26
October, 2026

A News 365Times Venture

26
Monday
October, 2026

A News 365Times Venture

ഇത്രയും കാലം നിങ്ങള്‍ക്ക് വേണ്ടി പണിയെടുത്ത തൊഴിലാളികളോട് ഇങ്ങനെ ചെയ്യരുത്: മാധ്യമം ജീവനക്കാരുടെ സമരം പരിഹരിക്കണം: സാംസ്‌കാരിക പ്രവര്‍ത്തകര്‍

Date:

 

കോഴിക്കോട്: മാധ്യമം ദിനപത്രത്തിലെ ജീവനക്കാര്‍ക്ക് എട്ടു മാസത്തിലേറെയായി കുടിശികയുള്ള ശമ്പളം നല്‍കാനും പ്രശ്‌നം പരിഹരിക്കാനും മാനേജ്‌മെന്റ് സന്നദ്ധമാകണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന.

കെ. സച്ചിദാനന്ദന്‍, കെ.ജി.എസ്, സാറാ ജോസഫ്, വി.കെ ശ്രീരാമന്‍, പി.എന്‍ ഗോപീകൃഷ്ണന്‍, അന്‍വര്‍ അലി, സുനില്‍ പി. ഇളയിടം, റഫീഖ് അഹമ്മദ്, ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ടി.ഡി. രാമകൃഷ്ണന്‍, സി.എസ് ചന്ദ്രിക, വീരാന്‍കുട്ടി, ഡോ. എം.വി നാരായണന്‍, ജെ. ദേവിക, ടി.ടി. ശ്രീകുമാര്‍, മാലാ പാര്‍വതി, ആഷിക് അബു, സി.ആര്‍ നീലകണ്ഠന്‍, ജമാല്‍ കൊച്ചങ്ങാടി, കെ. അജിത, പി.എഫ് മാത്യൂസ് തുടങ്ങി 70ലേറെ സാമൂഹിക സാംസ്‌കാരിക കലാ പ്രവര്‍ത്തകരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്.

‘ഇത്രയും കാലം മാധ്യമത്തിന് വേണ്ടി ജോലി ചെയ്ത ജീവനക്കാരാണിവരെന്നും നിശബ്ദരാക്കപ്പെട്ടവര്‍ക്കും അരികിലേക്ക് അകറ്റി നിര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ മാധ്യമം അവരോട് ഇങ്ങനെ പെരുമാറുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ഇത്തരം നീതിനിഷേധങ്ങളുടെ കാലങ്ങള്‍ താണ്ടിയാണ് ഇന്ന് കാണുന്ന കേരളം പടുത്തുയര്‍ത്തിയതെന്നും അതില്‍ നിന്നുള്ള തിരിച്ചുപോക്ക് ഒട്ടും അഭിലഷണീയമല്ലെന്നും സംയുക്?ത പ്രസ്താവനയില്‍ പറയുന്നു.

സംയുക്ത പ്രസ്താവനയുടെ പൂര്‍ണരൂപം

കുറഞ്ഞ കാലം കൊണ്ട് ശക്തമായ സാമൂഹിക ഇടപെടലിലൂടെ മലയാളിയുടെ പൊതുമണ്ഡലത്തില്‍ ഇടംപിടിച്ച മാധ്യമം ദിനപത്രം നീതി നിഷേധങ്ങള്‍ക്കെതിരില്‍ ഏറ്റവും ഉച്ചത്തില്‍ ശബ്ദമുയര്‍ത്തിയ ദിനപത്രം കൂടിയാണ്.

നിശബ്ദരാക്കപ്പെട്ടവര്‍ക്കും അരികിലേക്ക് അകറ്റി നിര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി മാധ്യമം ഉയര്‍ത്തിയ ശബ്ദത്തിനൊപ്പം കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ വാക്കുകൊണ്ടും അക്ഷരങ്ങള്‍ കൊണ്ടും ചേര്‍ന്നു നിന്നിട്ടുണ്ട്. എന്നാല്‍, ആ പത്രത്തിലെ ജീവനക്കാര്‍ക്കു തന്നെ എട്ട് മാസത്തോളമുള്ള ശമ്പള കുടിശ്ശികക്കായി സ്ഥാപനത്തിനു മുന്നില്‍ പന്തല്‍ കെട്ടി സമരം ചെയ്യേണ്ടിവരുന്നത് എത്രയോ ദയനീയമായ കാഴ്ചയാണ്.

ചെയ്ത ജോലിയുടെ കൂലിക്കു വേണ്ടി വിലപിക്കേണ്ടിവരുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല. അത്തരം നീതിനിഷേധങ്ങളുടെ ദീര്‍ഘകാലം താണ്ടിയാണ് നാം ഇന്ന് കാണുന്ന കേരളം പടുത്തുയര്‍ത്തിയത്. അതില്‍ നിന്നുള്ള തിരിച്ചു പോക്ക് ഒട്ടും അഭിലഷണീയമല്ല. ഈ ജീവനക്കാര്‍ക്കും കുടുംബങ്ങളുണ്ട്.

അവര്‍ക്കും നിത്യ ചെലവുകള്‍ നടത്തേണ്ടതുണ്ട്. അവരുടെ മക്കള്‍ക്കും വിദ്യാഭ്യാസം ചെയ്യേണ്ടതുണ്ട്. ഈ കഴിഞ്ഞ ഓണക്കാലത്തു പോലും നാമമാത്രമായ തുകയാണ് ശമ്പളമായി അവര്‍ക്ക് കിട്ടിയത്.
നമ്മള്‍ പറയുന്ന വാക്കുകള്‍ സത്യമാകുന്നത് നമ്മള്‍ അത് പ്രവര്‍ത്തിക്കുമ്പോഴാണ്. അതുകൊണ്ട് മാധ്യമം ജീവനക്കാരുടെ ഈ സമരത്തെ മാനേജ്‌മെന്റ് മുഖവിലയ്‌ക്കെടുക്കണം. അവരുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം. ജോലി ചെയ്ത മാസങ്ങളിലെ ശമ്പളം തടഞ്ഞുവെച്ച് അവരെ നിര്‍ബന്ധമായി കരാര്‍വത്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ മാധ്യമം മുന്നോട്ടുവെച്ച കോര്‍പറേറ്റ് വിരുദ്ധ ആശയങ്ങള്‍ക്കു തന്നെ എതിരാണ്.

ഇത്രയും കാലം നിങ്ങള്‍ക്ക് വേണ്ടി പണിയെടുത്ത തൊഴിലാളികളാണ് നിങ്ങളുടെ സ്ഥാപനത്തിന് മുന്നില്‍ ഈ വിലാപവുമായി വന്നുനില്‍ക്കുന്നത്. അത് കണ്ടില്ലെന്നു നടിക്കുന്നത് അപരിഷ്‌കൃതമായ നടപടിയാണ്. എത്രയും വേഗം പ്രശ്‌നം പരിഹരിച്ചു മുന്നോട്ടുപോകണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

Content Highlight: Do not treat the workers who have toiled for you all this time in this manner; the strike by ‘Madhyamam’ employees must be resolved: Cultural figures.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related