ന്യൂദല്‍ഹി: യു.എസിന്റെ എച്ച് വണ്‍ ബി വിസകള്‍ കൂടുതല്‍ ലഭിക്കാത്തത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. ഇന്ത്യയിലെ പ്രമുഖ സാങ്കേതിക കമ്പനികള്‍ ഉള്‍പ്പെടുന്ന ‘പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍’ പ്രോഗ്രാമിന് കീഴിലുള്ള പുതിയതും നിലവിലുള്ളതുമായ വിസ അപേക്ഷകള്‍ യുഎസ് ഭരണകൂടം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിന് പിന്നാലെയായിരുന്നു ഗോയലിന്റെ പ്രതികരണം.
യു.എസിന്റെ എച്ച് വണ്‍ ബി വിസ സംവിധാനത്തിലുണ്ടായ മാറ്റങ്ങള്‍ ഇന്ത്യന്‍ കമ്പനികളെയും പ്രതിഭകളെയും ദോഷകരമായി ബാധിക്കില്ലെന്ന് പിയൂഷ് ഗോയല്‍ വെള്ളിയാഴ്ച പറഞ്ഞു. ഇത്തരം വിസകളിലുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും അദ്ദേഹം വാദിച്ചു.
കമ്പനികള്‍ പ്രാദേശിക നൈപുണ്യത്തെയും ഗ്ലോബല്‍ കാപബിലിറ്റി സെന്ററുകളെയും (ജി.സി.സി) കൂടുതലായി ആശ്രയിക്കുന്നതിനാല്‍ കൂടുതല്‍ സാങ്കേതിക ജോലികള്‍ ഇന്ത്യയിലേക്ക് മാറുന്നുണ്ടെന്നും ഗോയല്‍ അഭിപ്രായപ്പെട്ടു. എകണോമിക് ടൈംസ് സ്റ്റാര്‍ട്ട് അപ് അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് , ഇന്‍ഫോസിസ്, വിപ്രോ, എച്ച്.സി.എല്‍ ടെക്‌നോളജീസ് തുടങ്ങിയ പ്രമുഖ സാങ്കേതിക കമ്പനികള്‍ ഉള്‍പ്പെടുന്ന ‘പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍’ പ്രോഗ്രാമിന് കീഴിലുള്ള പുതിയതും നിലവിലുള്ളതുമായ അപേക്ഷകളാണ് യു.എസ് ഭരണകൂടം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. തൊഴിലാളികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് അഥവാ സ്ഥിരതാമസത്തിനുള്ള അനുമതി നേടിക്കൊടുക്കാന്‍ തൊഴിലുടമകള്‍ ഉപയോഗിച്ചിരുന്ന ഒരു വഴി ഇതിലൂടെ ഇല്ലാതാവും. എന്നാല്‍ ഇതിനകം നേടിയ എച്ച് വണ്‍ ബി വിസകളെ ഇത് അസാധുവാക്കില്ല.
വിദഗ്ധരായ പ്രൊഫഷണലുകള്‍ യു.എസിലേക്ക് കുടിയേറുന്നതിന് പകരം അവരെ ഇന്ത്യയില്‍ തന്നെ നിലനിര്‍ത്തുന്നത് രാജ്യത്തിന് ഗുണം ചെയ്യുമെന്ന് ഗോയല്‍ പറഞ്ഞതായി എകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
‘കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നമ്മുടെ ഏറ്റവും മികച്ച പ്രതിഭകളില്‍ പലരും യു.എസിലേക്ക് പോയിട്ടുണ്ട്. യു.എസിലെ ഇന്ത്യന്‍ വംശജരായ ശതകോടീശ്വരന്മാരെ കാണുമ്പോള്‍, അവര്‍ തങ്ങളുടെ ബിസിനസ്സും ഗവേഷണവും ഇന്ത്യയിലാണ് നടത്തിയിരുന്നതെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്,’ എന്നും ഗോയല്‍ പറഞ്ഞു.
‘ഇപ്പോള്‍ ജോലിയുടെ വലിയൊരു ഭാഗം ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ഗുരുഗ്രാം, നോയിഡ, മുംബൈ എന്നിവിടങ്ങളിലേക്കാണ് വരുന്നത്,’ എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ജി.സി.സികള്‍ സ്ഥാപിക്കുന്നതിന്റെ മൂല്യം ബിസിനസ്സ് സ്ഥാപനങ്ങള്‍ കൂടുതലായി തിരിച്ചറിയുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.
‘കോവിഡ് പകര്‍ച്ചവ്യാധി കാര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പല ജോലികള്‍ക്കും ഇനി നേരിട്ട് ഹാജരാകേണ്ടതില്ല, അവ വീട്ടിലിരുന്നോ വിദേശത്തിരുന്നോ ചെയ്യാവുന്നതാണ്. ചുരുക്കം ചിലര്‍ക്ക് മാത്രമേ നേരിട്ട് പോകേണ്ടി വരുന്നുള്ളൂ,’ അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ 50-60 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനികളെ നയിക്കുന്ന ആഗോള ബിസിനസ്സ് നേതാക്കളുമായി 19 കൂടിക്കാഴ്ചകള്‍ നടത്തി. അവരെല്ലാം ഇന്ത്യയിലെ തങ്ങളുടെ വിപുലീകരണ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയിലുള്ള വലിയ സാധ്യതകള്‍ കണക്കിലെടുത്ത്, അമേരിക്കയിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒരാള്‍ 100-150 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നു,’ എന്നും അദ്ദേഹം പറഞ്ഞു.
Content Highlight: H1B visas not being granted will be a big win for India, says Piyush Goyal




