ബ്രസീലിയ: വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടുകൊണ്ട് ബ്രസീലിനെ കോളനിവത്കരിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുകയാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ഡി സില്‍വ
ബ്രസീലിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്താനും പ്രകൃതിവിഭവങ്ങളുടെമേല്‍ നിയന്ത്രണം നേടാനും ട്രംപ് ശ്രമിക്കുകയാണെന്നാണ് ലുല ഡി സില്‍വ മുന്നറിയിപ്പ് നല്‍കിയത്.
ഒക്ടോബര്‍ നാലിനാണ് ബ്രസീലിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. അതിനു മുന്നോടിയായി പുറത്തിറക്കിയ ഒരു മിനുട്ട് പ്രചാരണവീഡിയോ പങ്കുവെച്ചുകൊണ്ടാണ് ലുല യു.എസിനെതിരെ രംഗത്തെത്തിയത്.
ലുലയുടെ പ്രധാന എതിരാളിയായ വലതുപക്ഷസ്ഥാനാര്‍ത്ഥി ഫ്‌ലാവിയോ ബോള്‍സനാരോയെ ട്രംപിന്റെ പ്രിയപ്പെട്ട സ്ഥാനാര്‍ഥിയായി ചിത്രീകരിക്കുന്ന പരസ്യം, ബോള്‍സരാനോയ്ക്കുള്ള പിന്തുണയിലൂടെ യു.എസ് പ്രസിഡന്റ് ബ്രസീലിന്റെ പ്രകൃതിവിഭവങ്ങള്‍ കൈയ്യടക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിക്കുന്നു.
‘ബോള്‍സനാരോ ട്രംപിന്റെ സ്ഥാനാര്‍ത്ഥിയാണ്. ട്രംപിന് വേണ്ടത് ബ്രസീലിനെ കോളനിയാക്കുക എന്നതാണ്. നമ്മുടെ വിലയേറിയ വിഭവങ്ങള്‍ സ്വന്തമാക്കി, നമ്മുടെ ഭാവിയെ കവര്‍ന്നെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്’, വീഡിയോയില്‍ പറയുന്നു.
എന്നാല്‍ ഈ ആരോപണങ്ങള്‍ യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് തള്ളി. ഒരു ജനാധിപത്യരാജ്യത്തിന്റെ തെരഞ്ഞെടുപ്പിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ തങ്ങളുടെ ഭാഗത്തുനിന്നും നടക്കുന്നു എന്ന ആരോപണങ്ങള്‍ സത്യമല്ല എന്ന് അവര്‍ പറഞ്ഞു.
ബോള്‍സനാരോയുടെ കയ്യില്‍ അധികാരമെത്തിയാല്‍ ബ്രസീല്‍ വീണ്ടും കോളനിയായി മാറുമെന്നും രാജ്യത്തിന്റെ സമ്പത്ത് യു.എസിനു കൈമാറുമെന്നും എക്‌സിലൂടെ ലുല പറഞ്ഞു.
ഈ ആഴ്ച ആദ്യം യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച ലുല തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടലുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബ്രസീലിയന്‍ ജനാധിപത്യം ബ്രസീലുകാരുടേതാണെന്നും ജനാധിപത്യപ്രക്രിയയെ ദുര്‍ബലപ്പെടുത്താന്‍ ബാഹ്യശക്തികളെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇറക്കുമതികള്‍ക്ക് 25% തീരുവ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നയതന്ത്ര-സാമ്പത്തിക സമ്മര്‍ദങ്ങളിലൂടെ ബ്രസീല്‍ തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കാന്‍ യു.എസ് ശ്രമിക്കുന്നുവെന്ന സൂചനകളുണ്ടായിരുന്നു.
ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികള്‍ ബ്രസീല്‍ തെരഞ്ഞെടുപ്പില്‍ ഇടപെടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയ്ക്ക് കത്തെഴുതിയിരുന്നു.
Content Highlight: Lula says Trump wants to ‘colonise’ and capture Brazil’s resources by meddling in election




