വിവാദ ഉത്തരവില്‍ യൂ ടേണ്‍ അടിച്ച് ബി.സി.ഐ: ചീഫ് ജസ്റ്റിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍ ചെയ്യാം
ന്യൂദല്‍ഹി: ഹൈദരാബാദിലെ നല്‍സാര്‍ നിയമ സര്‍വകലാശാലയിലെ 2026 ബിരുദധാരികളെ അഭിഭാഷകരായി എന്‍ റോള്‍ ചെയ്യുന്നത് തടഞ്ഞ നടപടി പിന്‍വലിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഒരു തെറ്റും ചെയ്യാത്ത ഒരു വിദ്യാര്‍ത്ഥിയേയും ബുദ്ധിമുട്ടിക്കില്ലെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.
എന്നാല്‍ ഒരു വിദ്യാര്‍ത്ഥിയേയും മറ്റൊരു ഉത്തരവുണ്ടാവുന്നത് വരെ എന്റോള്‍ ചെയ്യിപ്പിക്കരുതെന്നായിരുന്നു ബി.സി. ഐ ചെയര്‍പേഴ്‌സണ്‍ മനന്‍ കുമാര്‍ മിശ്രയുടെ ആദ്യ ഉത്തരവ്. സംഭവം വിവാദമായതോടെയാണ് എന്‍ റോള്‍ ചെയ്യാമെന്ന പുതിയ ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ സര്‍വകലാശാലയുടെ ബിരുദധാന ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. പിന്നാലെയാണ് അഭിഭാഷകരായി എന്‍ റോള്‍ ചെയ്യുന്നത് തടഞ്ഞ് കൊണ്ടുള്ള ബി.സി.ഐ ഉത്തരവ് പുറപ്പെടുവിച്ചത്.
വിഷയത്തില്‍ സി.ജെ.പി പ്രതിഷേധം രേഖപ്പെടുത്തുകയും ബി.സി.ഐ ചെയര്‍പേഴ്‌സണിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
സംഭവം വലിയ വിവാദമായതോടൊണ് ബി.സി.ഐയുടെ ഇപ്പോഴത്തെ യൂ ടേണ്‍. ചീഫ് ജസ്റ്റിസിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനെതിരെ 450 ലധികം വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ക്ഷണിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു.
ജന്തര്‍ മന്ദറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ സുപ്രീം കോടതി ഇടപെടാത്തതിലാണ് വിദ്യാര്‍ത്ഥികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പോലും കാണാന്‍ കോടതി തയ്യാറായില്ലെന്നും വീഡിയോകള്‍ കാണാന്‍ താത്പര്യമില്ലെന്ന് പ്രതികരിച്ചതായും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ യുവാക്കളെ മുഴുവന്‍ പാറ്റകള്‍ എന്ന് വിളിച്ച ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശവും വിദ്യാര്‍ത്ഥികള്‍ പരാമര്‍ശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എന്ന പദവിയെയല്ല തങ്ങള്‍ എതിര്‍ക്കുന്നതെന്നും കോടതി നടപടികളും പരാമര്‍ശങ്ങളുമാണ് തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.
Content Highlight: BCI makes a U-turn on controversial order: Students who protested against the Chief Justice can enroll.




