ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുഴുവന്‍ അംഗങ്ങളുടെയും അംഗീകാരമില്ലാതെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ സ്വീകരിച്ച തീരുമാനങ്ങള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഗ്യാനേഷിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച ഇത്തരം തീരുമാനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഉത്തരവുകളും സോഫ്റ്റ്വെയര്‍ മാറ്റങ്ങളും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് അഭിഭാഷകന്‍ ശൈലേന്ദ്ര മണി ത്രിപാഠി സമര്‍പിച്ച ഹരജിയില്‍ ആവശ്യപ്പെടുന്നു.
എസ്.ഐ.ആര്‍ ആംരഭിച്ച ശേഷം തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് അംഗങ്ങള്‍ ഈ വിഷയത്തില്‍ 14 തവണ എതിര്‍പ്പ് ഉന്നയിച്ചിരുന്നുവെന്ന ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഹരജി. മൂന്നംഗ കമ്മീഷനില്‍ മറ്റ് രണ്ട് അംഗങ്ങളും എതിര്‍പ്പ് അറിയിച്ചെങ്കിലും ഗ്യാനേഷ് തന്റെ തീരുമാനങ്ങളുമായി ഏകപക്ഷീയമായി മുന്നോട്ട് പോവുകയായിരുന്നെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഗ്യാനേഷിനെതിരായ റിപ്പോര്‍ട്ടില്‍ അന്വേഷണത്തിനും ശെലേന്ദ്ര മണി ത്രിപാഠി ഹരജിയില്‍ ആവശ്യപ്പെട്ടു. സ്വതന്ത്രവും ഉന്നതതലത്തിലുള്ളതുമായ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെയോ അല്ലെങ്കില്‍ സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെയോ (എസ്.ഐ.ടി) നിയമിച്ച് അന്വേഷണം നടത്താനാണ് ഹരജിയിലെ ആവശ്യം.
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ബോധപൂര്‍വ്വം വീഴ്ച വരുത്തിയതിന് ഗ്യാനേഷ് കുമാര്‍, സീനിയര്‍ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ മനീഷ് ഗാര്‍ഗ്, ഡയറക്ടര്‍ ജനറല്‍ സീമ ഖന്ന എന്നിവര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കാനും ഹരജിയില്‍ ആവശ്യപ്പെടുന്നു.
1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 32-ാം വകുപ്പ് പ്രകാരം കേസെടുക്കാന്‍ നിര്‍ദേശിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഇവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിക്കാനും ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ത്രിപാഠി കോടതിയില്‍ ആവശ്യപ്പെട്ടു.
എസ്.ഐ.ആര്‍ രജിസ്‌ട്രേഷനുള്ള വെബ് പോര്‍ട്ടലിലെ ഫോം ആറില്‍ വരുത്തിയ അനധികൃത മാറ്റങ്ങള്‍ റദ്ദാക്കണം. രജിസ്‌ട്രേഷന്‍ ഓഫ് ഇലക്ടേഴ്‌സ് റൂള്‍സ് പ്രകാരമുള്ള നിയമപരമായ ‘ഫോം ആറ്’ ഉടന്‍ പുനസ്ഥാപിക്കണം. യഥാര്‍ത്ഥ നിയമപരമായ വ്യവസ്ഥകള്‍ പ്രകാരം വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാന്‍ യോഗ്യരായ എല്ലാ പൗരന്മാരെയും അനുവദിക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.
വോട്ടര്‍ പട്ടികയില്‍ നിന്ന് 13 കോടി വോട്ടര്‍മാരെ നീക്കം ചെയ്‌തെന്ന ആരോപണത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തണം. നിയമപരമായ അംഗീകാരമില്ലാതെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയതിനെതിരെ പശ്ചിമ ബംഗാളിലെ അപ്പലേറ്റ് ട്രൈബ്യൂണലുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പേരില്‍ ഫയല്‍ ചെയ്ത 16.10 ലക്ഷം അപ്പീലുകള്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
എസ്.ഐ.ആര്‍ തുടങ്ങിയതിനുശേഷം മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനുള്ളില്‍ വിഷയത്തില്‍ എതിര്‍പ്പുകളുയര്‍ന്നതായി ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ 14 തവണ എസ്.ഐ.ആര്‍ നടപടികളെ ഔദ്യോഗിക റെക്കോര്‍ഡില്‍ എതിര്‍ത്തതായാണ് കണ്ടെത്തിയത്. എന്നാല്‍ ഈ എതിര്‍പ്പ് അവഗണിച്ചും എസ്.ഐ.ആര്‍ നടപടികളുമായി ഗ്യാനേഷ് മുന്നോട്ട് പോവുകയായിരുന്നുവെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Content Highlight: Petition on Supreme Court Against CEC Gyanesh Kumar




