6
October, 2026

A News 365Times Venture

6
Tuesday
October, 2026

A News 365Times Venture

ഗ്യാനേഷിനെതിരായ സമരം: എ.സി.പിക്കെതിരെ ലൈംഗികാതിക്രമ പരാതി; പരാതിക്കാരിക്കെതിരെ എഫ്.ഐ.ആറിടാന്‍ പൊലീസ്

Date:

ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ദല്‍ഹി പൊലീസ് എ.സി.പി തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതി നല്‍കിയ വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ദല്‍ഹി പൊലീസ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.

എ.സി.പിക്കെതിരെ പരാതി നല്‍കാന്‍ ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ മാധ്യമപ്രവര്‍ത്തകയെയും പ്രതിഷേധിച്ചെത്തിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് പുതിയ നീക്കം.

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയായ റോസിയാണ് എ.സി.പി വിവേക് ഭഗത്തിനെതിരെ പരാതി ഉന്നയിച്ചത്. ഒക്ടോബര്‍ മൂന്നിന് ജന്തര്‍ മന്തറില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് റോസി പറയുന്നത്.

പൊലീസ് കസ്റ്റഡിയിലെടുത്ത എ.ഐ.എസ്.എ നേതാവ് നേഹ ബോറയെക്കുറിച്ച് എ.സി.പിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും തള്ളിമാറ്റിയെന്നുമാണ് റോസിയുടെ പരാതി.

സംഭവത്തിന് പിന്നാലെ അവര്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാവുകയും എ.സി.പിക്കെതിരെ പരാതി നല്‍കാന്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ പരാതി രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഒക്ടോബര്‍ അഞ്ചിന് റോസി ഉള്‍പ്പെടെ 18 പേരെ ദല്‍ഹി കാന്റ് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തിരുന്നു.

എ.സി.പിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഇതിനിടെ പരാതിക്കാരിക്കും മറ്റുള്ളവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും അവരുടെ ഫോണുകള്‍ പിടിച്ചെടുക്കാനും പൊലീസ് നീങ്ങുന്നതായി സി.ജെ.പി നിയമകാര്യ വിഭാഗം മേധാവി രത്‌ന സിങ് പറഞ്ഞു.

ലൈംഗികാതിക്രമമോ പീഡനമോ സംബന്ധിച്ച് ഒരു സ്ത്രീ പരാതി നല്‍കിയാല്‍ ആദ്യം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും തുടര്‍ന്ന് അന്വേഷണം നടത്തണമെന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഈ വാദങ്ങളോട് ദല്‍ഹി പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, വനിതാ പ്രതിഷേധകരെ പൊലീസ് ശാരീരികമായി ആക്രമിച്ചെന്ന ആരോപണം ദല്‍ഹി പൊലീസ് നിഷേധിച്ചു. വനിതാ പ്രതിഷേധകരെ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്തതെന്നും നിയമാനുസൃത നടപടികളാണ് സ്വീകരിച്ചതെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ എ.സി.പിക്കെതിരായ ലൈംഗികാതിക്രമ പരതിയെക്കുറിച്ച് പൊലീസ് പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടില്ല. പരാതികള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും നിഷ്പക്ഷ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

Content Highlights: Protest against Gyanesh: Sexual harassment complaint against ACP; police to register FIR against the complainant.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related