9
July, 2026

A News 365Times Venture

9
Thursday
July, 2026

A News 365Times Venture

ഇന്ത്യക്ക് പങ്കെന്ന് കാനഡ ആരോപിച്ച നിജ്ജാര്‍ വധം- ഇന്ത്യന്‍ ഗാങ്സ്റ്റര്‍ക്കെതിരെ യു.എസ് കോടതി കുറ്റം ചുമത്തി

Date:



India


ഇന്ത്യക്ക് പങ്കെന്ന് കാനഡ ആരോപിച്ച നിജ്ജാര്‍ വധം: ഇന്ത്യന്‍ ഗാങ്സ്റ്റര്‍ക്കെതിരെ യു.എസ് കോടതി കുറ്റം ചുമത്തി

ന്യൂയോര്‍ക്ക്: കാനഡയില്‍ താമസിച്ചിരുന്ന ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഗാങ്സ്റ്റര്‍ ലോറന്‍സ് ബിഷ്‌ണോയ്ക്കും സഹായിക്കും എതിരെ യു.എസ് ഫെഡറല്‍ കോടതി കുറ്റം ചുമത്തി. 2023 ജൂണ്‍ 18നാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍ യു.എസിലെ ബിട്ടീഷ് കൊളംബിയയില്‍ ഗുരുദ്വാരക്ക് സമീപത്തുവെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്.

ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്താന്‍ നിര്‍ദേശിച്ചെന്ന കുറ്റമാണ് ഇപ്പോള്‍ ബിഷണോയ്ക്കും സഹായി സതീന്ദര്‍ജീത് സിങ് എന്ന ഗോള്‍ഡി ബ്രാറിനും എതിരെ യു.എസ്. ഫെഡറല്‍ കോടതി ചുമത്തിയിട്ടുള്ളത്. യു.എസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം നടത്തുന്ന മൂന്ന് ഇന്ത്യന്‍ ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരായ ഓപറേഷന്‍ ഹാര്‍ഡ് ബോളിന്റെ ഭാഗമായാണ് നടപടി.

ഓപറേഷന്‍ ഹാര്‍ഡ് ബോളിന്റെ ഭാഗമായി മൂന്ന് ക്രിമിനല്‍ സംഘങ്ങളിലെ 37 പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കൊലപാതകം, വാടകക്കൊലപാതകം, മയക്കുമരുന്ന് കടത്ത്, ആയുധ കടത്ത്, തട്ടിക്കൊണ്ടു പോകല്‍, മനുഷ്യക്കടത്ത്, കൊള്ള എന്നിവക്കുള്ള കുറ്റങ്ങളാണ് വിവിധ കേസുകളിലായി 37 പേര്‍ക്കെതിരെ ചുമത്തിയത്.

നിജ്ജാറിന്റെ കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ഓപറേഷന്‍ ഹാര്‍ഡ് ബോളിന്റെ ഭാഗമായി യു.എസിന്റെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്.ബി.ഐ) അന്വേഷിച്ചിരുന്നു. നിലവില്‍ ഗുജറാത്തിലെ ജയിലില്‍ കഴിയുന്ന ബിഷണോയിയുടെ ഗാങ്ങിന് പുറമെ ജഗ്ഗു ഭഗവാന്‍പൂരിയ, രവീന്ദര്‍ സിങ് ധന്ദ എന്നിവരുടെ ഗാങ്ങുകളാണ് ഓപ്പറേഷന്‍ ഹാര്‍ഡ്‌ബോളിന്റെ പരിധിയിലുള്ളത്.

ഇന്റര്‍നെറ്റ് ബേസ്ഡ് ഉപകരണങ്ങളും കോണ്ട്രബാന്‍ഡ് സെല്‍ഫോണും ഉപയോഗിച്ച് ബിഷ്‌ണോയ് തന്റെ ക്രിമിനല്‍ സംഘത്തെ നിയന്ത്രിക്കുന്നതായി യു.എസ്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കുറ്റപത്രത്തില്‍ പറയുന്നു. ജയില്‍ സെല്ലിലേക്ക് അനധികൃതമായി ഈ ഉപകരണങ്ങള്‍ ബിഷ്‌ണോയിക്ക് ലഭിക്കുന്നു. രാഷ്ട്രീയക്കാരെ വധിക്കുന്നത് അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇത്തരത്തില്‍ ബിഷ്‌ണോയ് നിര്‍ദേശം നല്‍കുകയും അയാളുടെ സംഘാംഗങ്ങള്‍ അവ നിര്‍വഹിക്കുകയും ചെയ്യുന്നു എന്നും ജസ്റ്റിസ് ഡിപാര്‍ട്‌മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുകയും ചെയ്തിരുന്നു.

ഹര്‍ദീപ് സിങ് നിജ്ജാറിനെ ഇന്ത്യ തീവ്രവാദിയായിട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. 2024ല്‍ നിജ്ജാറിന്റെ ചരമവാര്‍ഷിക ദിനത്തില്‍ കനേഡിയന്‍ പാര്‍ലമെന്റ് മൗനമാചരിച്ചതില്‍ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഖലിസ്ഥാന്‍ വാദികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കാനഡ ഇടം നല്‍കുന്നു എന്നും ഇന്ത്യ ആരോപിച്ചിരുന്നു.

ഈ വിഷയത്തില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ രണ്ട് വര്‍ഷത്തോളം വഷളായി തുടര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ മാര്‍ക്ക് കാര്‍ണി കനേഡിയന്‍ പ്രധാനമന്ത്രിയായ ശേഷമാണ് പിന്നീട് നയതന്ത്ര ബന്ധത്തിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടികളിലേക്ക് ഇരുപക്ഷവും പോയത്.

യു.എസ് ഇപ്പോള്‍ കുറ്റം ചുമത്തിയത് നജ്ജാറിന്റെ കൊലപാതകത്തിന് ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നില്ലെന്ന് കാനഡയുടെ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ലിസ മോര്‍ലാന്‍ഡ് പറഞ്ഞതായി സി.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘങ്ങള്‍ക്ക് കണ്ടെത്താനായില്ലെന്ന് യു.എസില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പിന്തുണക്കുന്നവര്‍ പറഞ്ഞതായി കുറ്റം ചുമത്തിയതിനെക്കുറിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഷ്‌ണോയ്‌ക്കെതിരായ കുറ്റകൃത്യങ്ങളെ ഇന്ത്യന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വികാസ് യാദവിനെതിരായ കുറ്റങ്ങളോട് ചേര്‍ത്ത് വായിക്കണമെന്ന് യു.എസ് ആസ്ഥാനമായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്.എഫ്.ജെ) ആവശ്യപ്പെട്ടതായും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എസ്.എഫ്.ജെ ജെനറല്‍ കൗണ്‍സില്‍ ഗുരുപത്വന്ത് സിങ് പന്നൂന്‍ ആണ് ഈ കാര്യം ആവശ്യപ്പെട്ടത്. ന്യൂയോര്‍ക്കില്‍ വച്ച് പന്നൂനിലെ കൊലപ്പെടുത്താന്‍ വാടക കൊലയാളിയെ ഏല്‍പിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു വികാസ് യാദവിനെതിരെ കുറ്റം ചുമത്തിയത്.

ബിഷ്‌ണോയ്‌ക്കെതിരെ കുറ്റം ചുമത്തിയതിനെ ഒറ്റപ്പെട്ട കാര്യമായി കാണാനാവില്ലെന്ന് പന്നൂന്‍ അഭിപ്രായപ്പെട്ടു. തെളിവുകള്‍ ഇന്ത്യന്‍ സര്‍ക്കാരിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight:  Lawrence Bishnoi has been charged with the murder of Khalistan leader Hardeep Singh Nijjar




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related