World News
ഫ്ലോട്ടില്ല മനുഷ്യാവകാശ പ്രവര്‍ത്തകരെ പരിഹസിച്ച് ഇസ്രഈല്‍ മന്ത്രി; ഇസ്രഈല്‍ പ്രതിനിധികളെ വിളിച്ചുവരുത്തി വിവിധ രാജ്യങ്ങള്‍
ജെറുലസലേം: ഗസയിലേക്ക് മാനുഷിക സഹായവുമായി പോയ കപ്പലുകള്‍ ഇസ്രഈല്‍ സൈന്യം പിടിച്ചെടുത്തതിലും, കസ്റ്റഡിയിലുള്ള ആക്ടിവിസ്റ്റുകളെ ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ പരിഹസിക്കുന്ന വീഡിയോ പുറത്തുവിട്ടതിലും ലോകമെമ്പാടും പ്രതിഷേധം ഇരമ്പുന്നു.
ഗസയിലേക്കുള്ള ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില്ലയില്‍ നിന്ന് ഇസ്രഈല്‍ സൈന്യം പിടികൂടിയ കുറഞ്ഞത് 87 മനുഷ്യാവകാശ പ്രവര്‍ത്തകരാണ് നിരാഹാര സമരം ആരംഭിച്ചത്. തങ്ങളെ നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയതില്‍ പ്രതിഷേധിച്ചും ഇസ്രഈല്‍ ജയിലുകളില്‍ കഴിയുന്ന 9,500ലധികം വരുന്ന ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് ഈ സമരം.
തീവ്ര വലതുപക്ഷവാദിയും ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ആഗോള പ്രക്ഷോഭത്തിന് കാരണമായത്. കൈകള്‍ ബന്ധിച്ച് നിലത്ത് മുട്ടുകുത്തി നില്ക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ അദ്ദേഹം പരിഹസിക്കുന്നത് വീഡിയോയില്‍ കാണാം.
ഇതിന് പിന്നാലെ ഇറ്റലി, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ്, കാനഡ എന്നീ രാജ്യങ്ങള്‍ ഇസ്രഈല്‍ അംബാസഡര്‍മാരെ വിളിച്ചുവരുത്തി തങ്ങളുടെ കടുത്ത പ്രതിഷേധം അറിയിച്ചു.
‘ഇസ്രഈല്‍ മന്ത്രി ബെന്‍-ഗ്വിറിന്റെ പെരുമാറ്റം ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. ഇറ്റാലിയന്‍ പൗരന്മാര് ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരോട് അവരുടെ മാനുഷിക അന്തസിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഇത്തരം പെരുമാറ്റം തീര്‍ത്തും അസ്വീകാര്യമാണ്,’ എന്നാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി പറഞ്ഞത്.
ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരോട്ട് ബെന്‍-ഗ്വിറിന്റെ നടപടികളെ അപലപിച്ചു. ഫ്രഞ്ച് പൗരന്മാരെ എത്രയും വേഗം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു
‘ഈ സംഭവം അങ്ങേയറ്റം ആശങ്കാജനകമാണ്. സിവിലിയന്മാരോടുള്ള മാനുഷികമായ പെരുമാറ്റം വളരെ ഗൗരവമുള്ള കാര്യമാണ്, ഇതില്‍ ഞങ്ങള്‍ അടിയന്തരമായി ഇടപെടും,’ എന്നായിരുന്നു കനേഡിയന്‍ വിദേശകാര്യമന്ത്രി അനിത ആനന്ദിന്റെ പ്രതികരണം.
‘ഇസ്രഈലിന്റെ ഈ നടപടിയുടെ നിയമസാധുത എന്താണ്? അത് ഇസ്രഈലിന്റെ സമുദ്രാതിര്ത്തിയാണോ? അന്താരാഷ്ട്ര സമുദ്രത്തില്‍ വെച്ച് മൂന്നാം രാജ്യത്തിന്റെ കപ്പലുകള്‍ പിടിച്ചെടുക്കാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത്?’ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെ മ്യൂങ് ചോദ്യമുന്നയിച്ചു.
മനുഷ്യാവകാശ പ്രവര്‍ത്തകരോടുള്ള പെരുമാറ്റത്തെ പൈശാചികം എന്ന് വിളിച്ചുകൊണ്ടാണ് സ്പാനിഷ് വിദേശകാര്യമന്ത്രി ജോസ് മാനുവല്‍ വിഷയത്തില്‍ തന്റെയും രാജ്യത്തിന്റെയും അതൃപ്തിയറിയിച്ചത്.
ഫലസ്തീനിലേക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട 50ലധികം കപ്പലുകളുടെ കൂട്ടത്തിലെ അവസാന കപ്പലായ ‘ലിന അല്‍-നബുള്‍സി’യില്‍ (Lina al-Nabulsi) നിന്നാണ് പ്രവര്‍ത്തകരെ ഇസ്രഈല്‍ പിടികൂടിയത്. സൈപ്രസ് തീരത്തെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ വെച്ചാണ് നെതന്യാഹു ഭരണകൂടം കപ്പലുകള്‍ പിടിച്ചെടുത്തത്.
ഇതുവരെ 430 മനുഷ്യാവകാശ പ്രവര്‍ത്തകരെ ഇസ്രഈല്‍ പിടികൂടിയിട്ടുണ്ട്. ഇതില്‍ അയര്‍ലന്‍ഡ് പ്രസിഡന്റ് കാതറിന് കൊണോലിയുടെ സഹോദരി ഡോക്ടര്‍ മാര്‍ഗരറ്റ് കൊണോലിയും ഉള്‍പ്പെടുന്നു. 9 ഇന്തോനേഷ്യന്‍ പൗരന്മാരും 15 ഐറിഷ് പൗരന്മാരും തടവിലുണ്ട്.
തുര്‍ക്കി, സ്പെയിന്, ജോര്‍ദാന്‍, പാകിസ്ഥാന്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രഈലിന്റെ ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് പ്രസ്താവിച്ചു. എന്നാല്‍ ഈ നീക്കം വെറും ഒരു പി.ആര് സ്റ്റണ്ട് മാത്രമാണെന്നാണായിരുന്നു ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയത്തിുന്റെ പ്രതികരണം.
Content Highlight: Israeli minister mocks flotilla human rights activists; various countries summon Israeli representatives
ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.




