ന്യൂദല്‍ഹി: വിലക്ക് മറികടന്ന് ജന്തര്‍ മന്തറില്‍ കയറി ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സി.ജെ.പി നേതാക്കള്‍ അശുതോഷ് രങ്കയ്ക്കും സൗരവ് ദാസിനും മോചനം. ദല്‍ഹിയിലെ ഒരു സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് സി.ജെ.പി നേതാക്കളെ കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കാന്‍ ഉത്തരവിട്ടു.
ഇരുവരെയും സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും, നടപടിക്രമങ്ങള്‍ക്കിടെ അവര്‍ക്ക് വേണ്ടിയുള്ള ജാമ്യവ്യവസ്ഥകള്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇവരുടെ കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടിനല്‍കണമെന്ന് ദല്‍ഹി പൊലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മജിസ്ട്രേറ്റ് ഈ ആവശ്യം തള്ളിയാതായാണ് വിവരം.
ഈ മാസം 13ന് വിലക്ക് മറികടന്ന് ജന്തര്‍ മന്തറില്‍ കയറി ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിച്ച സംഭവത്തിലാണ് സി.ജെ.പി നേതാക്കള്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞത്. പ്രതിഷേധത്തിന് പിന്നാലെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. അടുത്ത ദിവസം ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയുമായിരിന്നു.
ജുഡീഷ്യല്‍ കസ്റ്റഡിയെ ചോദ്യം ചെയ്തുകൊണ്ട് ദല്‍ഹി ഹൈക്കോടതിയില്‍ ഇവര്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഹരജി ഇന്ന് (ഒക്ടോബര്‍ 21, ബുധന്‍) പിന്‍വലിച്ചിരുന്നു. മറ്റ് നിയമ മാര്ഗങ്ങളുള്ളതിനാല് ഈ വിഷയം പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സി.ജെ.പി നേതാക്കള്‍ ഹരജി പിന്‍വലിച്ചത്.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സി.ജെ.പി നേതാക്കളെ മോചിപ്പിക്കാനുള്ള മജിസ്ട്രേറ്റിന്റെ ഉത്തരവ്. ഏഴ് ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമാണ് സൗരവും അശുതോഷും പുറത്തിറങ്ങുന്നത്.
സമാധാനം പാലിക്കാമെന്ന കരാര്‍ (പീസ് ബോണ്ട് ലംഘിച്ചുവെന്നും, പ്രതിഷേധ സ്ഥലമായി നേരത്തെ അംഗീകരിച്ചിരുന്നെങ്കിലും പിന്നീട് ആ പദവി എടുത്തുമാറ്റിയ ജന്തര്‍ മന്തറിലേക്ക്, പൂട്ടിയിട്ടിരുന്ന ഗേറ്റിന് മുകളിലൂടെ കടന്നുകയറിയെന്നും ആരോപിച്ചാണ് ഒക്ടോബര്‍ 13ന് ഇവരെ കസ്റ്റഡിയിലെടുത്തത്.
Content Highlight: CJP Leaders Saurav Das, Ashutosh Ranka Released From Judicial Custody




