6
October, 2026

A News 365Times Venture

6
Tuesday
October, 2026

A News 365Times Venture

Dool In-Depth: ഒരു വീട്ടില്‍ നിന്ന് തുടങ്ങിയ പ്രതിഷേധം; സ്പെയിന്‌നെ തെരഞ്ഞെടുപ്പിലേക്ക് തള്ളിയ ഭവനപ്രതിസന്ധി എന്താണ്?

Date:

ഒരു വീട് നഷ്ടപ്പെട്ട 87കാരിയുടെ കണ്ണീരില്‍ നിന്ന് ആരംഭിച്ച പ്രതിഷേധം ഒടുവില്‍ സ്പെയിന്‌ന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന വിഷയമായി മാറിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി താമസിച്ചിരുന്ന മാഡ്രിഡിലെ വീട്ടില്‍ നിന്ന് 87കാരിയായ മരികാര്‍മെന്‍ അബാസ്‌കലിനെ പുറത്താക്കിയ സംഭവം രാജ്യത്തെ രൂക്ഷമായ ഭവനപ്രതിസന്ധിയുടെ പ്രതീകമായി മാറി.

ഇതേ തുടര്‍ന്ന് തെരുവുകളിലേക്ക് പതിനായിരങ്ങള്‍ ഒഴുകിയെത്തി. വാടക നിയന്ത്രണവും കുടിയൊഴിപ്പിക്കല്‍ തടയലും ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായി.

ഭവനപ്രതിസന്ധി നേരിടാന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സര്‍ക്കാര്‍ കൊണ്ടുവന്ന അടിയന്തര നടപടികള്‍ പാര്‍ലമെന്റ് തള്ളിയതോടെ രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷമായി. ഒടുവില്‍ നവംബര്‍ 29ന് ഇടക്കാല പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് സാഞ്ചസ് ഇന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

70 വര്‍ഷം ജീവിച്ച വീട്ടില്‍ നിന്ന്…

മാഡ്രിഡിലെ റെടിറോ മേഖലയിലെ ഒരു അപ്പാര്‍ട്ട്മെന്റിലായിരുന്നു മരികാര്‍മെന്‍ അബാസ്‌കല്‍ ഏഴുപതിറ്റാണ്ടിലേറെ താമസിച്ചിരുന്നത്. 87കാരിയായ അബാസ്‌കലിന് ശാരീരിക പരിമിതികളുമുണ്ട്.

എന്നാല്‍ വീടിന്റെ ഉടമസ്ഥാവകാശം നിക്ഷേപ ഫണ്ടിന്റെ കൈകളിലെത്തിയതോടെ വാടകയില്‍ വലിയ വര്‍ധന ആവശ്യപ്പെട്ടു. ഏകദേശം 230 ശതമാനം വരെ വാടക വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ അബാസ്‌കലിന് സാധിച്ചില്ല. തുടര്‍ന്ന് നിയമനടപടികളിലൂടെ കുടിയൊഴിപ്പിക്കലിലേക്ക് കാര്യങ്ങള്‍ നീങ്ങി.

സെപ്റ്റംബര്‍ 23ന് പൊലീസ് കുടിയൊഴിപ്പിക്കല്‍ നടപ്പാക്കാന്‍ എത്തിയപ്പോള്‍ പുറത്ത് നൂറുകണക്കിന് ആളുകള്‍ പ്രതിഷേധവുമായി കാത്തുനിന്നിരുന്നു. ഒടുവില്‍ അബാസ്‌കലിനെ സ്ട്രെച്ചറില്‍ കിടത്തി വീട്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

സംഭവത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും രാജ്യത്ത് വലിയ പ്രതിഷേധത്തിനാണ് വഴിവച്ചത്. പിന്നീട് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഒരു വൃദ്ധയില്‍ ഒതുങ്ങാത്ത പ്രശ്നം

അബാസ്‌കലിന്റെ സംഭവം ഇത്ര വലിയ പ്രതിഷേധത്തിന് കാരണമായത് അത് ഒരു ഒറ്റപ്പെട്ട കുടിയൊഴിപ്പിക്കല്‍ എന്നതിനപ്പുറം സ്പെയിനിലെ സാധാരണക്കാരുടെ ജീവിതത്തിലെ വലിയ പ്രതിസന്ധിയുമായി നേരിട്ട് ബന്ധപ്പെട്ടു നിന്നതിനാലാണ്.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രാജ്യത്തെ ശരാശരി വാടക ഏതാണ്ട് ഇരട്ടിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. വീടുകളുടെ ചോദിക്കുന്ന വിലയും ഏകദേശം 90 ശതമാനം ഉയര്‍ന്നു. യുവാക്കള്‍ക്ക് സ്വന്തം വീടെന്നത് കൂടുതല്‍ അകലുന്ന സാഹചര്യമാണ്.

ശരാശരി വാടക ഒരു യുവാവിന്റെ ശരാശരി ശമ്പളത്തിന്റെ ഏകദേശം 99 ശതമാനത്തോളം എത്തുന്നുവെന്നാണ് സ്പാനിഷ് യൂത്ത് കൗണ്‍സിലിന്റെ കണക്കുകള്‍.

അതായത് ശമ്പളത്തിന്റെ വലിയൊരു ഭാഗം വീടിനായി മാറ്റിവെച്ച ശേഷമാണ് ഭക്ഷണം, യാത്ര, മറ്റ് ജീവിതച്ചെലവുകള്‍ എന്നിവയ്ക്കുള്ള പണം കണ്ടെത്തേണ്ടിവരുന്നത്. ഇതാണ് ഭവനപ്രശ്നത്തെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ വിഷയങ്ങളിലൊന്നാക്കി മാറ്റിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

തെരുവില്‍ ഉയര്‍ന്ന പ്രതിഷേധം

അബാസ്‌കലിനെ പുറത്താക്കിയതിനു പിന്നാലെ മാഡ്രിഡില്‍ പ്രതിഷേധം ശക്തമായി. പ്യൂര്‍ട്ടല്‍ ഡെല്‍ സോള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രപ്രദേശങ്ങളില്‍ ആളുകള്‍ ടെന്റുകള്‍ സ്ഥാപിച്ച് പ്രതിഷേധ ക്യാമ്പുകള്‍ ആരംഭിച്ചു. വാടക കുറയ്ക്കുക, അന്യായമായ വാടക വര്‍ധന തടയുക, ദുര്‍ബല വിഭാഗങ്ങളെ കുടിയൊഴിപ്പിക്കുന്നതില്‍ നിന്ന് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു പ്രതിഷേധക്കാരുടേത്.

തുടര്‍ന്ന് പ്രതിഷേധം മാഡ്രിഡില്‍ മാത്രം ഒതുങ്ങിയില്ല. രാജ്യത്തെ നിരവധി നഗരങ്ങളിലേക്ക് ഇത് വ്യാപിച്ചു. ഒക്ടോബര്‍ 3ന് മാത്രം മാഡ്രിഡില്‍ 70,000ത്തിലധികം ആളുകള്‍ ഭവനപ്രതിഷേധത്തില്‍ പങ്കെടുത്തതായി സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

വീടുകള്‍ ലാഭത്തിനുള്ള വസ്തുവല്ല, ജീവിക്കാനുള്ള അവകാശമാണ്’ എന്ന നിലപാടാണ് പ്രതിഷേധങ്ങളില്‍ പ്രധാനമായും ഉയര്‍ന്നത്.

പ്രതിഷേധത്തിന് പിന്നാലെ സര്‍ക്കാര്‍ ഇടപെടുന്നു

വളരുന്ന ജനരോഷത്തെ തുടര്‍ന്ന് സാഞ്ചസ് സര്‍ക്കാര്‍ ഭവനപ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാന്‍ രണ്ട് പ്രധാന നടപടികള്‍ മുന്നോട്ടുവച്ചു.

ദുര്‍ബല വിഭാഗങ്ങളിലുള്ള വാടകക്കാരെ കുടിയൊഴിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ 2030 വരെ നീട്ടുക, താത്ക്കാലിക വാടകയും മുറി വാടകയും നിയന്ത്രിക്കുക, നിലവിലുള്ള ചില വാടകക്കരാറുകള്‍ നീട്ടുക, വലിയ നിക്ഷേപ ഫണ്ടുകള്‍ വിലകുറഞ്ഞ വീടുകള്‍ കൂട്ടത്തോടെ വാങ്ങുന്നത് നിയന്ത്രിക്കുക തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു പ്രധാനമായും ഉള്‍പ്പെട്ടിരുന്നത്.

കൂടാതെ നിലവിലുള്ള വാടകക്കരാറുകള്‍ സ്വമേധയാ പുതുക്കുന്നതിനുള്ള സംവിധാനവും സര്‍ക്കാര്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ നടപടി പ്രഖ്യാപിച്ചതോടെ പ്രതിഷേധക്കാര്‍ക്ക് പ്രതീക്ഷയുണ്ടായെങ്കിലും നിര്‍ണായകമായ അടുത്ത ഘട്ടം പാര്‍ലമെന്റായിരുന്നു. കാരണം, 350 അംഗങ്ങളുള്ള കോണ്‍ഗ്രസില്‍ സാഞ്ചസിന്റെ ന്യൂനപക്ഷ സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമില്ല.

പാര്‍ലമെന്റില്‍ സര്‍ക്കാര്‍ വീണത് സ്വന്തം നിര്‍ദേശങ്ങളില്‍ തന്നെ

ഒടുവില്‍ പ്രതീക്ഷിച്ചതുപോലെ രാഷ്ട്രീയ പോരാട്ടം പാര്‍ലമെന്റിലെത്തി. സര്‍ക്കാര്‍ കൊണ്ടുവന്ന രണ്ട് ഭവന പദ്ധതികളും അംഗങ്ങള്‍ തള്ളി.

പ്രധാന പ്രതിപക്ഷമായ പീപ്പിള്‍സ് പാര്‍ട്ടി , തീവ്ര വലതുപക്ഷമായ വോക്സ്, കാറ്റലന്‍ സ്വാതന്ത്ര്യ അനുകൂല പാര്‍ട്ടിയായ ജന്‍ഡ്സ് എന്നിവ ഉള്‍പ്പെടെയുള്ള കക്ഷികള്‍ നിര്‍ദേശങ്ങളെ എതിര്‍ത്തു. വീടുകളുടെ ലഭ്യത വര്‍ധിപ്പിക്കാതെ വാടക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പ്രശ്നം കൂടുതല്‍ വഷളാക്കുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദമെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

വാടക നിയന്ത്രണം, കുടിയൊഴിപ്പിക്കല്‍ തടയല്‍ തുടങ്ങിയ നടപടികള്‍ ഭവനവിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും കൂടുതല്‍ വീടുകള്‍ നിര്‍മിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും പ്രതിപക്ഷം വാദിച്ചു.

എന്നാല്‍ സര്‍ക്കാര്‍ അനുകൂലികള്‍ക്ക് ഇത് അംഗീകരിക്കാനായില്ല. തെരുവില്‍ പതിനായിരങ്ങള്‍ ഭവനാവകാശത്തിനായി പ്രതിഷേധിക്കുമ്പോള്‍ അവരുടെ ആവശ്യങ്ങള്‍ പാര്‍ലമെന്റ് തള്ളിക്കളഞ്ഞുവെന്നായിരുന്നു പ്രതിഷേധക്കാരുടെ വിമര്‍ശനം.

ഒടുവില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം

പാര്‍ലമെന്റിലെ തിരിച്ചടിക്ക് പിന്നാലെ സാഞ്ചസിന് മുന്നില്‍ രണ്ട് വഴികളായിരുന്നു. നിലവിലെ ദുര്‍ബല ന്യൂനപക്ഷ സര്‍ക്കാരുമായി മുന്നോട്ടുപോകുകയോ ജനവിധി തേടുകയോ. സാഞ്ചസ് രണ്ടാമത്തെ വഴിയാണ് തെരഞ്ഞെടുത്തത്.

നവംബര്‍ 29ന് പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് ഇന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൂടുതല്‍ ശക്തമായ ജനപിന്തുണയോടെ പാര്‍ലമെന്റിലേക്ക് തിരിച്ചെത്താനും സാമൂഹിക പരിഷ്‌കാരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനും കഴിയുമെന്ന പ്രതീക്ഷയിലാണ് സാഞ്ചസ്.

അബാസ്‌കലിന് വീട് തിരിച്ച് കിട്ടി

പ്രതിഷേധത്തിനും വലിയ ജനരോഷത്തിനും പിന്നാലെ അബാസ്‌കലിന് വീണ്ടും സ്വന്തം വീട്ടിലേക്ക് മടങ്ങാനുള്ള വഴിയും തുറന്നു. പുതിയ എട്ട് വര്‍ഷത്തെ കരാറില്‍ പഴയ വാടകയ്ക്ക് സമാനമായ തുകയ്ക്ക് താമസിക്കാന്‍ ധാരണയായതായി അഭിഭാഷക അറിയിച്ചു.

എന്നാല്‍ മരികാര്‍മെന്‍ അബാസ്‌കലിന്റെ വ്യക്തിപരമായ പ്രശ്നത്തിന് പരിഹാരമായതുകൊണ്ട് മാത്രം സ്പെയിനിലെ ഭവനപ്രതിസന്ധി അവസാനിക്കുന്നില്ല.

ഒരു 87കാരിയെ സ്ട്രെച്ചറില്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ രാജ്യത്തെ ഞെട്ടിച്ചു. എന്നാല്‍ ആ ദൃശ്യങ്ങള്‍ക്ക് പിന്നില്‍ വാടക കുതിച്ചുയരുന്ന ഒരു വിപണി, വീടുകളുടെ വില വര്‍ധിക്കുന്നത്, യുവാക്കള്‍ക്ക് വീട് സ്വന്തമാക്കാനാകാത്ത സാഹചര്യം, നിക്ഷേപ ഫണ്ടുകളുടെ ഇടപെടല്‍, ദുര്‍ബല വിഭാഗങ്ങളുടെ സുരക്ഷിതത്വം തുടങ്ങിയ വലിയ ചോദ്യങ്ങളുണ്ട്.

ഇടതുപക്ഷ പിന്തുണയുള്ള ഭവനാവകാശ സംഘടനകളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് പ്രതിഷേധം. പോഡ്‌മോസ് ഉള്‍പ്പെടെയുള്ള ഇടതുപക്ഷ ശക്തികള്‍ സമരത്തിന് പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ പ്രതിഷേധം സാഞ്ചസിന്റെ സര്‍ക്കാരിനെതിരെയും വിമര്‍ശനമുയര്‍ത്തുന്നുണ്ട്.

ഭവനപ്രതിസന്ധി രൂക്ഷമാകുകയും വാടകക്കാരുടെ പ്രതിഷേധം ശക്തമാകുകയും പാര്‍ലമെന്റ് സാഞ്ചസിന്റെ പദ്ധതികള്‍ തള്ളുകയും ചെയ്തതോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഇടതുപക്ഷ ശക്തികള്‍ക്ക് പുതിയ രാഷ്ട്രീയ അവസരമാകുമെന്നാണ് വിലയിരുത്തല്‍.

വീടും വാടകയും പോലുള്ള നേരിട്ട് ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങള്‍ തെരഞ്ഞെടുപ്പിന്റെ കേന്ദ്രചര്‍ച്ചയായി മാറുന്നത് ഇടതുപക്ഷ കക്ഷികള്‍ക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കും.

ഈ തെരഞ്ഞെടുപ്പ് ആഭ്യന്തര ഭവനപ്രശ്‌നത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. യൂറോപ്യന്‍ രാഷ്ട്രീയത്തില്‍ സ്‌പെയിന്‍ ഇപ്പോഴും താരതമ്യേന പുരോഗമനപരമായ ഇടതുപക്ഷ നിലപാടുകള്‍ ശക്തമായി മുന്നോട്ടുവയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ്. സാഞ്ചസ് സര്‍ക്കാര്‍ ഈ നിലപാട് വിദേശനയത്തിലും പ്രകടമാക്കിയിട്ടുണ്ട്.

ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രഈലിനെതിരെ കടുത്ത നിലപാട്

ഗസ യുദ്ധവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെ സാഞ്ചസ് പലതവണ വിമര്‍ശിച്ചിട്ടുണ്ട്. യൂറോപ്പില്‍ പല രാജ്യങ്ങളും ഇസ്രഈലിനോട് കൂടുതല്‍ മൃദുസമീപനം സ്വീകരിക്കുന്ന സാഹചര്യത്തില്‍ ഫലസ്തീന്‍ വിഷയത്തില്‍ താരതമ്യേന ശക്തമായ നിലപാട് സ്വീകരിക്കുന്ന രാജ്യമായി സ്‌പെയിന്‍ നിന്നിരുന്നു.

അന്താരാഷ്ട്ര നിയമവും മനുഷ്യാവകാശവും പാലിക്കപ്പെടുന്നില്ലെങ്കില്‍ ഇ.യു-ഇസ്രഈല്‍ അസോസിയേഷന്‍ ഉടമ്പടികള്‍ ഭാഗികമായി നിര്‍ത്തിവയ്ക്കണം, അനധികൃത വെസ്റ്റ് ബാങ്ക് കുടിയേറ്റങ്ങളില്‍ നിന്നുള്ള ഉത്പ്പന്നങ്ങളുടെ വ്യാപാരം തടയണം, ഫലസ്തീന്‍ വിഷയത്തില്‍ പരിഹാരമായി ദ്വിരാഷ്ട്ര പദ്ധതി മുന്നോട്ടുകൊണ്ടുപോകണം തുടങ്ങിയ നിലപാടുകളായിരുന്നു സ്‌പെയിനിന്റേത്.

Content Highlights: A protest that began in a single home; what is the housing crisis that pushed Spain toward an election?

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related