27
October, 2026

A News 365Times Venture

27
Tuesday
October, 2026

A News 365Times Venture

എസ്.ഐ.ആര്‍ തീരുമാനങ്ങള്‍ ഐക്യകണ്ഠമായി: ഫോം6 ല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍

Date:

ന്യൂദല്‍ഹി: വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം സംബന്ധിച്ച എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായി എടുത്തതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ പ്രവര്‍ത്തനത്തെയും കമ്മീഷന്റെ ചില തീരുമാനങ്ങളുടെ നിയമസാധുതയെയും ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിട്ട് ഹരജിയ്ക്ക് മറുപടിയായി സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് മറുപടി.

മറ്റ് രണ്ട് കമ്മീഷണര്‍മാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് എസ്.ഐ.ആറുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഏകപക്ഷീയമായി എടുത്തെന്ന ആരോപണങ്ങള്‍ കമ്മീഷന്‍ നിഷേധിച്ചു.

രാകേഷ് കുമാര്‍ സിങ് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്‍, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവര്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടും എസ്.ഐ.ആര്‍ നടപടികളുമായി ബന്ധപ്പെട്ട പതിനാല് തീരുമാനങ്ങള്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എടുത്തതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹരജി സമര്‍പ്പിച്ചത്.

ഹരജി പൂര്‍ണമായും ഒരു പത്രവാര്‍ത്തയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും വാദങ്ങളുടെ ആധികാരികത ഉറപ്പാക്കാന്‍ സ്വതന്ത്രമായി അന്വേഷണങ്ങളൊന്നും ഹരജിക്കാരന്‍ നടത്തിയിട്ടില്ലെന്നും കമ്മീഷന്‍ വാദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏതെങ്കിലും ആന്തരിക ഫയലോ കുറിപ്പോ മാധ്യമങ്ങള്‍ക്ക് നല്‍കുകയോ പ്രസിദ്ധീകരിക്കാന്‍ അധികാരപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും (നിയമനം, സേവന വ്യവസ്ഥകള്‍, ഔദ്യോഗിക കാലാവധി) നിയമം, 2023 സെക്ഷന്‍ 18ലെ നിയമപരമായ ചട്ടക്കൂടിന് അനുസൃതമായാണ് തീരുമാനങ്ങള്‍ എടുത്തതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

1960ലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ നിയമ പ്രകാരം നിര്‍ദേശിച്ചിരിക്കുന്ന ഫോം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ കഴിയു എന്ന് വാദിച്ച് കമ്മീഷന്‍ എസ്.ഐ.ആര്‍ ഉത്തരവുകള്‍ വഴി ഫോം 6 ഭേദഗതി ചെയ്തുവെന്ന കാര്യം കമ്മീഷന്‍ നിഷേധിച്ചു.

ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനത്തില്‍ സത്യവാങ്മൂലം പ്രദര്‍ശിപ്പിച്ച രീതി ഫോം 6 ഭേദഗതി ചെയ്തുവെന്ന പ്രതീതി സൃഷ്ടിച്ചേക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമ്മതിച്ചു.

ഇത് പരിഹരിക്കുന്നതിനായി 2026 ഒക്ടോബര്‍ 21 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷാ നടപടിക്രമം രണ്ട് വ്യത്യസ്ത ഘടകങ്ങളായി വിഭജിക്കുമെന്ന് കമ്മിഷന്‍ അറിയിച്ചു. ഫോം 6ഉം എസ്.ഐ.ആര്‍ സത്യവാങ്മൂലവും വെവ്വേറെ നല്‍കുന്ന രീതിയിലായിരിക്കും ഇത്. നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കായി നിലവിലുള്ള നടപടിക്രമത്തിന് സമാനമായ രീതിയാണിത്.

മുന്‍കാല വോട്ടര്‍പട്ടികകളുമായി അപേക്ഷകരെ ബന്ധിപ്പിക്കുന്നതിനുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് സത്യവാങ്മൂലം കൊണ്ടുവന്നതെന്നും ഇത് നിയമപ്രകാരമുള്ള ഫോമിന്റെ ഭേദഗതിയല്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.

എസ്.ഐ.ആര്‍ നടപടികള്‍ സുഗമമാക്കുന്നതിനും കൂടുതല്‍ പേരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുമായി സ്വീകരിച്ച നടപടികളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരിച്ചു. അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമേ ഹിയറിങ് ആവശ്യമായി വരൂ എന്നും അത്തരം ഹിയറിങ്ങുകള്‍ കഴിയുന്നതും ഓണ്‍ലൈനായി നടത്തണമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

ഇ.സി.ഐ നെറ്റ് പ്ലാറ്റ്‌ഫോമിലൂടെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനോ നീക്കംചെയ്യാനോ അധികാരപ്പെട്ട വോട്ടര്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിക്കാതെ സാധിക്കില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.

പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനും ബന്ധപ്പെട്ട നിയമപരമായ ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി ഐ.ഐ.ടി മദ്രാസിലെയും ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെയും (IISc) വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതി രൂപീകരിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ ആ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി നിലനില്‍ക്കില്ലെന്നാണ് കമ്മീഷന്റെ വാദം.

ഭരണഘടനയുടെ അനുച്ഛേദം 324(5) ചൂണ്ടിക്കാട്ടിയ കമ്മീഷന്‍, സുപ്രീംകോടതി ജഡ്ജിയെ നീക്കംചെയ്യാന്‍ ബാധകമായ അതേ നടപടിക്രമവും അതേ കാരണങ്ങളും അനുസരിച്ചുമാത്രമേ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കംചെയ്യാനാകൂവെന്ന് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നാളെ കേസ് പരിഗണിക്കും.

Content Highlight: All SIR Decisions Unanimously Taken; Form 6 Not Amended : ECI Tells Supreme Court

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related