5
September, 2026

A News 365Times Venture

5
Saturday
September, 2026

A News 365Times Venture

ക്യൂബക്കെതിരെ വീണ്ടും യു.എസ് ഉപരോധം; മാനുഷിക പ്രതിസന്ധി സൃഷ്ടിക്കാന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുന്നെന്ന് ക്യൂബന്‍ മന്ത്രി

Date:

ഹവാന: ക്യൂബക്കെതിരെ യു.എസ് പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. ക്യൂബന്‍ മുന്‍ നേതാവ് റൗള്‍ കാസ്‌ട്രോയുടെ കൊച്ചുമകന്‍ ഫിഡല്‍ ഏണസ്റ്റോ കാസ്‌ട്രോ അടക്കമുള്ള വ്യക്തികള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും എതിരെയാണ് യു.എസ് പുതിയ ഉപരോധം പ്രഖ്യാപിച്ചത്.

ക്യൂബയ്ക്കുമേല്‍ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടികളുടെ ഭാഗമാണ് പുതിയ ഉപരോധങ്ങള്‍. ക്യൂബയിലെ ഊര്‍ജ്ജ, ധനകാര്യ, ഖനന മേഖലകളെ ലക്ഷ്യമിട്ടാണ് പുതിയ ഉപരോധങ്ങളെന്ന് ലാറ്റിനമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള ഫോറിന്‍ അസറ്റ് കണ്‍ട്രോള്‍ ഓഫീസാണ് (ഒ.എഫ്.എ.സി) ഉപരോധം ചുമത്തിയത്. ഇത് പ്രകാരം ഫിഡല്‍ ഏണസ്റ്റോ കാസ്‌ട്രോ കാലിസിനെ ഒ.എഫ്.എ.സി ‘കരിമ്പട്ടികയില്‍’ പെടുത്തി.

ഫോറിന്‍ ബാങ്ക് ഓഫ് ക്യൂബ (ബി.ഇ.സി) അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെയും കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ക്യൂബയുടെ പെട്രോളിയം മേഖലയുടെ ഇറക്കുമതി, കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊമേഴ്സ്യല്‍ കുപെറ്റ് ആണ് യു.എസ് കരിമ്പട്ടികയില്‍ പെടുത്തിയ സ്ഥാപനങ്ങളിലൊന്ന്.

സാങ്കേതിക, വ്യാവസായിക സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്യൂബന്‍ കമ്പനികളെയും യു.എസ് ഉപരോധ പട്ടികയിലുള്‍പ്പെടുത്തി. ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള സാങ്കേതിക ഉപകരണങ്ങളും നിക്കല്‍, കൊബാള്‍ട്ട് സംസ്‌കരണത്തിനുള്ള അസംസ്‌കൃത വസ്തുക്കളും യന്ത്രങ്ങളും ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും യു.എസ് ഉപരോധം ചുമത്തിയിട്ടുണ്ട്.

കാസ്‌ട്രോ കുടുംബത്തിലെ പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ 14404 പ്രകാരമാണ് കാസ്‌ട്രോ കാലിസിനെ ഒ.എഫ്.എ.സി കരിമ്പട്ടികയില്‍ പെടുത്തിയത്. കാസ്‌ട്രോ കാലിസിന്റെ സഹോദരന്‍ റൗള്‍ അലജാന്‍ഡ്രോ കാസ്‌ട്രോക്കെതിരെ ഈ വര്‍ഷം ജൂണ്‍ നാലിന് യു.എസ് സമാന ഉപരോധം ചുമത്തിയിരുന്നു.

ഈ വ്യക്തികളുമായും സ്ഥാപനങ്ങളുമായുമുള്ള യു.എസ് വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ എല്ലാ ഇടപാടുകളും പുതിയ ഉപരോധ പ്രകാരം നിരോധിക്കപ്പെടും. ഇവര്‍ക്ക് യു.എസ് ഭൂപ്രദേശത്തുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാനും ഉപരോധം വ്യവസ്ഥ ചെയ്യുന്നു.

ക്യൂബന്‍ ഫോറിന്‍ ബാങ്കിനെ യു.എസ് ഉപരോധ പട്ടികയിലുള്‍പ്പെടുത്തിയത് ക്യൂബയുടെ അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകളും വിദേശ വ്യാപാരവും തടയാനാണെന്ന് വിലയിരുത്തപ്പെടുന്നു. ക്യൂബയെ സാമ്പത്തികമായി ഞെരുക്കാന്‍ ലക്ഷ്യമിട്ട് ഈ വര്‍ഷം തുടക്കത്തില്‍ യു.എസ് ആരംഭിച്ച ഒരു കൂട്ടം നടപടികളുടെ ഭാഗമാണ് പുതിയ ഉപരോധവും.

ക്യൂബ യു.എസിന്റ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്നു എന്നാരോപിച്ചാണ് ഉപരോധ നടപടികളെ യു.എസ് ന്യായീകരിക്കുന്നത്. പുതിയ ഉപരോധം ചുമത്തുമ്പോഴും ഇതേ വാദമാണ് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ക്യൂബക്കെതിരെ ഉന്നയിച്ചത്. ക്യൂബന്‍ ഗവണ്‍മെന്റിനെ നിലനിര്‍ത്തുന്ന സാമ്പത്തിക ഘടനകളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നയത്തിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്നും മാര്‍ക്കോ റൂബിയോ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ദ്വീപില്‍ ഒരു മാനുഷിക പ്രതിസന്ധി സൃഷ്ടിക്കാന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതായി ക്യൂബന്‍ മന്ത്രി ബ്രൂണോ റോഡ്രിഗസ് അഭിപ്രായപ്പെട്ടതായി ലാറ്റിനമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂട്ട ശിക്ഷ അന്താരാഷ്ട്ര നിയമപ്രകാരം ഒരു കുറ്റകൃത്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ക്യൂബന്‍ ജനതയ്ക്കെതിരായ ക്രൂരവും നിര്‍ദയവുമായ ആക്രമണത്തെ ന്യായീകരിക്കുകയാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ചെയ്യുന്നതെന്നും റോഡ്രിഗസ് പറഞ്ഞു.

മുന്‍ ഉപരോധങ്ങളുടെ ഫലമായി ക്യൂബ കടുത്ത ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്നുണ്ട്. ഇതിനിടെയാണ് പുതിയ ഉപരോധങ്ങള്‍ യു.എസ് ചുമത്തുന്നത്. ഈ വര്‍ഷം ജനുവരി മുതലാണ് യു.എസ് ഇത്തരത്തില്‍ ക്യൂബക്കെതിരെ തുടര്‍ച്ചയായ നടപടികള്‍ സ്വീകരിക്കുന്നത്.

ക്യൂബ യു.എസിന്റെ ദേശീയ സുരക്ഷയ്ക്കും മേഖലയിലെ സുരക്ഷയ്ക്കും ഭീഷണി ആണെന്ന് ആരോപിച്ചുകൊണ്ട് ഈ വര്‍ഷം ജനുവരി 29 ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഈ വര്‍ഷം മേയില്‍ മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയ്ക്കും മറ്റ് അഞ്ച് ഉദ്യോഗസ്ഥര്‍ക്കും എതിരെ യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു കുറ്റപത്രം പുറപ്പെടുവിക്കുകയും ചെയ്തു. 1996-ല്‍ ബ്രദേഴ്സ് ടു ദി റെസ്‌ക്യൂ എന്ന സംഘടനയുടെ രണ്ട് സിവിലിയന്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന കേസിലായിരുന്നു കുറ്റപത്രം.

ക്യൂബയ്ക്ക് എണ്ണ വില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുന്നതടക്കമുള്ള നടപടികളും ട്രംപ് ഭരണകൂടം ഈ വര്‍ഷം സ്വീകരിച്ചിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച ഏറ്റവും പുതിയ ഉപരോധങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് ക്യൂബയെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് യു.എസ് നടപ്പാക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ട്രംപ് ഭരണകൂടത്തിന്റെ ഫാസിസ്റ്റ്, ക്രിമിനല്‍, വംശഹത്യ സ്വഭാവത്തിന്റെ തെളിവാണ് ഉപരോധം അടക്കമുള്ള സമ്മര്‍ദ്ദ നീക്കങ്ങളെന്നാണ് ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനല്‍ അടുത്തിടെ അഭിപ്രായപ്പെട്ടത്.

ക്യൂബയ്ക്കെതിരായ യു.എസ് ഉപരോധങ്ങള്‍ എടുത്തുമാറ്റണമെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് ഈ വര്‍ഷം ജൂണില്‍ ആവശ്യപ്പെട്ടിരുന്നു. യു.എസിന്റെ നിയന്ത്രണ നടപടികള്‍ ക്യൂബക്കാരെ നേരിട്ട് ദോഷകരമായി ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഉപരോധം കാരണം അവശ്യ മരുന്നുകളും ഡോക്ടര്‍മാര്‍ക്കുള്ള ഉപകരണങ്ങളും ലഭ്യമാവാത്തതിനാല്‍ കുട്ടികള്‍ മരിക്കുന്നു. ഓങ്കോളജി, ഡയാലിസിസ്, മാതൃ ശിശു ആരോഗ്യം തുടങ്ങിയ നിര്‍ണായക മെഡിക്കല്‍ സേവനങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇന്ധന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനുശേഷം ശിശുമരണനിരക്ക് 1,000 ജനനങ്ങളില്‍ 9.9 എന്ന നിലയില്‍ വര്‍ധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

കാന്‍സര്‍ അതിജീവന നിരക്ക് 85 ശതമാനത്തില്‍ നിന്ന് 65 ശതമാനമായി കുറയുന്നതും ഉള്‍പ്പെടെയുള്ള ആശങ്കാജനകമായ പ്രവണതകള്‍ സമീപകാല പൊതുജനാരോഗ്യ ഡാറ്റ കാണിക്കുന്നു. അവശ്യ മരുന്നുകളുടെ ലഭ്യത വളരെ കുറവാണ്. ഇന്ധനക്ഷാമം കാര്‍ഷിക-ഭക്ഷ്യ ശൃംഖലയെ തടസ്സപ്പെടുത്തുന്നു. ഇത് ഭക്ഷ്യ ഉല്‍പാദനത്തില്‍ 60 ശതമാനം കുറവിനും അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ വര്‍ദ്ധനവിനും കാരണമാകുന്നെന്നും വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞിരുന്നു.

Content Highlight: U.S. Expands Sanctions on Cuban Key Sectors, Including Raul Castro’s Grandson

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related