10
July, 2026

A News 365Times Venture

10
Friday
July, 2026

A News 365Times Venture

മമതയ്ക്ക് തിരിച്ചടി; മുതിര്‍ന്ന മൂന്ന് തൃണമൂല്‍ എം.പിമാര്‍ ബി.ജെ.പിയില്‍

Date:



national news


മമതയ്ക്ക് തിരിച്ചടി; മുതിര്‍ന്ന മൂന്ന് തൃണമൂല്‍ എം.പിമാര്‍ ബി.ജെ.പിയില്‍

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് പിന്നാലെ പാര്‍ട്ടിക്കും മമതാ ബാനര്‍ജിക്കും വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് മൂന്ന് മുന്‍ രാജ്യസഭാ എം.പിമാര്‍ ബി.ജെ.പിയില്‍.

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട സുഷ്മിത ദേവ്, സുഖേന്ദു ശേഖര്‍ റേ, പ്രകാശ് ചിക് ബരായ്ക് എന്നിവരാണ് കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

കൊല്‍ക്കത്ത സാള്‍ട്ട് ലേക്കിലെ ബി.ജെ.പി സംസ്ഥാന ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ നേതാക്കളെ പാര്‍ട്ടി പതാക നല്‍കി സ്വീകരിച്ചു. മുതിര്‍ന്ന സംസ്ഥാന നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

അടുത്തിടെ നടന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 294 സീറ്റുകളില്‍ 208 സീറ്റുകള്‍ നേടി ബി.ജെ.പി വന്‍ വിജയം കൈവരിക്കുകയും ആദ്യമായി സംസ്ഥാനത്ത് അധികാരത്തില്‍ എത്തുകയും ചെയ്തിരുന്നു.

ഈ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് 80 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഈ ദയനീയ പരാജയത്തിന് പിന്നാലെ, കഴിഞ്ഞ മാസമാണ് ഇവര്‍ മൂവരും രാജ്യസഭാംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചത്.

സുഖേന്ദു ശേഖര്‍ റേ, പ്രകാശ് ചിക് ബരായ്ക് എന്നിവര്‍ക്ക് 2029 സെപ്റ്റംബര്‍ വരെയും, സുഷ്മിത ദേവിന് 2030 ഏപ്രില്‍ വരെയും രാജ്യസഭയില്‍ കാലാവധി ബാക്കിയുണ്ടായിരുന്നു.

എം.പിമാരുടെ രാജിയെ തുടര്‍ന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ജൂലായ് 24ന് നടക്കും.

ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള ഈ നേതാക്കളുടെ വരവ് ബംഗാളില്‍ ബി.ജെ.പിയുടെ അടിത്തറയും സംഘടനാ ശേഷിയും കൂടുതല്‍ ശക്തമാക്കുമെന്ന് സമിക് ഭട്ടാചാര്യ പറഞ്ഞു.

തൃണമൂല്‍ ഭരണത്തില്‍ അഴിമതിയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ധിച്ചുവെന്നും മമത സര്‍ക്കാര്‍ എല്ലാ മേഖലകളിലും പരാജയമാണെന്നായിരുന്നു സുഖേന്ദു ശേഖര്‍ റേയുടെ ആരോപണം.

താന്‍ പദവികള്‍ പ്രതീക്ഷിച്ചല്ല ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും, രാജ്യസഭാ സീറ്റ് ലക്ഷ്യമിട്ടല്ല, ബംഗാളില്‍ നിന്നുള്ള ഒരു മുന്‍ എം.പി എന്ന നിലയിലാണ് പാര്‍ട്ടിയില്‍ എത്തിയതെന്നും സുഷ്മിത ദേവ് പറഞ്ഞു. ഇനി അസമില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജനവിധി പൂര്‍ണമായി അംഗീകരിച്ചുകൊണ്ടാണ് താന്‍ രാജിവെച്ചതെന്നും മമത ബാനര്‍ജിയോട് വ്യക്തിപരമായ വിരോധമൊന്നുമില്ലെന്നുമായിരുന്നു പ്രകാശ് ചിക് ബരായ്ക്കിന്റെ പ്രതികരണം.

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെയാണ് ഈ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ നടന്നിരിക്കുന്നത്.

നിലവില്‍ തൃണമൂല്‍ എം.എല്‍.എമാര്‍ മമത ബാനര്‍ജി പക്ഷമെന്നും വിമത വിഭാഗമായ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജി പക്ഷമെന്നും രണ്ട് വിഭാഗങ്ങളായി തിരിഞ്ഞിരിക്കുകയാണ്.

നിലവിലെ നിയമസഭാ കക്ഷി നില അനുസരിച്ച് ഏകദേശം 65 എം.എല്‍.എമാര്‍ ഋതബ്രത പക്ഷത്തിനൊപ്പവും 15 ഓളം പേര്‍ മമതയ്‌ക്കൊപ്പവുമാണ്. രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് 70 ഒന്നാം മുന്‍ഗണനാ വോട്ടുകള്‍ വേണം.

എന്നാല്‍ തൃണമൂലിലെ ഈ പിളര്‍പ്പ് കാരണം ഇരു വിഭാഗത്തിനും തനിച്ച് ഒരു സീറ്റ് പോലും നേടാനുള്ള ഭൂരിപക്ഷമില്ല. ഇതോടെ പ്രതിപക്ഷ നിരയിലെ ഭിന്നത മുതലെടുത്ത് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലും സുഗമമായി വിജയിക്കാന്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

 

Content highlight: 3 Trinamool Congress MPs joined BJP

 




ആദർശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related