ഒരുവശത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുള്ള തീവ്രവലതുപക്ഷം. മറുവശത്ത്, രാഷ്ട്രീയ തിരിച്ചടികളും ജയില്‍വാസവും അതിജീവിച്ച് വീണ്ടും ജനവിധി തേടിയെത്തിയ എണ്‍പതുകാരനായ ഇടതുപക്ഷ നേതാവ്. ബ്രസീലിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കേവലം രണ്ട് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള മത്സരത്തിനപ്പുറം, ലാറ്റിനമേരിക്കയുടെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന പോരാട്ടം കൂടിയായിരുന്നു.
ഒക്ടോബര്‍ 25ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ വലതുപക്ഷ സെനറ്റര്‍ ഫ്ലാവിയോ ബോള്‍സൊനാരോയെ പരാജയപ്പെടുത്തി ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ വീണ്ടും ബ്രസീലിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഔദ്യോഗിക ഫലങ്ങള്‍ പ്രകാരം ലുലയ്ക്ക് 51.8 ശതമാനം വോട്ടും ഫ്ലാവിയോയ്ക്ക് 48.2 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഏകദേശം 44 ലക്ഷം വോട്ടുകളുടെ വ്യത്യാസത്തിലാണ് ലുലയുടെ വിജയം. ഒരിക്കല്‍ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടുവെന്നും രാഷ്ട്രീയമായി അവസാനിച്ചുവെന്നും കരുതപ്പെട്ട നേതാവിന്റെ ഉജ്ജ്വല തിരിച്ചുവരവ് !.
ഒന്നാംഘട്ടത്തില്‍ മുന്നിലെത്തിയ ഫ്ലാവിയോ ബോള്‍സൊനാരോയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. മുന്‍ പ്രസിഡന്റ് ജെയ്ര് ബോള്‍സൊനാരോയുടെ മകനായ ഫ്ലാവിയോയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ പിന്തുണയും ലഭിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ വലതുപക്ഷ രാഷ്ട്രീയത്തിന് സ്വാധീനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബ്രസീലിലും അധികാരമാറ്റമുണ്ടാകുമെന്ന പ്രതീക്ഷ തീവ്രവലതുപക്ഷത്തിനുണ്ടായിരുന്നു. എന്നാല്‍ രണ്ടാംഘട്ടത്തില്‍ ലുല നേടിയ വിജയം ആ കണക്കുകൂട്ടലുകളെ അപ്പാടെ മാറ്റിമറിച്ചു.
തെരഞ്ഞെടുപ്പിനുശേഷം ജനാധിപത്യത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയായിരുന്നു ലുലയുടെ പ്രതികരണം. ‘ജനാധിപത്യത്തെ സംരക്ഷിക്കാന്‍ വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതാണ് വിജയത്തിന് സഹായിച്ചതെന്ന് ‘ അദ്ദേഹം പറഞ്ഞു. ലുലയുടെ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ചുവപ്പണിഞ്ഞ് ആയിരക്കണക്കിന് അനുയായികള്‍ തെരുവിലിറങ്ങി വിജയം ആഘോഷിച്ചു.
ഈ വിജയത്തിന്റെ പ്രാധാന്യം ബ്രസീലിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കും വ്യാപിക്കുന്നുണ്ട്. അര്‍ജന്റീന, ചിലി, പെറു തുടങ്ങിയ രാജ്യങ്ങളില്‍ വലതുപക്ഷ രാഷ്ട്രീയത്തിന് ലഭിച്ച മുന്നേറ്റങ്ങള്‍ക്കിടയില്‍, ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യത്ത് ഇടതുപക്ഷ നേതാവ് വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നു. അമേരിക്കയുടെ രാഷ്ട്രീയ സ്വാധീനത്തിനും തീവ്രവലതുപക്ഷത്തിന്റെ വളര്‍ച്ചയ്ക്കുമിടയില്‍ ലുലയുടെ തിരിച്ചുവരവ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയാണ്.
എന്നാല്‍ ഈ തിരിച്ചുവരവിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മാത്രം പരിശോധിച്ചാല്‍ പോരാ. തെരുവില്‍ ഷൂ പോളിഷ് ചെയ്തും ഫാക്ടറിയില്‍ തൊഴിലാളിയായി ജോലി ചെയ്തും ജീവിതം മുന്നോട്ടുകൊണ്ടുപോയ ഒരാള്‍ എങ്ങനെയാണ് ബ്രസീലിന്റെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളിലൊരാളായി വളര്‍ന്നത്? ദാരിദ്ര്യം കുറയ്ക്കാനും തൊഴിലാളികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ശ്രമിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്തുകൊണ്ടാണ് ഇന്നും പ്രസക്തമാകുന്നത്? ജയില്‍വാസത്തിനുശേഷം വീണ്ടും അധികാരത്തിലെത്തിയ ലുലയുടെ തിരിച്ചുവരവ് അമേരിക്കന്‍ താല്പര്യങ്ങള്ക്കും ആഗോള തീവ്രവലതുപക്ഷ രാഷ്ട്രീയത്തിനും എന്ത് സന്ദേശമാണ് നല്‍കുന്നത്?
അതോടൊപ്പം, സോഷ്യല്‍ മീഡിയയിലെ വലതുപക്ഷ സ്വാധീനത്തെ എങ്ങനെ നേരിടാം, ജനകീയ പ്രചാരണത്തെ എങ്ങനെ ശക്തിപ്പെടുത്താം, ഇടതുപക്ഷത്തിന് മുന്നിലുള്ള വെല്ലുവിളികളെ എങ്ങനെ മറികടക്കാം തുടങ്ങിയ ചോദ്യങ്ങളും ഈ തെരഞ്ഞെടുപ്പ് ഉയര്‍ത്തുന്നു.
തെരുവില്‍നിന്ന് പ്രസിഡന്റിന്റെ പദവിയിലേക്ക്; തോല്ക്കാന് തയ്യാറാകാത്ത ലുല
ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയുടെ രാഷ്ട്രീയജീവിതം അധികാരത്തിന്റെ ഇടനാഴികളില്നിന്ന് ആരംഭിച്ചതല്ല. ദാരിദ്ര്യവും കഠിനാധ്വാനവും നിറഞ്ഞ ജീവിതത്തില്‍നിന്നാണ് ലുല വളര്‍ന്നുവന്നത്. ചെറുപ്പത്തില്‍ ഉപജീവനത്തിനായി തെരുവില്‍ ഷൂ പോളിഷ് ചെയ്തും മറ്റുജോലികള്‍ ചെയ്തും ജീവിച്ച അദ്ദേഹം പിന്നീട് ഫാക്ടറി തൊഴിലാളിയായി. ഫാക്ടറിയിലെ യന്ത്രത്തില്‍ ഇടതുകൈയിലെ ചെറുവിരല്‍ നഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ തൊഴിലാളിജീവിതത്തിലെ കഠിനമായ അനുഭവങ്ങളിലൊന്നായിരുന്നു. എന്നാല്‍ ആ അപകടം അദ്ദേഹത്തെ തൊഴിലാളിജീവിതത്തില്നിന്ന് അകറ്റിയില്ല. മറിച്ച്, തൊഴിലാളികളുടെ പ്രശ്നങ്ങളുമായി കൂടുതല്‍ അടുത്തുനില്ക്കുന്ന രാഷ്ട്രീയ നേതാവായി ലുല വളര്‍ന്നുവന്നു.
ബ്രസീലിലെ തൊഴിലാളി പ്രസ്ഥാനത്തിലൂടെയാണ് ലുല ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നത്. സൈനിക ഭരണത്തിനുശേഷമുള്ള ജനാധിപത്യ രാഷ്ട്രീയത്തില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും സാമൂഹിക നീതിക്കും വേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തി. 1980ല്‍ വര്‍ക്കേഴ്സ് പാര്‍ട്ടി രൂപീകരിക്കുന്നതിലും അദ്ദേഹത്തിന് നിര്‍ണായക പങ്കുണ്ടായിരുന്നു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലെത്തിക്കുക എന്നതായിരുന്നു പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്കുശേഷം 2002ല്‍ ലുല ആദ്യമായി ബ്രസീലിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
അധികാരത്തിലെത്തിയശേഷം ദാരിദ്ര്യവും പട്ടിണിയും കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ലുലയുടെ സര്‍ക്കാര്‍ മുന്‍ഗണന നല്കി. 2003ല്‍ ആരംഭിച്ച ബോള്‍സ ഫാമിലിയ പോലുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍ ദരിദ്ര കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തില്‍ ഈ പദ്ധതികള്‍ മാറ്റമുണ്ടാക്കി. സാമ്പത്തിക വളര്‍ച്ചയുടെ നേട്ടങ്ങള്‍ സമൂഹത്തിലെ താഴെത്തട്ടിലുള്ളവരിലേക്കും എത്തിക്കണമെന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രധാന വാദത്തിന് ലുലയുടെ ഭരണകാലം പ്രായോഗിക രൂപം നല്കി.

എന്നാല്‍ ലുലയുടെ രാഷ്ട്രീയയാത്ര നേട്ടങ്ങള്‍ മാത്രം നിറഞ്ഞതായിരുന്നില്ല. അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട നിയമനടപടികള്‍ക്കിടെ 2018ല്‍ അദ്ദേഹം ജയിലിലായി. 580 ദിവസത്തെ ജയില്‍വാസത്തിനുശേഷം 2019ല്‍ പുറത്തിറങ്ങി. പിന്നീട് അദ്ദേഹത്തിനെതിരായ കേസുകളിലെ വിധികള്‍ സുപ്രീം കോടതി റദ്ദാക്കി. ഇതോടെ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വഴി തുറന്നു. 2022ലെ തിരഞ്ഞെടുപ്പില്‍ ജെയ്ര് ബോള്‍സൊനാരോയെ പരാജയപ്പെടുത്തി അദ്ദേഹം മൂന്നാം തവണയും പ്രസിഡന്റായി. ഒരിക്കല്‍ രാഷ്ട്രീയമായി അവസാനിച്ചുവെന്ന് കരുതപ്പെട്ട നേതാവ് വീണ്ടും അധികാരത്തിലെത്തിയെന്നത് ബ്രസീലിന്റെ രാഷ്ട്രീയചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമായി.
ലുലയുടെ രാഷ്ട്രീയ നിലപാടുകള്‍ ബ്രസീലിന്റെ ആഭ്യന്തര വിഷയങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. അന്താരാഷ്ട്ര രാഷ്ട്രീയത്തിലും അമേരിക്കന്‍ ആധിപത്യത്തോടുള്ള വിമര്‍ശനവും ഫലസ്തീന് ജനതയോടുള്ള ഐക്യദാര്‍ഢ്യവും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഗസയിലെ ഇസ്രഈല്‍ സൈനിക നടപടികളെ വിമര്‍ശിച്ചുകൊണ്ട്, അവിടെ നടക്കുന്നത് സൈന്യങ്ങള്‍ തമ്മിലുള്ള സാധാരണ യുദ്ധമല്ലെന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണ ജനങ്ങളാണ് അതിന്റെ ആഘാതം നേരിടുന്നതെന്നും ലുല തുറന്നടിച്ചു.
ഹിറ്റ്ലറുടെ കാലത്ത് ജൂതര്‍ക്കെതിരെ നടന്ന കൂട്ടക്കൊലയുമായി ഇസ്രഈലിന്റെ നടപടികളെ താരതമ്യം ചെയ്ത അദ്ദേഹത്തിന്റെ പ്രസ്താവന വലിയ വിവാദത്തിന് വഴിവെച്ചു. ഫലസ്തീന് വിഷയത്തില്‍ ഇസ്രഈല്‍ സര്‍ക്കാരിനെ പരസ്യമായി ചോദ്യം ചെയ്ത ലുല, ഇസ്രഈല്‍ സൈനിക നടപടികള്‍ക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയ ലോകനേതാക്കളില്‍ ഒരാളായി മാറി.
തൊഴിലാളിയായി ജീവിച്ച അനുഭവവും സാമൂഹിക ക്ഷേമപദ്ധതികളിലൂടെ ദാരിദ്ര്യം കുറയ്ക്കാനുള്ള ശ്രമങ്ങളും അമേരിക്കയുടെ വിദേശനയത്തോടുള്ള വിമര്‍ശനവും ചേര്‍ന്നാണ് ലുലയുടെ രാഷ്ട്രീയ വ്യക്തിത്വം രൂപപ്പെട്ടത്. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ തിരിച്ചുവരവിനെ ഒരു തെരഞ്ഞെടുപ്പ് വിജയമായി മാത്രം കാണാനാവില്ല. തീവ്രവലതുപക്ഷത്തിന്റെ വളര്‍ച്ചയും ആഗോള രാഷ്ട്രീയത്തിലെ വന്‍ശക്തികളുടെ ഇടപെടലുകളും ശക്തമായിരിക്കുന്ന കാലത്ത്, തൊഴിലാളിവര്‍ഗത്തിന്റെ പിന്തുണയോടെ വീണ്ടും അധികാരത്തിലെത്തിയ ലുലയുടെ യാത്രയ്ക്ക് അതിനപ്പുറമുള്ള രാഷ്ട്രീയ പ്രാധാന്യമുണ്ട്.
അമേരിക്കയുടെ ലാറ്റിനമേരിക്കന്‍ നയത്തിന് തിരിച്ചടി?
ലുലയുടെ വിജയത്തിന് ബ്രസീലിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തും പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ലാറ്റിനമേരിക്കയില്‍ അമേരിക്കയുടെ സ്വാധീനം ശക്തിപ്പെടുത്താന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുന്ന സാഹചര്യത്തില്‍.
ലാറ്റിനമേരിക്കയെ അമേരിക്കയുടെ തന്ത്രപ്രധാനമായ സ്വാധീനമേഖലയായി കാണുന്ന സമീപനം പുതിയതല്ല. എന്നാല്‍ ട്രംപിന്റെ രണ്ടാം ഭരണകാലത്ത് വ്യാപാര തീരുവകള്‍, രാഷ്ട്രീയ സമ്മര്‍ദങ്ങള്‍, സുരക്ഷാ സഹകരണം തുടങ്ങിയവയിലൂടെ മേഖലയിലെ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ സജീവമായ തര്‍ക്കവിഷയമായി മാറിയിട്ടുണ്ട്.
2025ല്‍ ബ്രിക്സ് ഉച്ചകോടിക്കിടെ ബ്രിക്സ് രാജ്യങ്ങള്‍ക്കെതിരെ അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണി ഈ സംഘര്‍ഷത്തിന്റെ ഉദാഹരണമാണ്. അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന രാജ്യങ്ങള്‍ക്ക് അധികമായി പത്ത് ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
2026ല്‍ ബ്രസീലില്‍നിന്നുള്ള ചില ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നടപടിയും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തിലെ സംഘര്‍ഷം വ്യക്തമാക്കുന്നതായിരുന്നു. ഡിജിറ്റല്‍ വ്യാപാരം, വനനശീകരണം, ബ്രസീലിന്റെ ആഭ്യന്തര സാമ്പത്തിക നയങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ വാഷിങ്ടണ്‍ ഉയര്‍ത്തിയപ്പോള്‍, നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടാണ് ബ്രസീല്‍ സ്വീകരിച്ചത്.

ട്രംപിന്റെ നയങ്ങള്‍ക്കനുസരിച്ച് ലാറ്റിനമേരിക്കയെ കൂടുതല്‍ അടുപ്പിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ക്കുള്ള രാഷ്ട്രീയ തിരിച്ചടിയായി ലുലയുടെ വിജയത്തെ കാണാം. അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വഴങ്ങാതെ സ്വതന്ത്രമായ വിദേശനയം പിന്തുടരുന്ന ലുലയുടെ നിലപാടിനുള്ള ജനപിന്തുണ കൂടിയാണ് ഈ വിജയം.
ട്രംപിന്റെ നയങ്ങളോട് അടുത്തുനില്ക്കുന്ന ഫ്ലാവിയോ ബോള്‍സൊനാരോ അധികാരത്തിലെത്തിയിരുന്നെങ്കില്‍ ബ്രസീല്‍ അമേരിക്കയുമായി കൂടുതല്‍ അടുക്കാനും വാഷിങ്ടണിന്റെ താല്പര്യങ്ങള്ക്ക് അനുസൃതമായ നയങ്ങള്‍ പിന്തുടരാനുമുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ലുലയുടെ വിജയത്തോടെ ആ സാധ്യതയ്ക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്.
അമേരിക്കയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് ബ്രസീല്‍ ഒരുങ്ങുന്നതെന്ന് ഇതിന് അര്‍ത്ഥമില്ല. പക്ഷേ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ നയങ്ങള്‍ അമേരിക്കയുടെ താല്പര്യങ്ങള്ക്കനുസരിച്ച് മാത്രം തീരുമാനിക്കപ്പെടേണ്ടതല്ലെന്ന രാഷ്ട്രീയ സന്ദേശം ലുലയുടെ വിജയം മുന്നോട്ടുവെക്കുന്നു. സ്വന്തം താല്പര്യങ്ങള്ക്കും അന്താരാഷ്ട്ര സഹകരണത്തിനും മുന്‍ഗണന നല്കുന്ന സ്വതന്ത്ര വിദേശനയത്തിന് ബ്രസീല്‍ നല്കുന്ന പ്രാധാന്യവും ഇതിലൂടെ വ്യക്തമാകുന്നു.
‘ഈ രാജ്യം ആരുടെയും കളിപ്പാവയാകില്ല’ എന്ന ലുലയുടെ തെരഞ്ഞെടുപ്പ് വിജയപ്രസംഗത്തിലെ നിലപാട് ബ്രസീലിന്റെ പരമാധികാരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ സന്ദേശത്തിന്റെ ഭാഗമാണ്. അമേരിക്കയുമായി ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ ചൈന, ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായും സഹകരണം വര്‍ധിപ്പിക്കാനുള്ള ബ്രസീലിന്റെ ശ്രമങ്ങള്‍ക്ക് ഈ നിലപാട് തുടര്‍ച്ച നല്‍കും.
ബ്രിക്സ്, ചൈന, ബഹുധ്രുവ ലോകം: ലുലയുടെ വിദേശനയത്തിന്റെ പ്രാധാന്യം
ലുലയുടെ വിജയത്തിന്റെ മറ്റൊരു പ്രധാന വശം ബ്രിക്സിന്റെ ഭാവിയാണ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയുടെ കൂട്ടായ്മയായി രൂപംകൊണ്ട ബ്രിക്സ് ഇന്ന് ആഗോള ദക്ഷിണത്തിലെ രാജ്യങ്ങളുടെ സാമ്പത്തിക-നയതന്ത്ര സഹകരണത്തിനുള്ള പ്രധാന വേദികളിലൊന്നാണ്. പിന്നീട് കൂടുതല്‍ രാജ്യങ്ങള്‍ അംഗങ്ങളായി ചേര്‍ന്നതോടെ കൂട്ടായ്മയുടെ വ്യാപ്തിയും വര്‍ധിച്ചു.
അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിലെ അധികാരവിതരണം പരിഷ്കരിക്കുക, വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകള്‍ക്ക് ആഗോള തീരുമാനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുക, വ്യാപാര-സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ബ്രിക്സ് ഉയര്‍ത്തുന്നത്.
വ്യത്യസ്ത രാഷ്ട്രീയ സംവിധാനങ്ങളും ദേശീയ താല്പര്യങ്ങളുമുള്ള രാജ്യങ്ങളാണ് ബ്രിക്സിലുള്ളത്. അവയ്ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളുമുണ്ട്. എന്നിരുന്നാലും, ആഗോള ഭരണസംവിധാനത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള പരമ്പരാഗത മേല്‍ക്കോയ്മയെ ചോദ്യം ചെയ്യാനുള്ള വേദിയായി ബ്രിക്സ് പ്രവര്‍ത്തിക്കുന്നു.
Brics Summit 2026- Leaders of Member States. Photo: BRICS
ബഹുധ്രുവ ലോകക്രമം എന്ന ആശയത്തിനാണ് ലുല പ്രാധാന്യം നല്‍കുന്നത്. ഒരു രാജ്യത്തിനോ ചെറിയൊരു കൂട്ടം രാജ്യങ്ങള്‍ക്കോ ആഗോള തീരുമാനങ്ങളില്‍ അമിതാധികാരം ഉണ്ടാകുന്നതിനുപകരം, വിവിധ ശക്തികേന്ദ്രങ്ങള്‍ക്ക് സ്വാധീനമുള്ള അന്താരാഷ്ട്ര സംവിധാനമാണ് ഇതിന്റെ ലക്ഷ്യം. 2025ല്‍ റഷ്യയും ചൈനയും സന്ദര്‍ശിച്ചപ്പോഴും ബ്രിക്സിനെ ശക്തിപ്പെടുത്തുന്നതിനും ബഹുരാഷ്ട്ര സഹകരണത്തിനും പുതിയ ആഗോള ഭരണക്രമത്തിനും ലുല ഊന്നല്‍ നല്‍കിയിരുന്നു.
ചൈനയുമായുള്ള ബന്ധവും ഇതില്‍ നിര്‍ണായകമാണ്. ബ്രസീലിന്റെ പ്രധാന വ്യാപാര പങ്കാളികളിലൊന്നായ ചൈനയുമായി കൃഷി, ഖനനം, ഊര്‍ജം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ ബ്രസീലിന് വലിയ സാമ്പത്തിക താത്പര്യങ്ങളുണ്ട്.
ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരവും സാമ്പത്തിക ഇടപാടുകളും കൂടുതല്‍ ശക്തിപ്പെടുത്തുന്നത് അമേരിക്കയുടെ തീരുവകള്‍ സൃഷ്ടിക്കുന്ന ആഘാതം കുറയ്ക്കാന്‍ സഹായിക്കുമെന്ന നിലപാട് ലുല നേരത്തേ സ്വീകരിച്ചിരുന്നു. ലുലയുടെ നാലാം ഭരണകാലത്ത് ഈ നയത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കാം.
ആമസോണ്‍ മുതല്‍ കാലാവസ്ഥാ രാഷ്ട്രീയം വരെ
ലുലയുടെ വിജയത്തിന് ആഗോളതലത്തില്‍ ശ്രദ്ധ ലഭിക്കുന്ന മറ്റൊരു കാരണം പരിസ്ഥിതി നയങ്ങളാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജൈവവൈവിധ്യ മേഖലകളിലൊന്നായ ആമസോണ്‍ മഴക്കാടുകളുടെ വലിയൊരു ഭാഗം ബ്രസീലിലാണ്. വനനശീകരണം, കാട്ടുതീ, ഖനനം, കൃഷിക്കായി ഭൂമി വ്യാപകമായി ഉപയോഗിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ബ്രസീലിന്റെ ആഭ്യന്തര രാഷ്ട്രീയത്തെ മാത്രമല്ല, ആഗോള കാലാവസ്ഥാ ചര്‍ച്ചകളെയും ബാധിക്കുന്നു.
ജെയര്‍ ബോള്‍സൊനാരോയുടെ ഭരണകാലത്ത് ആമസോണിലെ വനനശീകരണവും കാട്ടുതീയും സംബന്ധിച്ച ആശങ്കകള്‍ അന്താരാഷ്ട്ര തലത്തില്‍ ശക്തമായിരുന്നു. പരിസ്ഥിതി സംരക്ഷണ നിയന്ത്രണങ്ങള്‍ ദുര്‍ബലമാക്കുന്നത് വനനശീകരണത്തിന് കൂടുതല്‍ അവസരം നല്‍കുമെന്നായിരുന്നു പരിസ്ഥിതി സംഘടനകളുടെ മുന്നറിയിപ്പ്.
ലുലയുടെ വിജയത്തെ പരിസ്ഥിതി സംരക്ഷണത്തിന് അനുകൂലമായ രാഷ്ട്രീയ സൂചനയായി കാണുന്നതിന്റെ പശ്ചാത്തലം ഇതാണ്. വനസംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെ നേരിടല്‍, സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങളില്‍ ബ്രസീല്‍ കൂടുതല്‍ സജീവമായ പങ്കുവഹിക്കുമെന്ന പ്രതീക്ഷയുണ്ട്.
എന്നാല്‍ പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക വികസനവും തമ്മിലുള്ള സംഘര്‍ഷം ലുലയ്ക്കും വെല്ലുവിളിയാകും. ബ്രസീലിന്റെ കൃഷി, ഖനനം, ഊര്‍ജം തുടങ്ങിയ മേഖലകള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില് പ്രധാന പങ്കുവഹിക്കുന്നു. ഈ മേഖലകളുടെ താത്പര്യങ്ങള്‍ പരിഗണിക്കുമ്പോഴും വനസംരക്ഷണ നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ട്.
സോഷ്യല്‍ മീഡിയയിലെ പോരാട്ടം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പുതിയ പാഠങ്ങള്‍
ലുലയുടെ തിരിച്ചുവരവില്നിന്ന് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സാമൂഹിക മാധ്യമങ്ങള്‍ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന രീതിയാണ്. പരമ്പരാഗത മാധ്യമങ്ങള്‍ക്കും ടെലിവിഷന്‍ സംവാദങ്ങള്‍ക്കും അപ്പുറം, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് രാഷ്ട്രീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിലും വോട്ടര്‍മാരുടെ നിലപാടുകള്‍ രൂപപ്പെടുത്തുന്നതിലും നിര്‍ണായക പങ്കുവഹിക്കുന്ന കാലമാണിത്.
ബ്രസീലില്‍ ഈ മാറ്റം പ്രത്യേകിച്ചും പ്രസക്തമാണ്. ജെയര്‍ ബോള്‍സൊനാരോയുടെ കാലം മുതല്‍ സാമൂഹിക മാധ്യമങ്ങള്‍ രാജ്യത്തെ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ പ്രധാന വേദികളിലൊന്നായിരുന്നു. വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലൂടെ രാഷ്ട്രീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും പരമ്പരാഗത മാധ്യമങ്ങളെ മറികടന്ന് അനുയായികളുമായി നേരിട്ട് ബന്ധപ്പെടുന്നതും ബോള്‍സൊനാരോ അനുകൂല രാഷ്ട്രീയത്തിന്റെ സവിശേഷതകളായിരുന്നു.

ലുലയുടെ ക്യാമ്പയിനും ഈ യാഥാര്‍ഥ്യത്തെ അവഗണിച്ചില്ല. ആദ്യഘട്ടത്തിലെ തിരിച്ചടിക്കുശേഷം പ്രചാരണം കൂടുതല്‍ സജീവമാക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പിന്തുണക്കാര്‍ക്ക് ഊര്‍ജം പകരുകയും വോട്ടര്‍മാരുമായി നേരിട്ട് സംവദിക്കുകയും ചെയ്തു. ഡിജിറ്റല്‍ പ്രചാരണത്തോടൊപ്പം തെരുവുകളിലെ റാലികളും നേരിട്ടുള്ള ജനസമ്പര്‍ക്കവും ചേര്‍ന്നതായിരുന്നു ഈ തന്ത്രം.
ഇവിടെ ശ്രദ്ധിക്കേണ്ടത് സോഷ്യല്‍ മീഡിയയില്‍ സാന്നിധ്യമുണ്ടാക്കുക എന്നതുമാത്രമല്ല, അതിനെ യഥാര്‍ഥ രാഷ്ട്രീയ പങ്കാളിത്തമാക്കി മാറ്റുക എന്നതുകൂടിയാണ്. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വോട്ടര്‍മാരെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുന്നതും കുടുംബങ്ങള്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതും നിര്‍ണായകമാകുന്നു.
എന്നാല്‍ ഈ വിജയത്തെ സാമൂഹിക മാധ്യമങ്ങള്‍ മാത്രം സൃഷ്ടിച്ചതായി വിലയിരുത്താനാവില്ല. ജനകീയ റാലികള്‍, പാര്‍ട്ടി സംഘടനാ സംവിധാനം, സഖ്യകക്ഷികളുടെ പിന്തുണ, വോട്ടര്‍മാരുടെ പ്രാദേശികവും സാമ്പത്തികവുമായ താല്പര്യങ്ങള് തുടങ്ങിയവയും ഫലത്തെ സ്വാധീനിച്ചു.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും ഈ തെരഞ്ഞെടുപ്പ് ഉയര്‍ത്തുന്ന ചോദ്യം പ്രസക്തമാണ്. ഡിജിറ്റല്‍ പ്രചാരണത്തിന്റെ ശക്തിയെ എങ്ങനെ ജനാധിപത്യപരമായ രാഷ്ട്രീയ പങ്കാളിത്തമാക്കി മാറ്റാം? തെറ്റായ വിവരങ്ങളും വിദ്വേഷപ്രചാരണവും രാഷ്ട്രീയ ധ്രുവീകരണവും ശക്തമാകുന്ന സാഹചര്യത്തില്‍ വസ്തുതാധിഷ്ഠിതമായ പൊതുചര്‍ച്ചകള്‍ക്ക് എങ്ങനെ ഇടമൊരുക്കാം?
ഒരു തെരഞ്ഞെടുപ്പിലെ വിജയതന്ത്രം അതേപടി മറ്റൊരു രാജ്യത്ത് പ്രയോഗിക്കാനാവില്ല. ഓരോ രാജ്യത്തിന്റെയും സാമൂഹിക സാഹചര്യങ്ങളും രാഷ്ട്രീയ സംവിധാനങ്ങളും വ്യത്യസ്തമാണ്. എന്നിരുന്നാലും, ഡിജിറ്റല്‍ പ്രചാരണത്തെ ജനങ്ങളുമായുള്ള നേരിട്ടുള്ള ബന്ധത്തിന്റെ ഭാഗമായി ഉപയോഗിക്കാനും സംഘടനാപരമായ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കാനുമുള്ള ലുലയുടെ ക്യാമ്പയിന് ശ്രമം ശ്രദ്ധേയമാണ്.
വലതുപക്ഷത്തിന്റെ വളര്‍ച്ചയ്ക്കിടയിലെ ഇടതുപക്ഷ വിജയം
ലുലയുടെ വിജയത്തെ ലാറ്റിനമേരിക്കയിലെ വിശാലമായ രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലും പരിശോധിക്കേണ്ടതുണ്ട്. സാമ്പത്തിക അനിശ്ചിതത്വം, വിലക്കയറ്റം, കുറ്റകൃത്യങ്ങള്‍, കുടിയേറ്റം, ഭരണകൂടങ്ങളോടുള്ള അവിശ്വാസം തുടങ്ങിയ വിഷയങ്ങള്‍ പല രാജ്യങ്ങളിലും ഭരണകക്ഷികള്‍ക്കെതിരായ ജനവികാരത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ഈ അതൃപ്തി വലതുപക്ഷത്തിനും തീവ്രവലതുപക്ഷത്തിനും പിന്തുണ വര്‍ധിപ്പിച്ചു.
ബ്രസീലില്‍ ബോള്‍സൊനാരോയുടെ രാഷ്ട്രീയ സ്വാധീനം നിലനില്ക്കുന്നതും ഇതിന്റെ ഭാഗമാണ്. നിലവിലെ ഭരണത്തോടുള്ള അതൃപ്തിയെ രാഷ്ട്രീയമായി ഉപയോഗിക്കാനും സുരക്ഷ, ദേശീയത, പരമ്പരാഗത മൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലൂടെ പിന്തുണ ഉറപ്പിക്കാനും ബോള്‍സൊനാരോ പക്ഷത്തിന് സാധിച്ചു.

ഇത്തരം സാഹചര്യത്തിലാണ് ലുലയുടെ വിജയം ഇടതുപക്ഷത്തിന് ആശ്വാസവും ആത്മവിശ്വാസവും നല്‍കുന്നത്. എന്നാല്‍ വലതുപക്ഷത്തിന്റെ വളര്‍ച്ച തടയാന്‍ ഒരു തെരഞ്ഞെടുപ്പ് വിജയം മാത്രം മതിയാകില്ല. തൊഴിലവസരങ്ങള്‍, ജീവിതച്ചെലവ്, സാമൂഹിക സുരക്ഷ, പൊതുസേവനങ്ങളുടെ ഗുണമേന്മ തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന മാറ്റങ്ങളാണ് ദീര്‍ഘകാല പിന്തുണയുടെ അടിസ്ഥാനം.
ലുലയുടെ രാഷ്ട്രീയ ജീവിതത്തില്‍ ക്ഷേമപദ്ധതികള്‍ക്കും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും വലിയ പ്രാധാന്യമുണ്ട്. ആദ്യ രണ്ട് ഭരണകാലങ്ങളില്‍ ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍നിന്ന് ഉയര്‍ത്താന്‍ സഹായിച്ച സാമൂഹിക പദ്ധതികള്‍ അദ്ദേഹത്തിന്റെ ജനപ്രീതിയുടെ പ്രധാന ഘടകങ്ങളിലൊന്നായിരുന്നു. 2022ലെ തിരിച്ചുവരവിലും അത് നിര്‍ണായകമായി.
പട്ടിണിക്കെതിരായ പോരാട്ടം; ക്ഷേമപദ്ധതികളിലൂടെ ബ്രസീലിനെ മാറ്റിയ ലുല ഡ സില്‍വ
‘റഷ്യയോടല്ല, എന്റെ രാജ്യത്തെ പട്ടിണിയോടാണ് എന്റെ യുദ്ധം’ യുക്രൈനിലേക്ക് ആയുധങ്ങള്‍ അയച്ചുനല്‍കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ആവശ്യത്തോട് ലുല ഡ സില്‍വ നടത്തിയ ഈ പ്രതികരണം വലിയ ചര്‍ച്ചയായിരുന്നു. രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന രാഷ്ട്രീയ നിലപാടിനൊപ്പം, ദാരിദ്ര്യവും പട്ടിണിയും കുറയ്ക്കുന്നതിനുള്ള നടപടികള്‍ക്കും ലുലയുടെ ഭരണകൂടം ഊന്നല്‍ നല്കി.
ബ്രസീലിലെ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ബോള്‍സ ഫാമിലിയ. ദരിദ്ര കുടുംബങ്ങള്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം നല്കുന്ന ഈ പദ്ധതി പരിഷ്കരിക്കുകയും കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്ക് സഹായത്തുക ലഭിക്കുന്നതിന് പ്രാധാന്യം നല്‍കുകയും ചെയ്തു. 18 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായം ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കിയത്. ഇതിനു പുറമെ ക്ഷേമപദ്ധതികളും വിപുലീകരിച്ചു.

തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികളും ചര്‍ച്ചയില്‍ ഇടംപിടിച്ചു. ആഴ്ചയില്‍ ആറു ദിവസം ജോലി ചെയ്യുന്ന രീതിക്ക് പകരം അഞ്ചു ദിവസം ജോലിയും രണ്ടു ദിവസം അവധിയും എന്ന ക്രമത്തിലേക്ക് മാറി. 5,000 ഡോളര്‍ വരെ ശമ്പളം ലഭിക്കുന്ന തൊഴിലാളികളെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കി.
ഈ സാമൂഹിക ഇടപെടലുകളുടെ ഫലമായി 2024-ല്‍ ബ്രസീലിലെ ദാരിദ്ര്യനിരക്ക് 23.1 ശതമാനമായി കുറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടനയായ എഫ്.എ.ഒയുടെ (FAO) ‘വിശപ്പിന്റെ ഭൂപട’ത്തില്‍നിന്ന് ബ്രസീല്‍ ഔദ്യോഗികമായി പുറത്തുകടന്നു.
2022-നും 2025-നും ഇടയില്‍ ബ്രസീലിയന്‍ സമ്പദ്വ്യവസ്ഥയില് മൊത്തം 9.2 ശതമാനം വളര്‍ച്ചയുണ്ടായി. 2022-ലെ രണ്ടാം പാദത്തില്‍ 9.3 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2026-ലെ രണ്ടാം പാദത്തില്‍ 5.4 ശതമാനമായി കുറഞ്ഞു. ഏകദേശം 42 ശതമാനത്തിന്റെ കുറവാണിത്.
ബ്രസീലില്‍നിന്നുള്ള രാഷ്ട്രീയ സന്ദേശം
ലുലയുടെ വിജയം ഒരു നേതാവിന്റെ തിരിച്ചുവരവ് മാത്രമല്ല. ലാറ്റിനമേരിക്കയെ അമേരിക്കയുടെ രാഷ്ട്രീയ-സാമ്പത്തിക താത്പര്യങ്ങള്‍ക്കനുസരിച്ച് നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍, സ്വന്തം രാജ്യത്തിന്റെ പരമാധികാരവും സ്വതന്ത്ര വിദേശനയവും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിനുള്ള അവസരം കൂടിയാണിത്.
ട്രംപിന്റെ പിന്തുണയുള്ള തീവ്രവലതുപക്ഷത്തെ തോല്‍പ്പിച്ച് ലുല നേടിയ വിജയം, വലതുപക്ഷത്തെ ജനകീയ രാഷ്ട്രീയത്തിലൂടെ ചെറുക്കാനാകുമെന്ന സന്ദേശമാണ് നല്‍കുന്നത്. ഈ വിജയത്തിന്റെ പ്രാധാന്യം തെരഞ്ഞെടുപ്പ് ഫലത്തില്‍ മാത്രം ഒതുങ്ങുന്നില്ല. വലതുപക്ഷം പണവും അധികാരവും ഉപയോഗിച്ച് സോഷ്യല്‍ മീഡിയയിലെ സ്വാധീനം വര്‍ധിപ്പിക്കുകയും പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയും ചെയ്യുന്ന കാലത്ത്, അതിനെ നേരിടാന്‍ സംഘടിതമായ ജനകീയ പ്രചാരണത്തിന് കഴിയുമെന്നതും ബ്രസീല്‍ കാണിച്ചുതരുന്നു.
ആദ്യഘട്ടത്തിലെ തിരിച്ചടിക്കുശേഷം വോട്ടര്‍മാരെ വീണ്ടും സജീവമാക്കാനും വ്യത്യസ്ത രാഷ്ട്രീയ വിഭാഗങ്ങളെ ഒരുമിപ്പിക്കാനും തൊഴിലാളികളെയും സാധാരണക്കാരെയും പ്രചാരണത്തിന്റെ ഭാഗമാക്കാനും ലുലയുടെ ക്യാമ്പയിന് സാധിച്ചു. ബോള്‍സൊനാരോ ഭരണത്തിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണവും ജനങ്ങളുടെ ജീവിതപ്രശ്നങ്ങളെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയവും ഈ പോരാട്ടത്തില്‍ പ്രധാനമായി.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഇടതുപക്ഷത്തിനും ജനാധിപത്യ ശക്തികള്‍ക്കും ഇതില്‍നിന്ന് പാഠങ്ങളുണ്ട്. തീവ്രവലതുപക്ഷത്തെ എതിര്‍ക്കുക എന്നത് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. വിശാലമായ രാഷ്ട്രീയ സഖ്യങ്ങള്‍ കെട്ടിപ്പടുക്കുക, ജനങ്ങളുമായി നിരന്തരമായി സംവദിക്കുക, തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങള്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലെത്തിക്കുക, ഡിജിറ്റല്‍ വേദികളിലെ തെറ്റായ വിവരങ്ങളെയും സംഘടിത പ്രചാരണങ്ങളെയും ഫലപ്രദമായി നേരിടുക ഇവയെല്ലാം അതിന്റെ ഭാഗമാണ്. സോഷ്യല്‍ മീഡിയയില്‍ വലതുപക്ഷത്തിന് മേല്‍ക്കൈയുണ്ടെന്നത് ജനപിന്തുണയിലും അതേ മേല്ക്കൈയുണ്ടെന്നതിന് തെളിവല്ലെന്നും ബ്രസീലിലെ അനുഭവം ഓര്‍മിപ്പിക്കുന്നു.
അമേരിക്കയുമായുള്ള ബന്ധം, ബ്രിക്സിന്റെ ഭാവി, ആമസോണ്‍ വനങ്ങളുടെ സംരക്ഷണം, തൊഴിലാളികളുടെ അവകാശങ്ങള്‍, രാജ്യത്തെ സാമ്പത്തിക അസമത്വം എന്നിവയെല്ലാം ലുലയുടെ ഭരണത്തിന് മുന്നിലുള്ള നിര്‍ണായക പരീക്ഷണങ്ങളാണ്. അമേരിക്കയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ ബ്രസീലിന്റെ സ്വതന്ത്ര വിദേശനയം നിലനിര്‍ത്താനും സാമ്പത്തിക വളര്‍ച്ചയുടെ നേട്ടങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാനും അദ്ദേഹത്തിന് കഴിയുമോ എന്നതാണ് ഇനി പ്രധാനം. തെരഞ്ഞെടുപ്പിലെ വിജയം മാറ്റത്തിനുള്ള അവസരമാണ്. ആ മാറ്റം യാഥാര്‍ഥ്യമാക്കുക എന്നത് അതിലും വലിയ രാഷ്ട്രീയ പോരാട്ടവും.
Content Highlight: Lula wins historic fourth term as Brazilian president The Indian Left Has Much to Learn from Lula




