India
ആര്‍.എസ്.എസ് അനുകൂല സംഘടനയുടെ സമ്മര്‍ദം; സര്‍ട്ടിഫിക്കറ്റുകളില്‍ ‘ഇന്ത്യ’ മാറ്റി ‘ഭാരത്’ എന്നാക്കി സര്‍വകലാശാലകള്‍
ഭോപ്പാല്‍: മധ്യപ്രദേശിലേയും ഛത്തീസ്ഗഢിലേയും കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകള്‍ മാര്‍ക്ക് ഷീറ്റുകളിലും ഔദ്യോഗിക രേഖകളിലും ‘ഇന്ത്യ’യ്ക്ക് പകരം ഭാരതം എന്ന് ഉപയോഗിക്കാന്‍ തീരുമാനിച്ചു.
ആര്‍.എസ്.എസുമായി ബന്ധപ്പെട്ട ഒരു സംഘടനയുടെ ക്യാമ്പയിനിനെ തുടര്‍ന്നാണ് തീരുമാനം. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ദേശീയതയും തനത് സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് വിശദീകരണം.
ആര്‍.എസ്.എസുമാായി അടുത്ത് പ്രവൃത്തിക്കുന്ന സംഘടനയായ ‘ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍’ എന്ന ഹിന്ദുത്വ സംഘടനയുടെ പ്രചാര പരിപാടികളാണ് ഈ മാറ്റങ്ങള്‍ക്ക് പിന്നില്‍.
മാര്‍ക്ക് ഷീറ്റുകള്‍ക്ക് പുറമേ കത്തിടപാടുകള്‍, സൈന്‍ ബോര്‍ഡുകള്‍, എന്നിവയിലും ഭാരത് എന്നാക്കും. മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള റാണി ദുര്‍ഗാവതി സര്‍വകലാശാലയില്‍ ഇന്ന് നടക്കുന്ന ബിരുദദാന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പങ്കെടുക്കും.
എല്ലാ ബിരുദ സര്‍ട്ടിഫിക്കറ്റുകളിലും ഇന്ത്യ എന്നതിന് പകരം ഇംഗ്ലീഷിലും ഹിന്ദിയിലും ഭാരത് എന്ന് രേഖപ്പെടുത്താന്‍ തങ്ങളുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രമേയം പാസാക്കിയതായി സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജേഷ് കുമാര്‍ വര്‍മ പറഞ്ഞു.
‘നമ്മള്‍ ഭാരതത്തിലെ ആളുകളാണ്. രാജ്യത്തിന്റെ യഥാര്‍ത്ഥ പേര് ഭാരത് എന്നാണ്. ഇന്ത്യ എന്ന പേര് പിന്നീടാണ് വന്നത്,’ വര്‍മ പറഞ്ഞു. ഇന്ത്യ എന്നത് ബ്രിട്ടീഷുകാര്‍ നല്‍കിയ പേരാണെന്നും അതെന്തിന് നാം തുടരണമെന്നും അദ്ദേഹം ചോദിച്ചു.
മധ്യപ്രദേശിലെ ദേവി അഹല്യ വിശ്വവിദ്യാലയം, ഛത്തീസ്ഗഢിലെ ഗുരു ഘാസിദാസ് വിശ്വവിദ്യാലയം (സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി) എന്നിവയുള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങളും ഈ മാറ്റം നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള പഴയ മാര്‍ക്ക്ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും സ്റ്റോക്ക് തീരുന്ന മുറയ്ക്ക് പുതിയവയില്‍ ‘ഭാരത്’ എന്ന് ചേര്‍ക്കും.
ഒരു രാജ്യത്തിന് രണ്ട് പേരുകള്‍ ഉണ്ടാകേണ്ടതില്ലെന്നും, ‘ഇന്ത്യ’ എന്നത് ബ്രിട്ടീഷുകാര്‍ നല്‍കിയ പേരാണെന്നുമാണ് ഇതിന് പിന്നിലുള്ള ഹിന്ദുത്വ സംഘടനയുടെ വാദം. മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പതിനേഴോളം സര്‍വകലാശാലകള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ‘ഭാരത്’ എന്ന പേര് മാത്രം ഉപയോഗിക്കാന്‍ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും സംഘടന അവകാശപ്പെടുന്നു.
‘ഭാരത്’ എന്നത് ഒരു പ്രോപ്പര്‍ നൗണ്‍ ആണെന്നും സംസാരിക്കുമ്പോഴും എഴുതുമ്പോഴും വ്യക്തിപരമായും പൊതുവേദികളിലും ‘ഭാരത്’ എന്ന് തന്നെ ഉപയോഗിക്കണമെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് നേരത്തെ വ്യക്തമാക്കിയിരുന്നു.
നിലവില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ രാജ്യത്തെ സൂചിപ്പിക്കാന്‍ ഇംഗ്ലീഷില്‍ ‘ഇന്ത്യ’ എന്നും ഹിന്ദിയില്‍ ‘ഭാരത്’ എന്നുമാണ് ഉപയോഗിക്കുന്നത്. ജി-20 സമ്മേളനത്തിന്റെ ക്ഷണക്കത്തിലും റിപ്പബ്ലിക് ദിന ഓഫീഷ്യല്‍ മെമ്മോറാണ്ടത്തിലും ‘ഭാരത്’ എന്ന പേര് ഉപയോഗിച്ചിരുന്നുവെങ്കിലും, കേന്ദ്ര സര്‍ക്കാര്‍ ‘മേക്ക് ഇന്‍ ഇന്ത്യ’, ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’ തുടങ്ങിയ പ്രധാന പദ്ധതികളില്‍ ഇപ്പോഴും ‘ഇന്ത്യ’ എന്ന പേര് നിലനിര്‍ത്തുന്നുണ്ട്.
Content Highlight: Pressure from pro-RSS organization; Universities change ‘India’ to ‘Bharat’ in certificates
നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.




