national news
ജനങ്ങളെ പേടിച്ച് അവര്‍ തിരിച്ചുവരവിനൊരുങ്ങുന്നു; വിമത എം.പിമാരുമായി ചര്‍ച്ചകള്‍ നടക്കുന്നതായി സഞ്ജയ് റാവത്ത്
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി) പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിനിടെ, വിമത പക്ഷത്തുള്ള ചില എം.പിമാര്‍ പാര്‍ട്ടിയുമായി വീണ്ടും ബന്ധപ്പെടുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി മുതിര്‍ന്ന നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവത്ത്.
സ്വന്തം മണ്ഡലങ്ങളിലെ ജനരോഷം ഭയന്നാണ് വിമത എം.പിമാരില്‍ ചിലര്‍ പാര്‍ട്ടിയുമായി വീണ്ടും ബന്ധപ്പെടാന്‍ ശ്രമിക്കുന്നതെന്ന് റാവത്ത് ഞായറാഴ്ച അവകാശപ്പെട്ടു.
നിലവില്‍ ചുരുങ്ങിയത് രണ്ട് വിമത എം.പിമാരുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും, തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ട് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരുമായി ചര്‍ച്ചയ്ക്ക് പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
ദല്‍ഹിയില്‍ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് ആറ് ലോക്സഭാ എം.പിമാര്‍ വിട്ടുനിന്നതോടെയാണ് പാര്‍ട്ടിയിലെ പിളര്‍പ്പ് പരസ്യമായത്. സഞ്ജയ് ദിന പാട്ടീല്‍, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ജാദവ്, ഭാവുസാഹേബ് വക്ചൗരെ, നാഗേഷ് പാട്ടീല്‍-അഷ്ടിക്കര്‍, ഓംപ്രകാശ് രാജെ നിംബാല്‍ക്കര്‍ എന്നവരാണ് പാര്‍ട്ടി വിപ്പ് ലംഘിച്ച് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.
ഈ ആറ് എം.പിമാരും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന പക്ഷത്തേക്ക് മാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനോടകം തന്നെ ഇവര്‍ ഷിന്‍ഡെ പക്ഷവുമായി ലയനത്തിന് അനുമതി തേടി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ശിവസേന (യു.ബി.ടി)ക്ക് ആകെ ഒമ്പത് ലോക്സഭാ അംഗങ്ങളാണുള്ളത്. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യതാ നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ വിമത പക്ഷത്തിന് ആകെ എം.പിമാരുടെ മൂന്നില്‍ രണ്ട് ഭാഗം (അതായത് 6 എം.പിമാര്‍) പിന്തുണ അത്യാവശ്യമാണ്.
നിലവില്‍ വിട്ടുനിന്ന ആറ് പേരും സാങ്കേതികമായി ഇപ്പോഴും ഉദ്ധവ് പക്ഷത്തോടൊപ്പമാണെന്നും, സ്പീക്കറുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും റാവത്ത് ചൂണ്ടിക്കാട്ടി. വിപ്പ് ലംഘിച്ചവര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും അയോഗ്യതാ നടപടികളിലേക്ക് കടക്കുമെന്നും പാര്‍ട്ടി നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏക്നാഥ് ഷിന്‍ഡെ നയിക്കുന്ന വിഭാഗമാണ് യഥാര്‍ത്ഥ ശിവസേനയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ റാവത്ത് രൂക്ഷ വിമര്‍ശനമുന്നയിച്ചു.
ഇത് ശിവസേന സ്ഥാപകന്‍ ബാലാസാഹേബ് താക്കറെയെയും മഹാരാഷ്ട്രയിലെ ജനങ്ങളെയും ഒരേപോലെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ധവ് താക്കറെ നയിക്കുന്ന ഒരൊറ്റ ശിവസേന മാത്രമേ നിലവിലുള്ളൂവെന്നും ജനങ്ങള്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജനും സഞ്ജയ് റാവത്തും തമ്മിലുള്ള വാക്പോരും ഇതിനിടെ മുറുകി. ഇ.ഡി, സി.ബി.ഐ ഉദ്യോഗസ്ഥര്‍ എപ്പോഴാണ് റാവത്തിന്റെ വീട്ടിലെത്തുകയെന്ന് കണ്ടറിയാമെന്ന് മഹാജന് പരിഹസിച്ചിരുന്നു.
ഇതിന് മറുപടിയായി, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബി.ജെ.പിയുടെ വെറും ‘വീട്ടുജോലിക്കാര്‍’ മാത്രമാണെന്നും, കേന്ദ്ര ഏജന്‍സികള്‍ സ്വന്തം വീട്ടിലെത്തുമ്പോള്‍ മഹാജനെപ്പോലുള്ളവര്‍ ഒളിച്ചോടുകയോ പാര്‍ട്ടി മാറുകയോ ആണ് ചെയ്യാറെന്നും റാവത്ത് തിരിച്ചടിച്ചു.
Content Highlight: They are planning to return due to fear of the people; Sanjay Raut says talks are underway with rebel MPs
ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.




