World News
‘ഇനി ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്‍’; ഉപരോധ ഭീഷണിക്കിടെ ബ്രിട്ടന്റെ പേരുമാറ്റി നെതന്യാഹു
ലണ്ടന്‍: ബ്രിട്ടനെ ‘ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്‍’ എന്ന് വിശേഷിപ്പിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രഈലി മാധ്യമമായ ‘മെലെക് ബ്ലിറ്റ്‌സര്‍ ഹൈം’ (Melech Bltizer Haim) പോഡ്കാസ്റ്റിലും ‘ആര്‍മി റേഡിയോ’യിലും സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ബ്രിട്ടന്റെ പേര് മാറ്റി വിളിച്ചുകൊണ്ട് നെതന്യാഹു പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്.
അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രഈലി കുടിയേറ്റക്കാര്‍ക്കെതിരെയും അനുബന്ധ സംഘടനകള്‍ക്കെതിരെയും പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും, കുടിയേറ്റ മേഖലകളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനും യു.കെയിലെ ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് ഇസ്രഈല്‍ പ്രധാനമന്ത്രിയുടെ ഈ പ്രകോപനപരമായ പ്രതികരണം.
മാധ്യമങ്ങള്‍ ഇസ്രഈലിനോട് കാണിക്കുന്ന സമീപനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെ, 1967ലെ സിക്‌സ് ഡേ വാറിന്റെ സമയത്ത് ബ്രിട്ടീഷ് എഴുത്തുകാരനായ റാന്‍ഡോള്‍ഫ് ചര്‍ച്ചില്‍ ഇസ്രഈലിന് അനുകൂലമായി വാര്‍ത്തകള്‍ നല്‍കിയിരുന്നത് നെതന്യാഹു അവകാശപ്പെട്ടു.
‘ഇന്നത്തെ ബ്രിട്ടനില്‍ പോയി അങ്ങനെയൊന്ന് കണ്ടുപിടിക്കാന്‍ നോക്കൂ… അതിനെ വേണമെങ്കില്‍ ‘ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്‍’ എന്ന് വിളിക്കാം,’ നെതന്യാഹു പറഞ്ഞു.
റേഡിയോ അവതാരകന്‍ ‘യൂറോപ്പ് മുഴുവന്‍ ഇതുപോലെയല്ലേ?’ എന്ന് ചോദിച്ചപ്പോള്‍, 2022ല്‍ അമേരിക്കന്‍ ഉപരാഷ്ട്രപതി ജെ.ഡി. വാന്‍സ് നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടി ‘അതെ, എന്നാല്‍ നിങ്ങള്‍ക്കറിയാമോ, ആരോ പറഞ്ഞിട്ടുണ്ട് ‘അണുവായുധമുള്ള ആദ്യത്തെ ഇസ്‌ലാമിക് റിപ്പബ്ലിക്, ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്‍ ആയിരിക്കും’ എന്ന്. അങ്ങനെയൊന്ന് ഇവിടെ ഇറാനില്‍ ഉണ്ടാകുന്നില്ല എന്ന് ഞങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ട്,’ എന്ന മറുപടിയാണ് നല്‍കിയത്.
ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം സെപ്റ്റംബര്‍ മാസത്തോടെ ഇസ്രഈലിനെതിരെ ശക്തമായ പുതിയ നയങ്ങള്‍ പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തില്‍ക്കൂടിയാണ് നെതന്യാഹുവിന്റെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.
ലേബര്‍ പാര്‍ട്ടി ഭരണത്തിന് കീഴില്‍ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം അടുത്തിടെ ഗസയിലെ ആക്രമണങ്ങളില്‍ പാര്‍ട്ടിയുടെ മുന്‍ നിലപാടുകള്‍ക്ക് മാപ്പ് ചോദിച്ചിരുന്നു. വെടിനിര്‍ത്തല്‍ ആവശ്യപ്പെടാന്‍ ലേബര്‍ പാര്‍ട്ടി വൈകിയെന്നും ഇസ്രഈല്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ശക്തമാക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബേണ്‍ഹാം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫ്രാന്‍സ്, കാനഡ എന്നിവര്‍ക്കൊപ്പം ബ്രിട്ടനും ഫലസ്തീന്‍ രാജ്യത്തിന് അംഗീകാരം നല്‍കിയിരുന്നു. കൂടാതെ തീവ്ര വലതുപക്ഷ ഇസ്രഈലി മന്ത്രിമാരായ ഇറ്റാമര്‍ ബെന്‍ഗ്വിര്‍, ബെസാലെല്‍ സ്‌മോട്രിച്ച് എന്നിവര്‍ക്കെതിരെ യു.കെ ഉപരോധം ഏര്‍പ്പെടുത്തുകയും ചില ആയുധ കയറ്റുമതി ലൈസന്‍സുകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.
നെതന്യാഹുവിന്റെ പ്രസ്താവനയ്‌ക്കെതിരെ ബ്രിട്ടനിലെ ജൂത സമൂഹത്തില്‍ നിന്നും രാഷ്ട്രീയ നേതാക്കളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
‘നമ്മുടെ രാജ്യത്തുടനീളം ജൂതവിരുദ്ധതയും മുസ്‌ലിം വിരുദ്ധതയും സാമൂഹിക ഭിന്നതയും വലിയ ഭീതി സൃഷ്ടിക്കുന്ന ഈ സമയത്ത്, ഇത്തരത്തിലുള്ള ഭാഷ വളരെ അപകടകരവും ഉത്തരവാദിത്തമില്ലാത്തതുമാണ്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബ്രിട്ടീഷ് ജൂതര്‍ക്ക് വേണ്ടിയല്ല സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ല,’ മൂവ്‌മെന്റ് ഫോര്‍ പ്രോഗ്രസീവ് ജൂഡായിസം സംഘടനയുടെ സഹനേതാക്കളായ റബ്ബി ചാര്‍ളി ബാഗിന്‍സ്‌കിയും റബ്ബി ജോഷ് ലെവും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
നെതന്യാഹുവിന്റെ വാക്കുകള്‍ ഇസ്‌ലാമോഫോബിയയില്‍ നിന്നും വന്നതാണെന്ന് മുന്‍ പ്രധാനമന്ത്രി തെരേസ മേയുടെ ചീഫ് ഓഫ് സ്റ്റാഫ് ഗാവിന്‍ ബാര്‍വെല്‍ പ്രതികരിച്ചു.
Content highlight: Netanyahu describes Britain, which is preparing to impose sanctions on Israel, as an ‘Islamic Republic’.
ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.




