ഇസ്രഈലിനുള്ള യു.എസ് സഹായത്തെ ഭൂരിഭാഗം അമേരിക്കക്കാരും എതിർക്കുന്നു; ന്യൂയോർക് ടൈംസിന്റെ സർവ്വേ റിപ്പോർട്ട്
വാഷിങ്ടൺ: അമേരിക്കയിലെ ഭൂരിഭാഗം മനുഷ്യരും ഇസ്രഈലിന് യു.എസ് ഭരണകൂടം നൽകുന്ന സാമ്പത്തിക, സൈനീക സഹായങ്ങളെ എതിർക്കുന്നു എന്ന് റിപ്പോർട്ട്. ദി ന്യൂയോർക് ടൈംസും, സിയീന റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടും ചേർന്ന് സംഘടിപ്പിച്ച സർവേയിലാണ് കണ്ടെത്തൽ.
അമേരിക്കയിലെ 51 ശതമാനം പേരും ഇസ്രഈലിന് സഹായം നൽകുന്നതിനെ എതിർത്തപ്പോൾ 37 ശതമാനം ആളുകൾ മാത്രമാണ് സഹായത്തെ അനുകൂലിച്ചതെന്ന് സർവ്വേ പറയുന്നു.
കൂടാതെ, സർവേയിൽ പങ്കെടുത്തവരിൽ 37 ശതമാനം പേർ ഫലസ്തീനികളോട് കൂടുതൽ അനുഭാവം പുലർത്തുന്നവരാണെന്ന് കാണിക്കുന്നു. എന്നാൽ ഇസ്രഈലികളോട് അനുഭാവം പ്രകടിപ്പിച്ചത് 35 ശതമാനം പേരാണ്.
മെയ് 11 മുതൽ 15 വരെ പ്രായപൂർത്തിയായ 1500 അമേരിക്കൻ പൗരന്മാരെ ഭാഗമാക്കി സംഘടിപ്പിച്ച സർവേയിലാണ് ഈ കണ്ടെത്തലുകൾ.
എന്നാൽ ഗാലപ്പ് എന്ന റിസർച്ച് സംഘം മുൻപ് നടത്തിയ ഒരു സർവേയിൽ 41 ശതമാനം അമേരിക്കക്കാർ ഫലസ്തീനികളോട് അനുഭാവം പുലർത്തുന്നതായി കണ്ടെത്തിയിരുന്നു, ഇസ്രഈലികളോട് അനുഭാവം പ്രകടിപ്പിച്ചത് 36 ശതമാനം പേരാണ്.
ഫലസ്തീന് അനുകൂലമായി അമേരിക്കയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളും സമരങ്ങളുംമാണ് അമേരിക്കക്കാരുടെ ചിന്താഗതിയിലെ മാറ്റത്തിന് കാരണമെന്നാണ് സർവ്വേ സംഘടിപ്പിച്ച ഏജൻസികളുടെ കണ്ടെത്തൽ.
രാഷ്ട്രീയരംഗത്തും മാധ്യമരംഗത്തും നിലനിൽക്കുന്ന ഇസ്രഈൽ നയങ്ങൾക്ക് അനുകൂലമായ നിയന്ത്രണങ്ങൾ മറികടക്കുന്നതിനുവേണ്ടി ഇത്തരം പ്രക്ഷോഭങ്ങൾ സഹായിച്ചിട്ടുണ്ടെന്നും വിലയിരുത്തുന്നുണ്ട്.
Content Highlight: Most Americans oppose US aid to Israel; New York Times survey reports




