21
July, 2026

A News 365Times Venture

21
Tuesday
July, 2026

A News 365Times Venture

ഇത് രാജ്യത്തിന്റെ ഇരുണ്ട കാലഘട്ടമാണ്; വാങ്ചുക്കിന് പിന്തുണയറിയിക്കാന്‍ ആശുപത്രിവരെ വന്ന് മടങ്ങി മുഹമ്മദ് ദീപക്

Date:



India


‘ഇത് രാജ്യത്തിന്റെ ഇരുണ്ട കാലഘട്ടമാണ്’; വാങ്ചുക്കിന് പിന്തുണയറിയിക്കാന്‍ ആശുപത്രിവരെ വന്ന് മടങ്ങി മുഹമ്മദ് ദീപക്

ന്യൂദല്‍ഹി: സോനം വാങ്ചുക്കിനെ സന്ദര്‍ശിക്കാന്‍ ദല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലെത്തിയപ്പോള്‍ പൊലീസ് തന്നെ തടഞ്ഞതായി ഉത്തരാഖണ്ഡില്‍ മുസ്ലിം കടവടക്കാരനെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച ജിം ഉടമ മുഹമ്മദ് ദീപക് എന്ന ദീപക് കുമാര്‍. ദീപക് കുമാറിനെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സഫ്ദര്‍ജംഗ് ആശുപത്രി ഗേറ്റിന് മുന്നില്‍ വച്ചാണ് ദീപക് കുമാറിനെ കണ്ടതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വാങ്ചുക്കിന് പിന്തുണ അറിയിക്കാനാണ് താന്‍ ആശുപത്രിയിലെത്തിയതെന്നും ദീപക് വ്യക്തമാക്കി.

‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗീതാഞ്ജലി മാഡവുമായി (സോനം വാങ്ചുക്കിന്റെ പങ്കാളി ഗീതാഞ്ജലി ആങ്‌മോ) സംസാരിച്ചിരുന്നു. എന്റെ പിന്തുണ സോനത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമായിരിക്കുമെന്ന് അവര്‍ പറഞ്ഞു. അതാണ് ഞാന്‍ ഇവിടെ വന്നത്,’ ദീപകിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇത് രാജ്യത്തിന്റെ വളരെ ഇരുണ്ട കാലഘട്ടമാണ്. ഈ സര്‍ക്കാര്‍ ആരുടെ ആവശ്യങ്ങളും കേള്‍ക്കുന്നില്ല. ഇത് ഒരു സ്വേച്ഛാധിപത്യ രാജ്യത്തിന്റെ ലക്ഷണമാണെന്നും ദീപക് പറഞ്ഞു.

ജന്തര്‍ മന്ദറിലെ സമര വേദി താന്‍ സന്ദര്‍ശിച്ചതായും ദീപക് പറഞ്ഞു. തിങ്കളാഴ്ചത്തെ പാര്‍ലമെന്റ് മാര്‍ച്ചിലും താന്‍ പങ്കെടുക്കുമെന്ന് ദീപക് അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച നടക്കരുതാത്ത കാര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം തുടക്കത്തിലാണ് ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ ദീപക് മുസ്ലിം കടവടക്കാരനെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ചത്. ‘എന്റെ പേര് മുഹമ്മദ് ദീപക്,’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ദീപക് അന്ന് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ തടഞ്ഞത്.

തുടര്‍ന്ന് ഹിന്ദുത്വ സംഘടനകള്‍ ദീപകിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ജിം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും ഹിന്ദുത്വ വാദികളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.

അതേസമയം, സഫ്ദര്‍ജംഗ് ആശുപത്രിക്ക് മുന്നില്‍ വാങ്ചുക്കിന്റെ വ്യക്തിഗത ഡോക്ടറായ ഡോക്ടര്‍ സതീശ് ലാംബയെയും കണ്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സമരപ്പന്തലില്‍ നിന്ന് വാങ്ചുക്കിനെ ബലമായി പിടിച്ച് കൊണ്ടുപോയ ശേഷം അദ്ദേഹത്തെ തനിക്ക് കാണാന്‍ സാധിച്ചില്ലെന്ന് സതീശ് ലാംബ പറഞ്ഞു.

ഇന്നലെ (ജൂലൈ 18, ശനി) രാവിലെയായിരുന്നു ജന്ദര്‍ മന്തറിലെ സമര വേദിയില്‍ നിന്ന് സിവില്‍ വേഷത്തിലെത്തിയ ദല്‍ഹി പൊലീസ് സംഘം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് നീക്കിയത്. തുടര്‍ന്ന് അദ്ദേഹത്തെ സഫ്ദജര്‍ ജംഗ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ബെഡ്ഷീറ്റുകള്‍ കൊണ്ട് സമരവേദി മറച്ചായിരുന്നു പൊലീസ് സംഘം വാങ്ചുക്കിനെ സ്ഥലത്ത് നിന്ന് ബലം പ്രയോഗിച്ച് മാറ്റിയത്. ഇതിനാല്‍ സംഭവ സമയത്ത് പൊലീസ് വാങ്ചുക്കിനെ എന്താണ് ചെയ്തതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ല.

വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റിയതിന് പിന്നാലെ സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്കെ നിരാഹാര സമരം ആരംഭിച്ചിരുന്നു.

അതേസമയം, സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന അദ്ദേഹത്തിന്റെ പങ്കാളി ഗീതാഞ്ജലി ആങ്മോയുടെ ആവശ്യം ദല്‍ഹി ഹൈക്കോടതി തള്ളി.

സഫ്ദര്‍ജംഗ് ആശുപത്രി അധികൃതര്‍ വാങ്ചുക്കിന്റെ മെഡിക്കല്‍ റെക്കോഡ് തനിക്ക് നല്‍കാന്‍ വിസമ്മതിച്ചുവെന്നും അവിടെ സുതാര്യതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആശുപത്രി മാറ്റണമെന്നാവശ്യപ്പെട്ട് ആങ്മോ ഹൈക്കോടതിയെ സമീപിച്ചത്.

സര്‍ക്കാര്‍ അശുപത്രിയായ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്ന് വാങ്ചുക്കിനെ മാറ്റണമെന്നാണ് ഹരജിയിലെ ആവശ്യം. എന്നാല്‍ ഹരജി അടിയന്തരമായി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ചു.

Content Highlight: Outside Safdarjung hospital, ‘Mohammad Deepak’ says Police stopped from Entering hoospital to Visit Sonam Wangchuk

 




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related