങ്ങൾക്കെതിരെ കേരള സമൂഹം ഒറ്റക്കെട്ടായിനിന്ന് പ്രതിഷേധിക്കണം.
രാഷ്ട്രീയ പാർടികളും സാമൂഹിക സംഘടനകളും ഉത്തരവാദിത്വത്തോടെ പെരുമാറണം.രാജ്യത്തെമ്പാടും ന്യൂനപക്ഷ വിഭാഗങ്ങളെ അക്രമിക്കുകയും വർഗ്ഗീയ ധ്രുവീകരണങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോൾ അതിൽ നിന്നും വിമുക്തമായി നിന്ന സംസ്ഥാനമായിരുന്നു കേരളം. കഴിഞ്ഞ പത്ത് വർഷമായി വർഗ്ഗീയ സംഘർഷങ്ങളില്ലാത്ത നാടായി കേരളത്തെ നയിക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിരുന്നു. മതനിരപേക്ഷതയെ ദുർബ്ബലപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയണം. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകർക്കാനുള്ള എല്ലാ ശ്രമങ്ങൾക്കുമെതിരെ സാംസ്കാരിക കേരളം ഒന്നിക്കണം.
Content Highlight: Do not allow polarization in society, political parties should behave responsibly: CPI(M)
മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം




